'സാരിയുടെ പേരിൽ ബിന്ദു പണിക്കർ കരച്ചിലായി, മമ്മൂട്ടിയുടെ അറിവോടെ ആ നടിക്ക് ഞാൻ കണക്കിന് കൊടുത്തു'
സിനിമ കാണാന്‍ തുടങ്ങുന്നത് മുതലുള്ള ഓരോ സിനിമാ ആസ്വാദകന്‍റെയും സംശയമായിരിക്കും ചിത്രത്തില്‍ താരങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ എവിടെ നിന്നാണ് അതാരാണ് ഡിസൈൻ ചെയ്തത് എന്നതെല്ലാം. മിന്നുന്ന സ്റ്റൈലിഷ് ലുക്കിലുള്ളത് മുതല്‍ സിനിമയ്ക്കായി മാത്രമായി ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയ പ്രത്യേക വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്നവ ആരാധകരുടെ മനം കീഴടക്കാറുണ്ട്. ഓരോ സിനിമയുടെ കാഴ്ചക്ക് അവസാനവും ആരാധകര്‍ ഇത്തരം വസത്രങ്ങള്‍ കൈപിടിയിലാക്കാനുള്ള ആഗ്രഹവും തുറന്നുപറയാറുണ്ട്.
സിനിമയിലെ കോസ്റ്റ്യും ഡിസൈനിങിൽ സാധ്യതകളും ഏറെ വരികയാണ്. യുവാക്കൾ അടക്കം സിനിമയിലെ വസ്ത്രാലങ്കര മേഖലയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന കോസ്റ്റ്യൂമറാണ് നാഗരാജ്. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നാഗരാജ്.

അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയിലടക്കം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളാണ് നാഗരാജ് പങ്കിട്ടത്. വസ്ത്രത്തിന്റെ കാര്യത്തിൽ നടന്മാരെക്കാൾ നടിമാരെ തൃപ്തിപ്പെടുത്താനാണ് പാട് എന്നാണ് നാഗരാജ് പറഞ്ഞത്. 'അർജുനൻ പിള്ളയും അഞ്ച് മക്കളും എന്നൊരു പടമുണ്ട്. അത് നന്നായി ഓടിയ സിനിമയാണ്. അതിൽ ചാർമിള, കൽപ്പന, ബിന്ദു പണിക്കർ എല്ലാമാണ് ഉള്ളത്.'
'നടിമാർ തമ്മിൽ എപ്പോഴും അടിയാണ്. വസ്ത്രത്തിന്റെ പേരിലാണ് വഴക്ക്. ഒരു ദിവസം കൽപ്പനയും ചാർമിളയും റെഡിയായി വന്നപ്പോൾ ബിന്ദു പണിക്കർ കരഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ സാരി കൊള്ളില്ലെന്ന് പറഞ്ഞാണ് ബിന്ദു പണിക്കർ കരയുന്നത്.'
'അന്ന് വിരട്ടിയാണ് ഷൂട്ടിങിനായി ബിന്ദു പണിക്കരെ പറഞ്ഞുവിട്ടത്. വസ്ത്രത്തിന്റെ കാര്യത്തിൽ നടിമാരെ തൃപ്തിപ്പെടുത്താനാണ് പാട്. മൂന്ന് നടിമാരാണ് ഒരുമിച്ച് അഭിനയിക്കുന്നതെങ്കിൽ പ്രശ്നമാണ്. മാല, വസ്ത്രം എന്നിവയുടെ പേരിൽ എപ്പോഴും പരാതിയായിരിക്കും. അന്ന് എല്ലാ വസ്ത്രവും നടിമാരെ കാണിക്കേണ്ട ആവശ്യമില്ല. ഇന്ന് പക്ഷെ അത് പറ്റില്ല.'
'അന്നൊക്കെ നമ്മൾ കൊടുക്കുന്നതാണ് താരങ്ങൾ ഇടുന്നത്. ഇന്ന് പക്ഷെ അവർ സെലക്ട് ചെയ്യും. അന്ന് വസ്ത്രം കാണണമെന്ന് നടിമാർ ആവശ്യപ്പെട്ടാൽ സംവിധായകന്റെ പേര് പറഞ്ഞ് നമുക്ക് കാണിക്കാതിരിക്കാൻ പറ്റും. സംവിധായകൻ കാണിക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ പിന്നെ താരങ്ങൾ ഒന്നും ചോദിക്കില്ല.'

'അന്നൊക്കെ നടി ഗീതയെയൊക്കെ വിരട്ടിയാണ് വസ്ത്രം ഇടീപ്പിച്ചിരുന്നത്. സുമലതയോടും അങ്ങനെ തന്നെ. ക്ഷമിച്ചു എന്നൊരു വാക്ക് സിനിമയുടെ ഷൂട്ടിങ് ബോൾഗാട്ടി പാലസിൽ നടക്കുകയാണ്. ജൂബിലി ജോയ് സാറിന്റെ നിർമ്മാണമാണ്. അതിലെ നടിയും ഞാനും മാലയുടെ പേരിൽ വഴക്കായി. എന്നെ പോടായെന്ന് നടി വിളിച്ചു. ഞാൻ പോടിയെന്ന് തിരിച്ച് വിളിച്ചു.'
'അതോടെ നടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി സംവിധായകൻ ജോഷി സാറിനോട് പറഞ്ഞു. ഉടനെ അദ്ദേഹം എന്നെ വിളിപ്പിച്ചു. ഇത് മമ്മൂട്ടി സാർ കണ്ടു. പോയി രണ്ടെണ്ണം ആ നടിക്ക് കൊടുത്തിട്ട് വരാൻ മമ്മൂട്ടി സാറും ആക്ഷനിലൂടെ പറഞ്ഞു. നിർമാതാവ് വന്ന് മലയാള സിനിമയിൽ ആഭരണങ്ങൾ ധരിക്കുന്ന രീതിയെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തപ്പോൾ ആ നടി മിണ്ടാതെയായി.'
'നടന്മാരെക്കാൾ നടിമാരെ തൃപ്തി പെടുത്താനാണ് പാട്', എന്നാണ് നാഗരാജ് പറഞ്ഞത്. ഇന്നസെന്റ് പ്രധാന വേഷം ചെയ്ത സിനിമയാണ് അർജുനൻ പിള്ളയും അഞ്ച് മക്കളും. കെപിഎസി ലളിത, ജഗതി ശ്രീകുമാർ, ജഗദീഷ്, ഹരിശ്രീ അശോകൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications











