തടി കുറയാനുള്ള ചികിത്സയ്ക്ക് പോയപ്പോള്‍ മരിക്കുമെന്നാണ് കരുതിയത്! ഭാര്യയോട് നന്ദി പറഞ്ഞ് നടന്‍ ബേസിൽ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനായ താരമാണ് ബേസില്‍ തോമസ്. നിരവധി പരിപാടികള്‍ക്ക് അവതാരകനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം പ്രധാനമായും കുക്കറി ഷോ കളുമായിട്ടാണ് സജീവമായിരുന്നത്. തനി നാടന്‍ എന്ന കുക്കറി-കം-ട്രാവലോഗ് ഷോ ഹോസ്റ്റ് ചെയ്തതാണ് ബേസില്‍ ജനകീയനാകുന്നത്. പിന്നീട് നിരവധി സിനിമകളിലും ചെറിയ റോളുകളിലായി താരം അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടതായിട്ടും താരത്തിന് വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും ഭാര്യയുടെ സഹായങ്ങളെ കുറിച്ചും ബേസില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സൂപ്പര്‍ ഫാമിലി റിയാലിറ്റി ഷോയിലൂടെ തന്റെ ഭാര്യയോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയാണ് താരം.

'എന്റെ ഉള്ളില്‍ വലിയൊരു ഫീലിങ്ങ്‌സ് ഉണ്ട് നിന്നോട് പറയാന്‍. പറയട്ടെ... എന്ന് ഭാര്യയോട് ചോദിച്ച് കൊണ്ടാണ് ബേസില്‍ സംസാരിച്ച് തുടങ്ങിയത്. നന്ദി... നിന്നെ വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ വലിയൊരു തടിയന്‍ ആയിരുന്നു. അതിനാണ് എന്റെ ആദ്യത്തെ നന്ദി. പക്ഷെ അതിനുശേഷം എന്റെ ജീവിതത്തത്തില്‍ വന്ന ഓരോ സംഭവങ്ങത്തിലും നിന്റെ ഒരു കൈ താങ്ങ് എനിക്ക് ഉണ്ടായിരുന്നു. അതാണ് പിന്നെ എനിക്ക് പറയാന്‍ ഉള്ളത്.
അതില്‍ ഒന്നാമത്തെ കാര്യം. കോവിഡ് വന്നിട്ട് ആശുപത്രയില്‍ അത്യാസന്ന നിലയില്‍ ഞാന്‍ കിടക്കുന്നു. ഞാന്‍ മരിക്കും എന്ന അവസ്ഥയില്‍ ആയിരുന്നു. അപ്പോള്‍ എന്റെ ഏറ്റവും വലിയ ധൈര്യമെന്ന് പറയുന്നത് നീ എന്റെ മോനെ നോക്കും എന്നതാണ്. അതൊരു വലിയ ധൈര്യമായിരുന്നു.
മാത്രമല്ല അന്ന് ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്റെ കൈ സ്വന്തമായി എനിക്ക് പൊക്കി എടുത്തു വയ്ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ആ അവസ്ഥയില്‍ നിന്നും എന്റെ എല്ലാ കാര്യങ്ങളും ചെയ്‌തോണ്ട് നോക്കിയത് അവിടുത്തെ നഴ്സുമാര്‍ ആയിരുന്നു. അതിനൊക്കെ നന്ദി ഉണ്ട്. ഞാന്‍ ഡിസ്ചാര്‍ജ് ആയി വന്നപ്പോള്‍ ഈ നാലു നഴ്സുമാര്‍ ചെയ്ത പണി നീ ഒറ്റക്ക് ആണ് ചെയ്തത്.
എന്നെ കുളിപ്പിക്കുന്നത് മുതല്‍ എല്ലാം നോക്കിയതും നീയാണ്. എനിക്ക് അതിനൊക്കെ ഒരു നന്ദി എന്ന വാക്കില്‍ ഒതുങ്ങില്ല എന്റെ മനസിലെ വികാരം. ഒന്നാമത് ഞാനൊരു മൊശടന്‍ ആണ്. സാധാരണ ഒരാള്‍ക്കും എന്നെ നോക്കാന്‍ ആകില്ല. എന്നെ മാക്‌സിമം സഹിച്ചു. എന്നെ പൊന്നുപോലെ നോക്കിയതിന് ഒരായിരം നന്ദി.

എന്റെ വണ്ണം കുറയാന്‍ അമൃതയില്‍ സര്‍ജറിക്ക് പോകുമ്പോള്‍ നീ എന്റെ കൂടെ കട്ടക്ക് നിന്നു. അന്നൊക്കെ ഞാന്‍ തിരികെ വരുമോ എന്ന ഭയം ആയിരുന്നു ഉള്ളില്‍. നീ ഓര്‍ക്കുന്നുണ്ടോ സര്‍ജറിയുടെ രണ്ടുദിവസം മുന്‍പ് ഇനി തിരികെ വരുമോ എന്ന ഭയം കൊണ്ടുതന്നെ സൂര്യനെല്ലിക്ക് നിങ്ങളെ കൂട്ടി ട്രിപ്പ് പോയി. അന്ന് നമ്മള്‍ കുറെ പിക്‌സ് എടുത്തു. അതുകഴിഞ്ഞിട്ട്... ഞാന്‍ തിരികെ എത്തി അതിനും കൂട്ടായി നിന്നത് നീയാണ്. നിന്നെ എനിക്ക് തന്നതിന് ദൈവത്തോടാണ് ഏറ്റവും വലിയ നന്ദി', എന്നുമാണ് ബേസില്‍ പറയുന്നത്.
ഭര്‍ത്താവിന്റെ വികാരഭരിതമായ വാക്കുകള്‍ക്ക് ശേഷം ബേസിലിന്റെ ഭാര്യ സുമയും മറുപടിയായി സംസാരിച്ചിരുന്നു. 'എനിക്ക് ഒരു കഥപോലെ പറയാന്‍ ഒന്നും ഇല്ല. ജീവിതത്തില്‍ എനിക്കെല്ലാം വെറൈറ്റി ആയിരിക്കണം എന്നുണ്ടായിരുന്നു. ഇതിലും വെറൈറ്റി ആയ കെട്ടിയോനെ കിട്ടിയില്ലേ. ഒരു കുഞ്ഞുവാവയെ പോലെ ആണ് ഏട്ടന്‍. ഓരോ തരം സ്‌നേഹമാണ് എന്നോടെന്നും ബേസിലിനെക്കുറിച്ച് ഭാര്യ സുമ പറയുന്നു.
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യില്‍ മത്സരിച്ചിരുന്നവരാണ് ബേസിലും ഭാര്യ സുമയും. അന്ന് മുതലേ ഇരുവരും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമേ ടാ തടിയാ, 72 മോഡല്‍, ത്രീ ഡോട്‌സ്, എന്നിങ്ങനെയുള്ള സിനിമകളിലും ബേസില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications