'മോഹൻലാലിനുള്ള ആ ക്വാളിറ്റി തിലകൻ ചേട്ടന് പോലും ഇല്ല, ഒരിക്കൽ പോലും ലാൽ പ്രിപ്പറേഷൻ നടത്തി കണ്ടിട്ടില്ല'; വേണു
കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ, ലോഹിതദാസ്, മോഹൻലാൽ കൂട്ടുക്കെട്ടിൽ ദശരഥം പിറക്കുന്നത്.
ദശരഥം സിനിമ പിറന്നിട്ട് മുപ്പത്തിനാല് വർഷങ്ങൾ കഴിഞ്ഞു. തികഞ്ഞ നിഷേധിയായ സ്ത്രീകളെ വെറുക്കുന്ന മുഴുക്കുട്ടിയനായ അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
സിനിമയുടെ ക്ലൈമാക്സിൽ ഉള്ളിന്റെയുള്ളിൽ ഒറ്റപ്പെടലിന്റെ വേദനയും ചെറുപ്പം മുതൽ അനുഭവിക്കുന്ന അനാഥത്വവും എല്ലാമായി ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ..? എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ പ്രേക്ഷകരുടെയും ഉള്ളൊന്ന് പിടയും. ഇന്ന് ഒട്ടുമിക്ക സിനിമാപ്രേമികളുടെയും ഫേവറേറ്റ് സിനിമകളിൽ ഒന്നാണ് ദശരഥം.

ഇപ്പോഴിതാ സിനിമയുടെ ക്യാമറമാനായ വേണു ദശരഥത്തിലെ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരിക്കൽ പോലും ഷൂട്ടിന് മുമ്പ് മോഹൻലാൽ പ്രിപ്പറേഷൻ നടത്തി കണ്ടിട്ടില്ലെന്നാണ് വേണു പറയുന്നത്. ട്രൂകോപ്പി തിങ്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണു മോഹൻലാലിന്റെ അഭിനയപാടവത്തെ കുറിച്ച് സംസാരിച്ചത്.
'ദശരഥത്തിൽ അസാധ്യപ്രകടനമാണ് ലാലിന്റേത്. ഒരിക്കൽ പോലും ഷൂട്ടിന് മുമ്പ് മോഹൻലാൽ പ്രിപ്പറേഷൻ നടത്തി കണ്ടിട്ടില്ല. നാളെത്തെ ഷൂട്ടിനെ കുറിച്ച് തലേന്ന് ഞങ്ങൾ സംസാരിക്കാറുമില്ല. ചില സീനുകളിൽ ലാൽ എന്തോ ഓർക്കുന്നതായി തോന്നും.'
'പറയാൻ വന്നിട്ട് മറന്നുപോയത് പോലെ കാണിക്കും. ആദ്യമൊക്കെ ഞാൻ കരുതി ലാൽ മറന്നുപോയതാണെന്ന് പിന്നെയാണ് മനപൂർവം ചെയ്യുന്നതാണെന്ന് മനസിലായത്. ഇപ്പോഴത്തെ ലാലിന്റെ വളരെ കുറച്ച് സിനിമകളെ ഞാൻ കണ്ടിട്ടുള്ളു. പഴയ ലാലിന്റെ ഒരുപാട് സിനിമകൾ ഞാൻ കാണുകയും ഷൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴയ ലാൽ സിനിമകളാണ് ഇഷ്ടം. ഇന്നും ലാലിന്റെ പോപ്പുലാരിറ്റി ഒട്ടും കുറഞ്ഞിട്ടില്ലല്ലോ.'
'പണ്ട് സെറ്റുകളിൽ സമൂഹിക ജീവിതം കൂടുതലായിരുന്നു. അന്ന് കാരവാൻ ഇല്ലല്ലോ. എല്ലാവരും ഒരുമിച്ചാണ് ഇരിക്കുന്നത്. ഒരുപാട് തമാശകളൊക്കെ എല്ലാവരും ഒരുമിച്ച് ഇരുന്ന് പറയുമായിരുന്നു. സിബി മലയിൽ നിരവധി സിനിമകൾ ലാലിനെ വെച്ച് ചെയ്തിട്ടുണ്ട്.'

'എനിക്ക് ഭയങ്കര ഇഷ്ടമാണ് ലാലിന്റെ പെർഫോമൻസ്. ലാലിന് കൺസിസ്റ്റൻസി വളരെ നാച്വറലാണ്. ലാലിന് ഒരു സിനിമയിൽ അഭിനയിച്ച് തുടങ്ങിയാൽ ആദ്യം മുതൽ അവസാനം വരെ ഓരേ രീതിയിൽ കൺസിസ്റ്റൻസിയോടെ അഭിനയിക്കാൻ അറിയാം. അതിൽ തെറ്റ് വരില്ല. അതൊരു അസാമാന്യ സിദ്ധിയാണ്. എല്ലാവർക്കും അത് ഇല്ല. തിലകൻ ചേട്ടന് പോലും ആ ക്വാളിറ്റിയില്ല.'
'കൺസിസ്റ്റൻസി ഒരു എഫേർട്ടും ഇല്ലാതെ ഫോളോ ചെയ്യാൻ പറ്റുകയെന്നാൽ അത് വലിയൊരു കാര്യമാണെന്നും', മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കവെ വേണു പറഞ്ഞു. അന്നും ഇന്നും മലയാളികൾ മോഹൻലാൽ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലും പിറന്ന ക്ലാസിക്കുകളെയാണ് കൂടുതൽ ഉൾപ്പെടുത്താറുള്ളത്.
അതുകൊണ്ട് തന്നെയാണ് മോശം തിരക്കഥയിൽ മോഹൻലാൽ അഭിനയിച്ച് കാണുമ്പോൾ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തതും. പഴയ ലാൽ അല്ല പഴയ ലാൽ സിനിമകൾ നന്നായിരുന്നു. അപ്പോൾ ലാലും നന്നായിരുന്നു. ഇപ്പോഴും അഭിനയത്തിന്റെ അനായാസതക്ക് മാറ്റം ഒന്നും ഇല്ല. ഇപ്പോൾ അതുപോലെ ഉള്ള സ്ക്രിപ്റ്റ് അദ്ദേഹത്തിന് കിട്ടുന്നില്ല. ഒന്നുകിൽ എഴുതുന്നവർ സിനിമ പിടിക്കുന്നവർ ഒക്കെ ശ്രമിക്കണം.
അല്ലെങ്കിൽ പുള്ളി സ്വയം കണ്ട് പിടിക്കണം. ഇത് ഒന്നും നടക്കുന്നില്ല. അതുകൊണ്ട് നഷ്ടം പ്രേക്ഷകർക്കാണ്. മോഹൻലാൽ എന്ന അഭിനയ സാഗരത്തെ ആസ്വദിക്കാൻ സിനിമാപ്രേമികൾക്ക് പറ്റുന്നില്ലെന്നാണ് വേണുവിന്റെ വാക്കുകൾ വൈറലായപ്പോൾ ആരാധകർ കുറിക്കുന്നത്.


Click it and Unblock the Notifications