'ആ വലിയ സമ്മാനം തന്നതിന് അവളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും'; ഭാര്യയെ കുറിച്ച് ഷാൻ റഹ്മാൻ പറഞ്ഞത്!
സംഗീത സംവിധായകൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന പ്രതിഭയാണ് ഷാൻ റഹ്മാൻ. പാട്ടുകളിലൂടെ മാത്രമല്ല റിയാലിറ്റി ഷോകളിലും ടെലിവിഷൻ ഷോകളിലും പങ്കാളിയായും ഷാൻ റഹ്മാൻ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.
2009ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഈ പട്ടണത്തിൽ ഭൂതത്തിലൂടെയാണ് ഷാൻ റഹ്മാൻ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ശേഷം 2010ൽ മലർവാടി ആർട്സ് ക്ലബ് സിനിമയ്ക്ക് വേണ്ടി ഗാനങ്ങളും സംഗീതവും ഒരുക്കി ശ്രദ്ധനേടി. ചിത്രത്തിലെ ഗാനങ്ങളെല്ലാം അക്കാലത്ത് വലിയ ഹിറ്റായിരുന്നു. മലർവാടിക്ക് ശേഷം ദി മെട്രോ എന്ന സിനിമയ്ക്ക് വേണ്ടിയും സംഗീതം ഒരുക്കി.
പക്ഷെ ഒരു സംഗീത സംവിധായകനെന്ന നിലയിൽ മലയാള സിനിമയിൽ ഷാൻ അടയാളപ്പെട്ടത് വിനീത് ശ്രീനിവാസൻ സിനിമ തട്ടത്തിൻ മറയത്തിന് വേണ്ടി സംഗീതം ചെയ്തപ്പോഴാണ്. തട്ടത്തിൻ മറയത്തിലെ ഗാനങ്ങൾക്ക് ലഭിച്ച അത്രത്തോളം സ്വീകാര്യത ഷാനിന്റെ മറ്റ് പാട്ടുകൾക്ക് ചിലപ്പോൾ ലഭിച്ചുകാണില്ല.
അത്ര വലിയ ഹിറ്റായിരുന്നു തട്ടത്തിൽ മറയത്തിലെ ഗാനങ്ങൾ. മലയാള സിനിമയിൽ മാത്രമല്ല ചുരുങ്ങിയ കാലയളവിൽ തമിഴിലും തെലുങ്കിലും കന്നടത്തിലുമെല്ലാം ഷാൻ സംഗീതം ചെയ്തിട്ടുണ്ട്.

ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം, ആട്, ഒരു വടക്കൻ സെൽഫി, അടി കപ്യാരേ കൂട്ടമണി, വേട്ട, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ആൻമരിയ കലിപ്പിലാണ്, ഗോദ, വെളിപാടിന്റെ പുസ്തകം, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഷാൻ സംഗീത സംവിധാനം നിർവ്വഹിച്ച മറ്റ് പ്രധാന ചില ചലച്ചിത്രങ്ങൾ.
വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ കേൾക്കുകയും ആഘോഷിക്കുകയും ചെയ്ത ഗാനങ്ങളാണ്.
മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവുമായിരുന്നു അടുത്തിടെ വരെ ഷാൻ റഹ്മാൻ.

സീകേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സരിഗമപയുടേയും വിധി കർത്താവായിരുന്നു ഷാൻ റഹ്മാൻ. ഇപ്പോഴിത സഹപ്രവർത്തകർക്കൊപ്പം തന്റെ പതിമൂന്നാം വിവാഹ വാർഷിക ആഘോഷിച്ച ഷാനിന്റെ വീഡിയോയാണ് വൈറലാകുന്നത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കുടുംബം പരിപാടിയുടെ സെറ്റിൽ വെച്ചാണ് ഭാര്യയ്ക്കും മകനുമൊപ്പം ഷാൻ വിവാഹ വാർഷികം ആഘോഷിച്ചത്. പരിപാടിയുടെ ക്യാപ്റ്റൻമാരിൽ ഒരാളാണ് ഷാൻ.
ഷാനിനെ വേദിയിലേയ്ക്ക് വിളിച്ചുവരുത്തി വിവാഹവാർഷിക സ്പെഷല്‍ സമ്മാനം കൈമാറിയായിരുന്നു ആഘോഷം. സ്റ്റേജിലെ വലിയ വീഡിയോ വോളിൽ ഷാനും ഭാര്യ സൈറയും മകൻ റയാനും ഒരുമിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു.

നടി അർച്ചന കവി പ്രത്യേക അതിഥിയായി എത്തിയ ദിനത്തിലായിരുന്നു ഷാൻ റഹ്മാന്റെ വിവാഹവാർഷിക ആഘോഷം നടന്നത്. ഗായകരായ റിമി ടോമി, വിധു പ്രതാപ് എന്നിവരാണ് സൂപ്പർ കുടുംബത്തിലെ മറ്റു ക്യാപ്റ്റൻമാർ. ജീവ ജോസഫാണ് അവതാരകൻ.
2009ലാണ് ഷാൻ റഹ്മാനും സൈറയും വിവാഹിതരായത്. ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നു തങ്ങളുടേതെന്ന് ഷാൻ വെളിപ്പെടുത്തി. സൈറ തനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം മകൻ റയാൻ ആണെന്നും അതിന് താൻ ജീവിതകാലം മുഴുവൻ ഭാര്യയോട് കടപ്പെട്ടിരിക്കുമെന്നും ഷാൻ റഹ്മാൻ സൂപ്പർ കുടുംബം വേദിയിൽ പറഞ്ഞു.

ഷാൻ റഹ്മാന്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും വൈറലായിരുന്നു. '13 വർഷം മുമ്പ് ഈ ദിവസമാണ് അവളുമായുള്ള ജീവിതം ആരംഭിച്ചത്. അവൾ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ഞങ്ങൾക്കിടയിൽ നിൽക്കുന്നു... റയാൻ.'
'പ്രിയ സായി... എന്റെ എല്ലാ കുറവുകളെയും അംഗീകരിച്ച് മാനസികാവസ്ഥ മനസിലാക്കി ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കി എനിക്കൊപ്പം നിന്നതിന് നന്ദി. എനിക്കും ഈ ലോകത്തിനും റയാനെ സമ്മാനിച്ചതിനും ഞങ്ങളെ എല്ലാവരെയും പരിപാലിക്കുന്നതിനും നന്ദി. വിവാഹവാർഷിക ആശംസകൾ...', എന്നാണ് ഷാൻ റഹ്മാൻ കുറിച്ചത്.


Click it and Unblock the Notifications











