'എല്ലാത്തിലുമുപരിയായി ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്ന വ്യക്തി, ഞാൻ ഈ നേടിയെടുത്തതെല്ലാം അയാൾ കാരണം'
പാട്ടുകൾ, ബിജിഎം എന്നിവ കേൾക്കാൻ വേണ്ടി മാത്രം ആവർത്തിച്ച് ചില സിനിമകൾ കാണുന്ന ശീലമുള്ളവരാണ് മലയാളികൾ. അത്തരത്തിൽ മലയാളികൾ റിപ്പീറ്റ് മൂഡിൽ കാണാറുള്ള ചില സിനിമകൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. അസാധ്യമായ അനുഭവമായിട്ടും അതിസുന്ദരമായ എക്സിക്യൂഷനായിട്ടും ബിജിഎമ്മും പാട്ടുകളും ചെയ്യാൻ കഴിവുള്ള മലയാളത്തിലെ യുവ സംഗീത സംവിധായകരിൽ ഒരാളാണ് ഷാൻ റഹ്മാൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മലയാള സംഗീതശാഖയ്ക്ക് ലഭിച്ച അനുഗ്രഹമാണ് അദ്ദേഹം.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഷാൻ റഹ്മാൻ മലയാള സിനിമയ്ക്കൊപ്പമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരന്റെ സിനിമാ ജീവിതം ആരംഭിച്ചത് മമ്മൂട്ടി ചിത്രം ഈ പട്ടണത്തിൽ ഭൂതത്തിന് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടായിരുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മറാത്തിയിലും വരെ ഷാൻ സംഗീത സംവിധായകനായി പ്രവർത്തിച്ചു.

ഒട്ടനവധി സംവിധായകർ, ഗായകർ, താരങ്ങൾക്കെല്ലാമൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഷാനും വിനീത് ശ്രീനിവാസനും ഒത്തുചേരുമ്പോൾ ഒരു മാജിക്ക് സംഭവിക്കാറുണ്ട്. മലർവാടി മുതൽ അത് മലയാളികൾ നേരിട്ട് കണ്ട് അറിഞ്ഞിട്ടുള്ളതുമാണ്. മാണിക്യമലരായ, ജിമിക്കി കമ്മൽ എന്നിവയെല്ലാം ഇരുവരും ഒരുമിച്ചപ്പോൾ ഹിറ്റായി മാറിയ ഗാനങ്ങളാണ്. അതുകൊണ്ട് തന്നെ സംഗീത സംവിധായകൻ എന്ന പേരിൽ സിനിമയിൽ പതിനഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ ഷാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നതും വിനീതിനോടാണ്.
സംഗീത സംവിധായകൻ സോഷ്യൽമീഡിയയിൽ പങ്കിട്ട ഏറ്റവും പുതിയ നീണ്ട കുറിപ്പിലും വിനീത് തന്നെയാണ് നിറഞ്ഞ് നിൽക്കുന്നത്. സംഗീതത്തോടുള്ള തന്റെ പ്രേമം എവിടെ നിന്നാണ് ആരംഭിച്ചതെന്നും ഷാൻ കുറിപ്പിൽ വിവരിച്ചു. സംവിധായകർ, സംഗീതജ്ഞർ, ഗായകർ, സൗണ്ട് എഞ്ചിനീയർമാർ, ഗാനരചയിതാക്കൾ തുടങ്ങി ഈ യാത്രയിൽ എനിക്കൊപ്പം പ്രവർത്തിച്ചവരോടുള്ള നന്ദിയും കടപ്പാടും വാക്കുകൾക്കതീതമാണ്.
ഓരോ സിനിമയും ഓരോ പാഠമായിരുന്നു. ആരും തന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല. ആരുടേയും സഹായിയും ആയിരുന്നില്ല. നിങ്ങൾ എല്ലാവരും ഇഷ്‌ടപ്പെടുന്നതും വിലമതിക്കുന്നതുമായ ഗാനങ്ങൾ സൃഷ്ടിക്കാനുള്ള പൂർണ്ണമായ ആഗ്രഹമുണ്ടായിരുന്നു. പ്രിയപ്പെട്ട എ.ആർ റഹ്മാൻ സാറാണ് സംഗീതസംവിധാനത്തിൽ പ്രേരണയായത്.
തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിലെ ലോങ്ങ് ബെൽ അടിക്കുമ്പോൾ കാസറ്റ് കടയിലേക്കോടും. പുതിയ കാസറ്റ് ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ. ഞാൻ ടിഡികെ തലമുറയുടെ ഭാഗമായിരുന്നു. അച്ഛൻ റാസൽഖൈമയിൽ നിന്ന് വിളിച്ച് നാട്ടിലേക്ക് ഒരാൾ വരുന്നുണ്ടെന്നും എന്താണ് കൊടുത്തയക്കേണ്ടതെന്നും ചോദിക്കും.
ടിഡികെ 60 അല്ലെങ്കിൽ ടിഡികെ 90 പോലുള്ള ശൂന്യമായ കാസറ്റുകളായിരുന്നു ഞാൻ അദ്ദേഹത്തോടാവശ്യപ്പെട്ടിരുന്നത്. ഞാൻ അത് എൻ്റെ സുഹൃത്തിൻ്റെ കാസറ്റ് കടയിൽ കൊടുക്കുകയും ഏറ്റവും പുതിയ എല്ലാ പാട്ടുകളും അതിലേക്ക് പകർത്താൻ ആവശ്യപ്പെടുകയും ചെയ്യും.

അതായിരുന്നു പതിവ്. അതായിരുന്നു ഫ്ലാഷ്ബാക്ക്. കാലം മുന്നോട്ടുപോയപ്പോൾ ദൈവം സഹായിച്ച് വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. രാജേഷേട്ടനെന്ന് ഞാൻ വിളിക്കുന്ന രാജേഷ് പിള്ള. എന്റെ ഹൃദയം അദ്ദേഹത്തിലായിരുന്നു. സത്യൻ അന്തിക്കാട് സർ, മഹേഷ് നാരായണൻ, ലാൽ ജോസ്, ജോണി ആന്റണി, എം.മോഹനൻ, ഷാഫിക്ക, രഞ്ജിത് സർ അങ്ങനെ നീളുന്നു ആ പട്ടിക.
ജൂഡ്, മിഥുൻ, ധ്യാൻ, ബാസി, ധനഞ്ജയ്, ഫെബി, വിഹാൻ മുതലായവരുടെ സിനിമാ അരങ്ങേറ്റത്തിന്റെ ഭാഗമാവാനും എനിക്കായി. മമ്മുക്ക, ലാലേട്ടൻ, കെപിഎസി ലളിതമ്മ, ശോഭന മാം, പൃഥ്വി, ഫഹദ്, ജയേട്ടൻ, നിവിൻ, ദിലീപേട്ടൻ, രഞ്ജി പണിക്കർ ചേട്ടൻ, ചാക്കോച്ചൻ, അജു, ഇന്ദ്രൻസേട്ടൻ, സൈജുച്ചേട്ടൻ, സണ്ണി, അർജുൻ അശോകൻ, അന്ന, ഇഷ, റീബ, നിഖില എന്നീ താരങ്ങൾക്കൊപ്പവും സുജാത ചേച്ചി മുതൽ പുതിയ ഗായകർക്കൊപ്പവും വരെ പ്രവർത്തിച്ചു.
ഗിരീഷ് പുത്തഞ്ചേരി ചേട്ടൻ, അനിൽ പനച്ചൂരാൻ തുടങ്ങിയ ഗാനരചയിതാക്കൾക്കൊപ്പം ചിലവിട്ട ഓരോ നിമിഷവും മറക്കാനാവുന്നതല്ല. എല്ലാവർക്കും നന്ദിയുണ്ട്. പക്ഷെ എല്ലാത്തിലുമുപരിയായി നന്ദി പറയേണ്ട വ്യക്തി വിനീത് ശ്രീനിവാസനാണ്. ഒരു സുഹൃത്തിന് നന്ദി പറയേണ്ട ആവശ്യമില്ല. പക്ഷെ ഇടയ്ക്കെപ്പോഴെങ്കിലും നിങ്ങൾക്കത് ചെയ്യേണ്ടിവരും. അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ലെങ്കിലും. ഞാൻ ഈ നേടിയെടുത്തതെല്ലാം വിനീത് കാരണമാണ്.
അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അസാധാരണമായിരുന്നു വിനീതിനൊപ്പമുള്ള എന്റെ യാത്രയെന്ന് പറഞ്ഞുകൊണ്ടാണ് ഷാൻ റഹ്മാൻ കുറിപ്പ് അവസാനിപ്പിച്ചത്. സംഗീത സംവിധായകനായി മാത്രമല്ല വർഷങ്ങൾക്കുശേഷത്തിൽ അഭിനയിച്ചശേഷം ഷാനിലെ നടനേയും മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ സിനിമയാണ് വർഷങ്ങൾക്കുശേഷം.


Click it and Unblock the Notifications











