പെൺമക്കൾ മൂന്നല്ല ഇനി മുതൽ നാല്, വീണ്ടും അച്ഛനായി ഡി.ഇമ്മൻ, അന്ധ ദമ്പതികളുടെ കുഞ്ഞിനെ ഏറ്റെടുത്ത് താരകുടുംബം!
തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളാണ് ഡി ഇമ്മൻ. ഗ്രാമീണ പശ്ചാത്തലത്തിലും പ്രമേയത്തിലും ഒരുങ്ങുന്ന സിനിമകളിൽ സംവിധായകരുടെ ആദ്യത്തെ ചോയ്സ് ഇമ്മനായിരിക്കും. വിജയ് ചിത്രം തമിഴനിലൂടെയാണ് സംഗീത സംവിധായകനായുള്ള ഇമ്മന്റെ ജീവിതം ആരംഭിച്ചത്. 20 വർഷമായി വിജയകരമായി താരത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് പോവുകയാണ്. ഡി. ഇമ്മൻ സംഗീതം നൽകിയ ഗാനങ്ങൾ കേരളത്തിലും ആരാധകർ ഏറെയാണ്.
രണ്ട് വർഷം മുമ്പായിരുന്നു ഇമ്മന്റെ രണ്ടാം വിവാഹം. അന്ന് അത് വലിയ വിവാദവും വാർത്തയുമായിരുന്നു. അന്തരിച്ച പബ്ലിസിറ്റി ഡിസൈനർ ഉബാൾഡിന്റേയും ചന്ദ്ര ഉബാൾഡിന്റേയും മകൾ അമാലി ഉബാൾഡയെയാണ് ഇമ്മൻ പങ്കാളിയായി സ്വീകരിച്ചത്.

അറേഞ്ച്ഡ് വിവാഹമായിരുന്നെന്നും താനും തന്റെ കുടുംബവും കുറച്ചുവർഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണീ വിവാഹമെന്നുമാണ് രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് അന്ന് ഇമ്മൻ കുറിച്ചത്. ഇമ്മന്റെ ആദ്യ വിവാഹം 2008ലായിരുന്നു. മോണിക്ക റിച്ചാര്‍ഡായിരുന്നു ആദ്യ ഭാര്യ. ആ ബന്ധത്തിൽ ഇമ്മന് രണ്ട് പെൺ മക്കളുണ്ട്. 2020 മുതല്‍ ഇരുവരും വേറെവേറെയായാണ് താമസിച്ചിരുന്നത്.
പരസ്പര സമ്മതപ്രകാരമായാണ് തങ്ങള്‍ വിവാഹമോചനം നേടിയതെന്നും ഇമ്മന്‍ വിവാഹമോചനം പ്രഖ്യാപിച്ച സമയത്ത് വെളിപ്പെടുത്തിയിരുന്നു. വെറോണിക്ക, ബ്ലെസീക്ക എന്നിങ്ങനെയാണ് ആദ്യത്തെ ബന്ധത്തിൽ ഇമ്മന് പിറന്ന മക്കളുടെ പേരുകൾ. ഇമ്മന്റെ രണ്ടാം ഭാര്യ അമാലിയും വിവാഹമോചിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ്.
അമാലിയുടെ മകൾ നേത്രയെ തന്റെ സ്വന്തം മകളായാണ് ഇപ്പോൾ ഇമ്മൻ വളർത്തുന്നത്. ഇമ്മനും മോണിക്കയും വേർപിരിഞ്ഞ സമയത്ത് കാരണക്കാരൻ നടൻ ശിവകാർത്തികേയനാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ശിവകാർത്തികേയൻ തന്നെ ചതിച്ചുവെന്ന് ഇമ്മനും വെളിപ്പെടുത്തിയിരുന്നു.
ശിവകാർത്തികേയന്റെ കരിയറിന്റെ തുടക്കത്തിലെ ചിത്രങ്ങളായ വരത്തപ്പെടാത്ത വാലിബർ സംഘം, രജിനി മുരുകൻ, നമ്മ വീട്ടു പിള്ളയ് എന്ന് സിനിമകൾക്ക് സംഗീതം ഒരുക്കിയിരുന്നത് ഡി.ഇമ്മനായിരുന്നു. അമാലിയുമായുള്ള വിവാഹശേഷം സന്തുഷ്ടകരമായ കുടുംബ ജീവിതമാണ് ഇമ്മന്റേത്.
അടുത്തിടെയായി ഇരുവരും ഒന്നിച്ച് നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കഴിഞ്ഞ വർഷം നെയ്‌വേലിയിലെ ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകാൻ ഇമ്മൻ സഹായിച്ചിരുന്നു. ഇപ്പോഴിതാ ഡി.ഇമ്മാൻ അന്ധരായ ദമ്പതികളിൽ നിന്ന് പെൺകുഞ്ഞിനെ ഏറ്റെടുത്തിരിക്കുകയാണ്.

ഇതിനകം ഒരു മകളുള്ള അന്ധ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞിനെ പരിപാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് മനസിലാക്കിയാണ് ദമ്പതികളുടെ സമ്മതത്തോടെ കുഞ്ഞിനെ ഇമ്മനും ഭാര്യയും ഏറ്റെടുത്തത്. അന്ധ ദമ്പതികളുടെ കാര്യങ്ങൾ നോക്കുന്നതും ശുശ്രൂഷിക്കുന്നതും ഇരുവരുടെയും ആദ്യത്തെ മകളാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇമ്മൻ ഏറ്റെടുത്ത പെൺകുഞ്ഞിന്റെ ഒന്നാം പിറന്നാൾ.
കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളേയും സഹോദരിയേയും വിളിച്ച് കൂട്ടി ആഘോഷമായി പിറന്നാൾ ഇമ്മനും ഭാര്യയും കൊണ്ടാടി. ആഘോഷത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നിറല്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ ഏറ്റെടുക്കാൻ മനസ് കാണിച്ച ഇമ്മനും ഭാര്യയ്ക്കും അഭിനന്ദന പ്രവഹമാണ്. മക്കളോട് എപ്പോഴും അതിയായ സ്നേഹമുള്ളയാളാണ് ഇമ്മൻ.
രണ്ടാം വിവാഹ സമയത്ത് ഇമ്മൻ ഏറ്റവും കൂടുതൽ വിഷമിച്ചതും ആദ്യ ബന്ധത്തിൽ പിറന്ന പെൺമക്കളെ കാണാൻ സാധിക്കുന്നില്ലല്ലോയെന്ന സങ്കടത്തിലാണ്. എന്റെ മക്കളായ വെറോണിക്കയും ബ്ലെസീക്കയും വീട്ടിലേക്ക് തിരികെ വരുന്നത് കാത്തിരിക്കുകയാണ് ഞാന്‍. വിവാഹസമയത്ത് അവരെയാണ് ഞാന്‍ മിസ് ചെയ്തത്.
വൈകാതെ തന്നെ അവര്‍ വീട്ടിലേക്ക് തിരികെ വരുമെന്നാണ് കരുതുന്നത്. ഞങ്ങളെല്ലാം അവരുടെ വരവിനായി കാത്തിരിക്കുകയാണ്. ഒത്തിരി സ്‌നേഹത്തോടെയായി ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുമെന്നുമായിരുന്നു രണ്ടാം വിവാഹത്തിനുശേഷം സോഷ്യൽമീഡിയയിൽ ഇമ്മൻ കുറിച്ചത്.


Click it and Unblock the Notifications











