'ഞാൻ കൊടുത്ത സ്യൂട്ട് കണ്ട് വിവേക് ഒബ്റോയ് വലയന്റായി... വസ്ത്രം നിലത്തിട്ടു'; സുജിത്ത് സുധാകരൻ പറയുന്നു!
പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം. മോഹൻലാലിന്റെ മാസ് ലുക്കിലുള്ള പോസ്റ്റർ. ടീസറിനും ട്രെയിലറിനും സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ച വൻ സ്വീകാര്യത ടോവിനോയും മഞ്ജുവാര്യരും വിവേക് ഒബ്റോയിയുമടക്കമുള്ള വൻ താരനിര എന്നിവയെല്ലാം കൊണ്ട് പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ലൂസിഫർ. റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിഷ്വൽ ട്രീറ്റാണ് ലഭിച്ചത്.
മോഹൻലാലിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കലക്ഷനുള്ള സിനിമകളിൽ ഒന്ന് കൂടിയാണ് ലൂസിഫർ. സാങ്കേതികപരമായ എല്ലാ മേഖലകളിലും മികവുപുലർത്തിയ സിനിമയായിരുന്നു ലൂസിഫർ. മലയാളത്തിലെ സ്ഥിരം അടി-ഇടി ഫോർമാറ്റുകളിൽ തളച്ചിടപ്പെടാതെ മാസ് പടത്തിനും മസാല പടത്തിനും ഇടയിലുള്ള സിനിമ. സ്റ്റൈലിഷായിട്ടാണ് പൃഥിരാജ് ലൂസിഫർ ഒരുക്കിയത്.

ചിത്രത്തിൽ മോഹൻലാലിനെപ്പോലെ തന്നെ പ്രശംസ നേടിയ ഒരു കഥാപാത്രമായിരുന്നു വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലൻ. വിവേകിന്റെ പ്രകടനവും വിനീതിന്റെ ഡബ്ബിങും കൂടിയായപ്പോൾ ലൂസിഫറിലെ ബോബി വിവേകിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി. വിവേക് ഒബ്റോയിയുടെ കരിയറിലെ തന്നെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ലൂസിഫർ.
ചിത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത് ഒട്ടനവധി മലയാള സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന സുജിത്ത് സുധാകരനാണ്. ലൂസിഫർ സിനിമയിൽ പ്രവർത്തിക്കുന്ന സമയത്ത് വിവേക് ഒബ്റോയിയിൽ നിന്നും തനിക്കുണ്ടായ മോശം ഒരു അനുഭവം പങ്കിട്ടിരിക്കുകയാണ് സുജിത്ത് സുധാകരൻ. താൻ കൊണ്ടുകൊടുത്ത സ്യൂട്ട് കണ്ട് വിവേക് ഒബ്റോയ് വലയന്റായിയെന്നും ആ വസ്ത്രം നിലത്തിട്ടുവെന്നുമാണ് സുജിത്ത് പറയുന്നത്.
'വിവേക് ഒബ്റോയിയിൽ നിന്നും അനുഭവം ഉണ്ടായിട്ടുണ്ട്. ആളെ ആദ്യം ബോംബെയിൽ പോയി കണ്ടിരുന്നു. പിന്നീട് തിരിച്ച് ഒരു ഒന്നൊന്നര മാസത്തിനുശേഷമാണ് പുള്ളി ഷൂട്ട് ചെയ്യാൻ വന്നത്. ആ സമയം ആയപ്പോഴേക്കും അയാൾ ഒരുപാട് തടി കുറഞ്ഞു. ഞാൻ കൊണ്ടുപോയി കൊടുത്ത സ്യൂട്ട് ഇട്ട് ആള് വയലന്റായി. പിന്നെ അയാൾ ആ സ്യൂട്ട് ഊരി നിലനിട്ടു.'
'എന്നിട്ട് പറഞ്ഞു ഞാൻ ഇന്ന് ഈ സ്യൂട്ട് ഇടില്ലെന്ന്. അങ്ങനെയുള്ള സിറ്റുവേഷനുകൾ നമുക്ക് ഉണ്ടാകും. പക്ഷെ അതിനെ റെക്ടിഫൈ ചെയ്യാൻ പറ്റണം നമുക്ക്. നമ്മൾ അന്ന് തന്നെ സ്യൂട്ടിന്റെ പ്രശ്നം നേരെയാക്കി. ആ സ്യൂട്ടുകൾ തന്നെയാണ് പിന്നീട് ലൂസിഫറിൽ വിവേക് ധരിച്ച് കണ്ടത്. അതേ സ്യൂട്ട് തന്നെയാണ്. നമ്മുടേതായ രീതിയിൽ ഞങ്ങൾ ആൾട്ടർ ചെയ്തു', എന്നാണ് സുജിത്ത് പറഞ്ഞത്.

വീഡിയോ വൈറലായതോടെ ഏറെയും പേർ വിവേകിന്റെ പെരുമാറ്റത്തെ വിമർശിച്ച് കമന്റ് കുറിച്ചിട്ടുണ്ട്. വിവേകിന് ബോളിവുഡിൽ അവസരം കുറയുന്നതിന്റെ കാരണം വാശി നിറഞ്ഞ ഈ സ്വഭാവമായിരിക്കാം എന്നാണ് ചിലർ കുറിച്ചത്. ലൂസിഫറിന് പുറമെ ഇട്ടിമാണി, മലൈക്കോട്ടൈ വാലിബൻ തുടങ്ങി നിരവധി സിനിമകൾക്ക് സുജിത്ത് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാർഡും സുജിത്തിനെ തേടിയെത്തിയിരുന്നു.
തൃശ്ശൂർ വെള്ളാനിക്കര കോമാട്ടിൽ സുധാകരന്റെയും വിമലയുടെയും മകൻ സുജിത്ത് പൂച്ചട്ടി എ.കെ.എം ഹയർ സെക്കൻഡറിയിലെ പഠനത്തിനുശേഷം ബി.ടെകിന് ചേർന്നതായിരുന്നു. എന്നാൽ പഠനം പാതിവഴിയിൽ നിർത്തി ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് ചേർന്നപ്പോൾ വീട്ടിനകത്തും പുറത്തുംനിന്ന് എതിർപ്പുയർന്നു.
രണ്ടുവർഷം ഈ മേഖലയിൽ പിടിച്ചുനിൽക്കാനുള്ള വലിയ കഷ്ടപ്പാടായിരുന്നുവെന്ന് സുജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്ന്, രണ്ട് പരസ്യചിത്രങ്ങൾക്കുശേഷം 2013ലാണ് ഇരുമ്പ് കുതിരൈ എന്ന തമിഴ് സിനിമയിൽ ആദ്യമായി സുജിത്ത് വസ്ത്രാലങ്കാരം ചെയ്യുന്നത്. സഹോദരൻ ജിഗ്നേഷിനോടൊപ്പം എറണാകുളത്ത് വസ്ത്രഡിസൈനിങ് സ്ഥാപനവും നടത്തുന്നുണ്ട് സുജിത്ത്.


Click it and Unblock the Notifications











