അവനത് വേണം; യേശുദാസിന്റെ പണം നഷ്ടപ്പെട്ടപ്പോൾ ദക്ഷിണാമൂർത്തി; 'യേശു ഇത്ര വലിയ പ്രതിഫലം വാങ്ങുന്നോ?'
ഗാനഗന്ധർവൻ യേശുദാസിന് പകരം വെക്കാൻ മറ്റൊരാളില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയാറ്. അനശ്വരമായ ഒട്ടനവധി ഗാനങ്ങൾ പാടിയ യേശുദാസിന് അന്നും ഇന്നും ബഹുമാന്യ സ്ഥാനം പിന്നണിഗാന രംഗത്തുണ്ട്. കരിയറിൽ സജീവമായിരുന്ന കാലത്ത് യേശുദാസിനെക്കുറിച്ചുള്ള പല സംഭവകഥകളും വാർത്തയായിട്ടുണ്ട്. ഇപ്പോഴിതാ മിഴികൾ സാക്ഷി എന്ന സിനിമയിൽ യേശുദാസ് പാടിയപ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ ഭാഗമായി പ്രവർത്തിച്ച സാബു സർഗം. ഗുരുവായ ദക്ഷിണാമൂർത്തി ഒരുക്കിയ പാട്ട് യേശുദാസ് ഈ സിനിമയിൽ പാടിയിട്ടുണ്ട്.
ഇതിന്റെ റെക്കോഡിംഗ് സമയത്തെ സംഭവങ്ങളാണ് സാബു സർഗം പങ്കുവെച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് പ്രതികരണം. അന്ന് ഇന്ത്യൻ സിനിമയിലെ ഗാനചക്രവർത്തിയായി നിൽക്കുകയാണ് യേശുദാസ്. ദക്ഷിണാമൂർത്തിയുടെ അടുത്ത് അദ്ദേഹം ചുരുങ്ങിപ്പോകും. കാരണം ഗുരുവാണ്. ഭയഭക്തിയോടെയാണ് അദ്ദേഹം നിന്നത്. ഇരിക്കാൻ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. പാട്ടൊക്കെ പഠിച്ച് വന്നപ്പോൾ പ്രൊഡ്യൂസർ പ്രതിഫലക്കാര്യം സംസാരിച്ചു. മാനേജരോട് പറയെന്ന് യേശുദാസ്. അന്ന് അദ്ദേഹം 50000 രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

യേശു എന്റെ ഒരു പടത്തിൽ പാടാൻ 50000 രൂപ ചോദിക്കുന്നോ എന്ന് ദക്ഷിണാമൂർത്തി സർ. എന്തെങ്കിലും കുറയ്ക്കാൻ യേശുവിനോട് പറയെന്നും ആവശ്യപ്പെട്ടു. 2000 രൂപ കുറയ്ക്കാമെന്ന് മാനേജർ. 48000 രൂപയ്ക്ക് അദ്ദേഹം പാടി. പാടിക്കഴിഞ്ഞ് വണ്ടിയിൽ കയറുമ്പോഴാണ് പൈസ കൊടുത്തത്. അദ്ദേഹത്തെ കാണിച്ച് പേപ്പറിൽ പൊതിഞ്ഞ് കൊടുത്തു. അദ്ദേഹം വാങ്ങിച്ച് കാറിന്റെ സീറ്റിൽ വെച്ചു. നേരെ എയർപോർട്ടിലേക്ക് പോയി. ചെന്നെെെയിലിറങ്ങി ഉടനെ തന്നെ യേശുദാസ് പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചു.
അവിടെയെങ്ങാനും ഒരു 48000 രൂപ കിടക്കുന്നുണ്ടോ എന്ന് നോക്കാൻ. അദ്ദേഹം ഇരിക്കുന്ന സീറ്റിനടുത്ത് പണം വെച്ചത് എന്റെ കണ്ണിൽ നല്ല ഓർമ്മയുണ്ട്. ദക്ഷിണാമൂർത്തി സ്വാമിയുടെ കൂടെത്തന്നെ നിൽക്കാൻ പ്രൊഡ്യൂസർ എന്നോട് പറഞ്ഞിരുന്നു. സ്വാമീ, ദാസ് സാറിന് പ്രതിഫലമായി കൊടുത്ത 48000 രൂപ കൈമോശം വന്നുപോയി എന്ന് ഞാൻ പറഞ്ഞു. അവനങ്ങനെ തന്നെ വേണമെന്ന് സ്വാമി. ഈ സംഭവം തനിക്ക് മറക്കാൻ പറ്റാത്ത ഓർമ്മയാണെന്നും സാബു സർഗം വ്യക്തമാക്കി.

2008 ലാണ് മിഴികൾ സാക്ഷി എന്ന സിനിമ പുറത്തിറങ്ങുന്നത്. സുകുമാരി പ്രധാന വേഷം ചെയ്ത സിനിമയിൽ നടൻ മോഹൻലാലും അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അശോക് ആർ നാഥ് ആണ് സിനിമ സംവിധാനം ചെയ്തത്. സുകുമാരിയുടെ അവിസ്മരണീയ പ്രകടനമാണ് സിനിമയിലെന്നും അഭിനയിക്കുന്നത് കണ്ടപ്പോൾ പലരുടെയും കണ്ണ് നിറഞ്ഞെന്നും സാബു സർഗം അഭിമുഖത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ ജെറി അമൽദേവ് യേശുദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ വാക്കുകൾ കാരണം യേശുദാസിന് തെറ്റിദ്ധാരണ വന്നെന്നും തന്റെ പാട്ട് പാടില്ലെന്ന് യേശുദാസ് തീരുമാനമെടുത്തിരുന്നെന്നും ജെറി അമൽദേവ് തുറന്ന് പറഞ്ഞു. മാമാട്ടിക്കുട്ടി എന്ന സിനിമയുടെ സമയത്താണ് തെറ്റിദ്ധാരണ വന്നത്. റൊമാന്റിക് ഗാനങ്ങൾക്ക് ഒരു സ്ത്രെെണതയുണ്ടെന്ന് താൻ പറഞ്ഞു.
അങ്ങനെയെങ്കിൽ യേശുദാസും മുകേഷുമെല്ലാം പാടുമ്പോൾ അവരുടെ ശബ്ദത്തിൽ സ്ത്രെെണതയില്ലേ എന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. അതെയെന്ന് പറഞ്ഞപ്പോൾ യേശുദാസിന് സ്ത്രീകളുടെ സ്വരമാണ് എന്ന വ്യാഖാനം വന്നു. മാമാട്ടിക്കുട്ടിയിൽ പാടണമെങ്കിൽ ജെറി അമൽദേവ് മാപ്പെഴുതി നൽകണമെന്ന് യേശുദാസ് ആവശ്യപ്പെട്ടു. ഒടുവിൽ ബ്ലാങ്ക് പേപ്പറിൽ താനൊപ്പിട്ട് നിർമാതാവിന് നൽകുകയായിരുന്നെന്നും ജെറി അമൽ ദേവ് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications