ഡെന്നീസ് വാങ്ങുന്നത് മൂന്ന് ലക്ഷം, എന്നിട്ടും ശ്രീനി വാങ്ങിയത് 80000, അന്ന് ഞാൻ ഒരു പാഠം പഠിച്ചു; സത്യൻ
സിനിമയ്ക്കും ജീവിതത്തിനും ഇടയിൽ മനുഷ്യനായി ജീവിച്ച അപൂർവ വ്യക്തിത്വമാണ് ശ്രീനിവാസൻ. മലയാള സിനിമയിലെ ജീനിയസ്. അദ്ദേഹവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത് സത്യൻ അന്തിക്കാടിന് ആയിരുന്നു. മാതൃഭൂമി കാ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പ്രിയ സുഹൃത്ത് ശ്രീനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നല്ലൊരു ക്യാരക്ടറുണ്ടായിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് സത്യൻ അന്തിക്കാട് പറയുന്നു. സന്ദേശത്തിന്റെ സമയത്ത് ശ്രീനിയും ഞാനും ഒരു ഡ്രൈവിന് പോയി.
ശ്രീനിക്ക് ചെറിയ രീതിയിൽ മാത്രമെ ഡ്രൈവിങ് അറിയൂ. എക്സ്പേർട്ടല്ല. ഷൊർണ്ണൂർ പാലം കഴിഞ്ഞപ്പോൾ ശ്രീനി പറഞ്ഞു ഇനി കുറച്ച് ദൂരം താൻ ഡ്രൈവ് ചെയ്യാമെന്ന്. എന്റെ കാറാണ്. എവിടെയെങ്കിലും തട്ടിയാലും കുഴപ്പമില്ല. എന്തെങ്കിലും പരിഹാരം കാണാമെന്ന രീതിയിൽ ഞാൻ ശ്രീനിക്കായി ഡ്രൈവിങ് സീറ്റ് ഒഴിഞ്ഞ് കൊടുത്തു.

വലിയ കുഴപ്പമില്ലാതെ ഓടിച്ചുവെങ്കിലും ഒറ്റപ്പാലം ജംഗ്ഷൻ എത്തിയപ്പോൾ കാർ ഓഫായിപ്പോയി. ഓണാക്കാനുള്ള മാർഗം ഞാൻ പുള്ളിക്ക് സൈഡിലിരുന്ന് പറഞ്ഞ് കൊടുത്തുവെങ്കിലും പുള്ളിക്ക് ഒന്നും പറ്റുന്നില്ലായിരുന്നു. ശ്രീനി ഇറങ്ങിക്കോളൂ ഞാൻ ബാക്കി ഓടിക്കാമെന്ന് പറഞ്ഞു. പക്ഷെ പുള്ളി സമ്മതിക്കുന്നില്ല.
ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി മാറി കയറുന്നത് കണ്ടാൽ തനിക്ക് ഡ്രൈവിങ് അറിയില്ലെന്ന് ആളുകൾ മനസിലാക്കുമെന്നതായിരുന്നു പുള്ളിയുടെ പ്രശ്നം. ഓടി ബാക്കിൽ കയറിക്കോളൂവെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അവസാനം മാരുതി കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അഭ്യാസിയെ പോലെ ശ്രീനി സീറ്റ് മാറിയിരുന്നു. ഈ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഈഗോ അതാണ്. മറ്റുള്ളവർ അറിയരുത് എന്നതായിരുന്നു ശ്രീനിയുടെ പ്രശ്നം.
ഇങ്ങനെയുള്ള സംഭവങ്ങളിലൂടെയാണ് ഞാനും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം വളർന്ന് വന്നത്. സ്പൊണ്ടേനിയസാണ് ശ്രീനി. തമാശകൾ നിമിഷ നേരം കൊണ്ട് ഉണ്ടാക്കും. സിനിമയിൽ ഉള്ളതിനേക്കാൾ തമാശകൾ പുള്ളി നിത്യ ജീവിതത്തിൽ പറയും. ഞാൻ ഇവിടേക്ക് വരുന്ന സമയത്ത് ശ്രീകാന്ത് കോട്ടക്കലിനോട് ഞാൻ ചോദിച്ചു ശ്രീനിയെ കുറിച്ച് എന്ത് പറയുമെന്ന്. കാരണം എങ്ങനെ പറയണമെന്ന് എനിക്ക് അറിഞ്ഞൂടാ.... അതിനാൽ തോന്നുന്നത് മുഴുവൻ പറയാം.
ഔപചാരികമായ ചടങ്ങൊന്നും അല്ലല്ലോ. ഇതിനൊപ്പം തന്നെ ശ്രീനിയുടെ ക്യാരക്ടറിനെ കുറിച്ച് കൂടി ഒന്ന് പറഞ്ഞ് കൊള്ളട്ടെ. ഞാൻ എപ്പോഴും എന്റെ മക്കളോട് പറയും... ഒരു ക്യാരക്ടർ ഉണ്ടാകണമെന്നത്. സന്ദേശം റിലീസ് ചെയ്യുന്നതിന് മുമ്പ് അതിനുള്ള പ്രതിഫലം വാങ്ങണം. ഞങ്ങൾ ഹോട്ടലിൽ ഇരിക്കുമ്പോൾ പ്രൊഡ്യൂസർ മണി വന്നു. ശ്രീനിവാസന് എന്ത് കൊടുക്കണമെന്ന് എന്നോട് ചോദിച്ചു. ശ്രീനിയോട് നേരിട്ട് ചോദിച്ചോളൂ. ശ്രീനി പറയുമെന്ന് ഞാൻ പറഞ്ഞു.

അതൊന്നും പറയാൻ മടിയില്ലാത്തയാളാണ് ശ്രീനി. സന്ദേശത്തിൽ ശ്രീനി അഭിനയിക്കുകയും ചെയ്തു സ്ക്രിപ്റ്റ് എഴുതുകയും ചെയ്തു. അന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്ക്രിപ്റ്റ് റൈറ്റർ ഡെന്നീസ് ജോസഫാണ്. അതിന് തൊട്ട് താഴെയാണ് എംടി. ഡെന്നീസിന്റേത് കൊമേഴ്സ്യൽ വാല്യുവുള്ള സ്ക്രിപ്റ്റുകൾ ആയിരുന്നു. ശ്രീനിയുടെ മുറിയിൽ പോയ നിർമ്മാതാവ് സന്തോഷത്തിൽ അതിവേഗം തിരിച്ച് വന്നു. ഞാൻ ശേഷം ശ്രീനിയുടെ മുറിയിലേക്ക് ചെന്നു.
എത്രയാണ് പ്രതിഫലം പറഞ്ഞതെന്ന് ചോദിച്ചു. എൺപതിനായിരം എന്ന് മറുപടി വന്നു. എനിക്ക് അത് ഷോക്കായിരുന്നു. രണ്ട് ലക്ഷമെങ്കിലും വാങ്ങാമായിരുന്നുവെന്ന് ഞാൻ പറഞ്ഞു. സന്ദേശം പോലെ മനോഹരമായ സ്ക്രിപ്റ്റ് എഴുതി അഭിനയിച്ചതാണല്ലോ. നിങ്ങൾ പറയാൻ വരുന്നത് എനിക്ക് മനസിലായി. മറ്റുള്ളവർ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കല്ലേ.
അത് എനിക്ക് അറിയേണ്ട കാര്യമില്ല. ഞാൻ ചെയ്ത ജോലിക്ക് ഇത്ര തുക മതിയെന്ന് ഞാൻ അങ്ങ് തീരുമാനിച്ചു എന്നാണ് ശ്രീനി പറഞ്ഞത്. അതൊരു വലിയ പാഠമാണ്. മതിയെന്ന് തീരുമാനിച്ചാൽ സന്തോഷമായി എന്ന പാഠം ഞാൻ അന്ന് പഠിച്ചു എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications











