'വിവാഹത്തിന് മുമ്പ് ഗർഭിണിയായി, ചോദിച്ചപ്പോൾ എന്നെയും മോളെയും ഉപേക്ഷിച്ച് പോയി'; ജിനു ഗോപിക്കെതിരെ ഭാര്യ!
ഒരു കാലത്ത് വളരെ ഏറെ പോപ്പുലറായിരുന്ന റിയാലിറ്റി ഷോയായിരുന്നു കോമഡി സ്റ്റാർസ്. ഒട്ടനവധി കലാകാരന്മാർക്ക് മിനിസ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കുമുള്ള വഴി തുറന്ന് കൊടുത്തതും കോമഡി സ്റ്റാർസായിരുന്നു. അത്തരത്തിൽ കോമഡി സ്റ്റാർസിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ജിനു ഗോപി. അടുത്തിടെയായി ജിനു ഗോപിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഭാര്യ തനൂജയിൽ നിന്നും ഉയരുന്നത്.
ജിനു ഗോപി തന്നെയും മകളെയും സംരക്ഷിക്കുന്നില്ലെന്നും മറ്റൊരു സ്ത്രീക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നതെന്നും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടെന്നുമാണ് തനൂജ വെളിപ്പെടുത്തിയത്. മകളെയും കൂട്ടി ജിനു ഗോപി കാണാൻ ചെന്നപ്പോൾ മകളുടെ പിതൃത്വം അംഗീകരിക്കാൻ തയ്യാറാവാതെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും തനൂജ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ജിനുവും തനൂജയും പ്രണയിച്ച് വിവാഹിതരായവരാണ്. ആറര മാസത്തിലാണ് തനിക്ക് കുഞ്ഞ് പിറന്നതെന്നും അതിന്റെതായ ചില പ്രശ്നങ്ങൾ തന്റെ മകൾക്കുണ്ടെന്നും ജിനു ഉപേക്ഷിച്ച് പോയശേഷം അനാഥമന്ദിരത്തിലായിരുന്നു കുറെനാൾ കഴിഞ്ഞിരുന്നതെന്നും തനൂജ പറഞ്ഞിരുന്നു. തനൂജയും കോമഡി സ്റ്റാർ ഫെയിമാണ്. കൂടാതെ ഡബ്ബിങും സ്റ്റേജ് പ്രോഗ്രാമുകളും വിവാഹത്തിന് മുമ്പ് ചെയ്തിരുന്നു.
തനിക്ക് ഭർത്താവായി വന്നില്ലെങ്കിലും മകൾക്ക് അവളുടെ അച്ഛൻ എന്ന രീതിയിൽ സംരക്ഷണം നൽകാൻ ജിനു ഗോപി തയ്യാറാകണമെന്നാണ് തനൂജയുടെ ആവശ്യം. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ തനൂജ വെളിപ്പെടുത്തിയത്.
മകളെ അംഗീകരിക്കണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയ ശേഷമെ സാധിക്കൂവെന്ന് ജിനു ഗോപി പറയുന്ന വീഡിയോ വൈറലായതോടെ താരത്തിന് എതിരെ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. മറ്റൊരു സ്ത്രീക്കും കുഞ്ഞിനുമൊപ്പമാണ് ജിനു ഗോപിയുടെ താമസം.
തന്റെ കുടുംബം പോലും ഇപ്പോൾ തങ്ങളെ സംരക്ഷിക്കുന്നില്ലെന്നും തനൂജ പറയുന്നു. 'ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ് ഷോയിൽ പങ്കെടുത്തപ്പോൾ മുതൽ എനിക്കും ജിനു ഗോപിക്കും സൗഹൃദമുണ്ടായിരുന്നു. അവിടെ വെച്ച് എനിക്ക് പുള്ളിയെ ഇഷ്ടമായി. ഞാനാണ് അങ്ങോട്ട് പോയി പ്രണയം പറഞ്ഞത്.'

'ആദ്യം പുള്ളി ഒഴിഞ്ഞ് മാറി. വീടില്ല, സ്ഥലമില്ല എന്നതൊക്കെയാണ് കാരണമായി പറഞ്ഞത്. പിന്നെയും ഞാൻ പുറകെ നടന്ന് ഇഷ്ടം പിടിച്ച് മേടിച്ചതാണ്. അദ്ദേഹത്തിന് തിരിച്ച് എന്നോട് സ്നേഹം തോന്നാതെ കുട്ടിയുണ്ടാവില്ലല്ലോ. ഞാൻ സംശയരോഗിയല്ല. അദ്ദേഹത്തിന്റെ ഫോണിൽ പല മെസേജുകളും കണ്ടപ്പോൾ ഒരു ഭാര്യ എന്ന രീതിയിൽ ചോദ്യം ചെയ്തു.'
'എന്റെ സംശയം ശരിയായിരുന്നുവെന്ന് അദ്ദേഹം ഇപ്പോൾ തെളിയിച്ച് തന്നു. മെസേജുകൾ കണ്ട് ചോദ്യം ചെയ്തശേഷമാണ് അദ്ദേഹം എന്നെയും മകളെയും ഉപേക്ഷിച്ച് പോയത്. ഞങ്ങൾ താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നു. വാടക കൊടുക്കാനുള്ള പണം ഇല്ലാത്തതിനാൽ ഞാനും മോളം അനാഥ മന്ദിരത്തിലേക്ക് മാറി. പിന്നെ അവിടെയായിരുന്നു കുറെനാൾ.'
'ഞങ്ങളെ അന്വേഷിച്ച് ജിനു വരുമെന്ന് കരുതി. പക്ഷെ വന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ തറവാട് വീട്ടിലേക്ക് ചെന്നപ്പോൾ തർക്കമുണ്ടാവുകയും ജിനു ഉപദ്രവിക്കുകയും ചെയ്തു. കാലിൽ ചവിട്ടി ഞരമ്പ് വരെ ചതച്ചു. അഭിനയവും ഡബ്ബിങും ചെയ്യില്ലെന്ന് ഞാൻ വാക്ക് കൊടുത്തശേഷമാണ് എന്നെ ജിനു വിവാഹം കഴിച്ചത്. കുഞ്ഞ് തന്റേതല്ലെന്ന് ജിനു പറഞ്ഞശേഷം എന്റെ മോൾക്ക് ഒരു ട്രോമയാണ്. അച്ഛൻ ഒപ്പമില്ലാത്തത് അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.'
'എന്റെ മോൾക്ക് അവളുടെ അപ്പനെ കൊടുക്കണം എന്നത് മാത്രമെ എനിക്കുള്ളൂ. വിവാഹത്തിന് മുമ്പാണ് ഞാൻ ഗർഭിണിയായത്. ആറര മാസത്തിലാണ് പ്രസവിച്ചത്. ഹൈ ബിപിയായിരുന്നു. മോൾക്ക് ഇപ്പോഴും ഭയങ്കര സങ്കടമാണ്. ഡിഎൻഎ ടെസ്റ്റിന്റെ കാര്യം ജിനു എന്തിനാണ് പറഞ്ഞതെന്ന് മകൾ ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും', തനൂജ പറയുന്നു.


Click it and Unblock the Notifications