'നല്ല ലാഭമുള്ള ബിസിനസല്ലേ?, വേലയെടുത്തല്ലേ ജീവിക്കുന്നത് ആരെയും ദ്രോഹിക്കുന്നില്ലല്ലോ'; കവിരാജിന് വിമർശനം!
മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ കവിരാജിന്റേത്. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സ്റ്റൈലിഷ് വില്ലൻ വേഷങ്ങളും സഹനടൻ വേഷങ്ങളും കവിരാജ് ചെയ്തിരുന്നു. 1999ൽ നിറം എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് കവിരാജ് അഭിനയരംഗത്ത് സജീവമാകുന്നത്. തുടർന്ന് കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാം ഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. സിനിമകളോടൊപ്പം നിരവധി സീരിയലുകളിലും വേഷമിട്ടു.
അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കവിരാജ് അഭിനയത്തിൽ അത്ര സജീവമല്ല. ഏറ്റവും അവസാനം കവിരാജിനെ ശ്രദ്ധേയ വേഷത്തിൽ പ്രേക്ഷകർ കണ്ടത് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സസ്നേഹം എന്ന സീരിയലിലാണ്. ഇപ്പോൾ താരം ക്ഷേത്രപൂജാരിയായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കവിരാജിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കുടുംബത്തോടൊപ്പം കാവിധരിച്ച് ഒരു കുടുമിയൊക്കെ കെട്ടി ക്ഷേത്ര പരിസരത്ത് കൂടി നടന്നുപോകുന്ന കവിരാജിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഒപ്പം മകനും ഭാര്യയുമുണ്ട്. എന്നാൽ ഏതാണ് ക്ഷേത്രമെന്നത് വ്യക്തമല്ല. അമ്പതോളം സിനിമകൾ ചെയ്ത നടൻ കവിരാജ് ഇപ്പോൾ ക്ഷേത്രപൂജാരി. കല്യാണരാമൻ സിനിമ കണ്ടവരാരും ഇദ്ദേഹത്തെ മറക്കാനിടയില്ല.
നിറം മുതൽ അമ്പതോളം സിനിമകളിൽ അഭിനയിച്ച കവിരാജ് ഇപ്പോൾ അണിഞ്ഞിരിക്കുന്ന ജീവിതവേഷം പൂജാരിയുടേതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് വലിയ സ്വീകാര്യത സോഷ്യൽമീഡിയയിൽ ലഭിച്ചുവെങ്കിലും അതിന് അനുസരിച്ച് മോശം കമന്റുകളും കവിരാജിനെ പരിഹസിച്ച് വന്നിട്ടുണ്ട്. ക്ഷേത്രപൂജാരിയായി ജോലി ചെയ്യുന്നുവെന്നതിനെ ചുറ്റിപ്പറ്റിയാണ് വിമർശനങ്ങൾ ഏറെയും.
നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവിൽ കിട്ടാവുന്നതിൽ പറ്റിയ ബിസിനസ് ഇത് തന്നെയാണ്, ഇതിലും വലിയ ബിസിനസ് വേറെ ഇല്ലെന്ന് അയാൾക്ക് അറിയാം, മിക്ക സിനിമയിലും വില്ലനായാണ് ഇദ്ദേഹത്തെ കണ്ടിട്ടുള്ളത് അതിന്റെ പ്രായശ്ചിത്തമാവും ഈ സന്യാസി ജീവിതം. പണ്ടത്തെ വില്ലന്മാരുടെ വാഹനമായ ഒമിനി ഇപ്പോൾ ആംബുലൻസായി മാറിയതുപോലെ എന്നെല്ലാമാണ് വിമർശിച്ച് വന്ന കമന്റുകൾ.
അതേസമയം കവിരാജിനെ അനുകൂലിച്ചും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ദൈവത്തോട് അടുത്ത് നിന്ന് സേവിക്കുന്നെന്ന് പറഞ്ഞാൽ അതിന് അപ്പുറം മറ്റൊരു ഭാഗ്യമില്ല, വേലയെടുത്തല്ലേ ജീവിക്കുന്നത് ആരെയും ദ്രോഹിക്കുന്നുന്നില്ലല്ലോ, കവിരാജ് അയാൾക്കിഷ്ടപ്പെട്ട ഒരു ജോലി ചെയ്തല്ലേ ജീവിക്കുന്നത്. അതെന്താ പൂജാരിമാർക്ക് വരുമാനം ഉണ്ടാക്കാൻ പാടില്ലേ എന്നെല്ലാമാണ് അനുകൂലിച്ച് വരുന്ന കമന്റുകൾ.

കവിരാജ് കുടുംബസമേതം ആലപ്പുഴയിലാണ് താമസം. അച്ഛന്റെ മരണശേഷം കുടുംബം നോക്കിയത് കവിരാജായിരുന്നു. അതുകൊണ്ട് തന്നെ പത്താം പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാതെ വന്നു. ഇതിനിടെയാണ് നാടുവിട്ട് കോടമ്പക്കത്ത് എത്തുന്നത്. ഒരു സുഹൃത്തിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അയാൾക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിൽ. നൃത്തം പഠിച്ചു. ഒപ്പം ജൂനിയർ ആർട്ടിസ്റ്റായി. കിട്ടുന്ന തുക വീട്ടിലേക്കയയ്ക്കും. സഹോദരിയുടെ ഭർത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടി.
ജീവിത്തിൽ കവിരാജ് കാലുറപ്പിച്ച് വന്നപ്പോഴാണ് അമ്മയുടെ മരണം ഉണ്ടായത്. അമ്മകൂടി പോയതോടെ ആത്മീയതയിലേക്ക് തിരിഞ്ഞു കവിരാജ്. മന്ത്രങ്ങളും മറ്റും പഠിച്ചുതുടങ്ങി. പിന്നീട് ഹിമാലയ യാത്ര നടത്തി. ബദരീനാഥ് ക്ഷേത്രത്തിലാണ് അത് അവസാനിച്ചത്. പുതിയ ജന്മമെടുക്കുകയാണെന്ന തോന്നൽ താരത്തിന് ഉണ്ടായത് അവിടെ നിന്നാണ്.
തിരിച്ചെത്തിയ ശേഷം ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. ആലപ്പുഴ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിന് അടുത്താണ് കവിരാജ് താമസിയ്ക്കുന്നത്. ദക്ഷിണമൂര്‍ത്തി സ്വാമിയുടെ അമ്മയുടെ തറവാടാണ്. ഇപ്പോള്‍ ഈ വീട് മുല്ലയ്ക്കല്‍ ഭഗവതി തനിയ്ക്ക് നല്‍കിയതാണ് എന്നാണ് കവിരാജ് പറയുന്നത്. പത്ത് വര്‍ഷത്തിലേറെയായി ഇവിടെയാണ് താമസം.


Click it and Unblock the Notifications











