'ആ നടിയുടെ കോസ്റ്റ്യൂം ഡിസെെൻ കണ്ട് മമ്മൂട്ടി ചോദിച്ചു, മൂന്ന് നായികമാരുള്ള സിനിമയിൽ വർക്ക് ചെയ്തപ്പോൾ'
സിനിമകളിൽ കോസ്റ്റ്യൂം ഡിസെെനിംഗിന് വലിയ പങ്കുണ്ട്. താരങ്ങളെ സ്ക്രീനിൽ കൊണ്ട് വരുമ്പോൾ കോസ്റ്റ്യൂം ഡിസെെനർമാർക്കുള്ള ഉത്തരവാദിത്വങ്ങൾ ഏറെയാണ്. ഒരുപിടി ശ്രദ്ധേയ സിനിമകളിൽ കോസ്റ്റ്യൂം ഡിസെെൻ ചെയ്തയാളാണ് സൂര്യ പാർവതി. ഹലോ, വിസ്മയത്തുമ്പത്ത്, ചെെന ടൗൺ, റോമിയോ തുടങ്ങിയ സിനിമകളിലെല്ലാം കോസ്റ്റ്യും ഡിസെെൻ ചെയ്തത് സൂര്യ പാർവതിയാണ്. കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സൂര്യ പാർവതിയിപ്പോൾ.
മമ്മൂട്ടി ഒപ്പം അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശ്രദ്ധിക്കുമെന്ന് സൂര്യ പാർവതി പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ലൗ ഇൻ സിംഗപ്പൂരിൽ അങ്ങനെ പറഞ്ഞിരുന്നു. നവ്നീത് കൗറിനാണ് ഞാൻ കോസ്റ്റ്യൂം ചെയ്തത്. മയിൽ പീലിയുടെ ഡിസെെനുള്ള കമ്മലിട്ടിട്ടുണ്ടായിരുന്നു. മയിലൊക്കെയാണല്ലോ രാവിലെ ഞാൻ കാണുന്നതെന്ന് സർ പറയുമായിരുന്നു. ലൗ ഇൻ സിംഗപ്പൂരിൽ ഫാഷൻ ഷോയുടെ സീനുണ്ടായിരുന്നു.

മമ്മൂക്ക പല ഡ്രസിട്ട് വരും. ബോംബെയിലെ മോഡലുകൾ നല്ല വെസ്റ്റേൺ വിയറുകൾ ഇട്ട് വരുന്ന സീനാണ്. ഇവരെയെല്ലാം കൂടെ കിട്ടുന്നത് ഒരു ദിവസമാണ്. ഒരു ദിവസം കൊണ്ട് അളവെടുത്ത് അവർക്ക് പറ്റിയ ഡ്രസും അതിനുള്ള ആക്സസറീസും ശരിയാക്കണം. അത് ചലഞ്ചിംഗ് ആയിരുന്നെന്നും സൂര്യ പാർവതി ഓർത്തു.
ഒന്നിലധികം നായികമാരുള്ള സിനിമകളിൽ കോസ്റ്റ്യൂം ഡിസെെനറായി വർക്ക് ചെയ്യുക എളുപ്പമല്ലെന്നു സൂര്യ പാർവതി പറയുന്നുണ്ട്. ചെെന ടൗണിലും റോമിയോയിലും മൂന്ന് നായികമാരുണ്ടായിരുന്നു. എന്തായാലും അവർ ഡ്രസും ആക്സസറീസും താരതമ്യം ചെയ്യും. അത് കൊള്ളമെന്ന് പറയും. ഇവർക്ക് കൊടുത്തത് അത്ര പിടിച്ചിട്ടില്ലെന്ന് നമുക്ക് മനസിലാകും. അടുത്ത സീനിൽ അവരുടേതായിരിക്കും നല്ലത്. അപ്പോൾ മറ്റവർ കൊള്ളാമെന്ന് പറയും. അത് കൊണ്ട് വലിയ പ്രശ്നമുണ്ടായില്ലെന്നും സൂര്യ പാർവതി ഓർത്തു.

ഒരു നടിക്ക് ഒരു സിനിമയിൽ 25-30 കോസ്റ്റ്യൂം വേണ്ടി വരും. നയൻതാരയ്ക്കെല്ലാം അത്രയും വരും. റോമിയോയിലും ചെെന ടൗണിലും ഓരോ നടിമാർക്കും അത്രയും ഡ്രസ് വേണം. നല്ല വർക്ക് ലോഡായിരുന്നു. നേരത്തെ പ്ലാൻ ചെയ്ത് വെച്ചാലേ കറക്ട് സമയത്ത് സാധനമെത്തിക്കാൻ പറ്റൂ. ഷൂട്ട് കഴിഞ്ഞ് മിക്ക നടിമാരും അവർ ധരിച്ച ഏതെങ്കിലും ഡ്രസ് സ്വന്തമായെടുത്തോട്ടെ എന്ന് ചോദിക്കും. ഞാൻ കൊടുത്തിട്ടുമുണ്ട്. പ്രൊഡ്യൂസറോട് ചോദിച്ചിട്ടാണ് കൊടുക്കുക. അത് തനിക്ക് കിട്ടുന്ന അംഗീകാരമായി കാണുന്നെന്നും സൂര്യ പാർവതി വ്യക്തമാക്കി.
കോസ്റ്റ്യൂമിൽ മമ്മൂട്ടി ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും മോഹൻലാലിന് ഡിമാന്റുകളൊന്നുമില്ലെന്നാണ് സൂര്യ പാർവതി പറയുന്നു. ട്രെൻഡിനെക്കുറിച്ച് മമ്മൂട്ടിക്ക് നന്നായി അറിയാമെന്നും ഇവർ വ്യക്തമാക്കി. നയൻതാരയുടെ തുടക്ക കാലത്ത് ചെയ്ത സിനിമയാണ് വിസ്മയത്തുമ്പത്ത്. അന്നേ നയൻതാരയ്ക്ക് കോസ്റ്റ്യൂമിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അറുത്ത് മുറിച്ച് പറയും.
നയൻതാര അന്നേ വലിയ താരമാകുമെന്ന് തനിക്ക് തോന്നിയിരുന്നെന്നും സൂര്യ പാർവതി വ്യക്തമാക്കി. തനിക്ക് ഏറ്റവും കംഫർട്ടബിളായി തോന്നിയ നടി സംവൃത സുനിലായിരുന്നു. അവർക്ക് കാര്യം പറഞ്ഞാൽ മനസിലാകും. നല്ല കുട്ടിയാണ്. അതേസമയം നടി പാർവതി മിൽട്ടണ് വലിയ ഡിമാന്റുകളുണ്ടായിരുന്നെന്നും സൂര്യ പാർവതി തുറന്ന് പറഞ്ഞു. ഹലോയിലെ നായികയായിരുന്നു പാർവതി മിൽട്ടൺ. സിനിമാ രംഗത്ത് പാർവതി മിൽട്ടൺ ഇന്ന് സജീവമല്ല.


Click it and Unblock the Notifications