'എന്നെ കല്യാണം കഴിച്ചതാണ് വിധുച്ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഇടയ്ക്ക് ഞാൻ പറയും'; ദീപ്തി വിധു പ്രതാപ്!
മനോഹരമായ ഗാനങ്ങളിലൂടെ മലയാളി മനസിലിടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യുട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്.
2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അടുത്തിടെ അവതരിപ്പിച്ചപ്പോൾ ശ്രദ്ധ നേടിയിരുന്നു.

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷമാണ് അറിയപ്പെടാൻ തുടങ്ങിയത്.
പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയമാക്കിയത്.
മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായ ശേഷം വിധു പ്രതാപിനുള്ള ആരാധകരുടെ എണ്ണത്തിലും വർധനയുണ്ടായിരുന്നു. ദീപ്തി നർത്തകി എന്നതിലുപരി അവതാരിക കൂടിയാണ്.
അടുത്തിടെ ജ്യോത്സ്ന രാധാകൃഷ്ണനോടൊപ്പം ദീപ്തി അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ മായിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയിരുന്നു. ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം.
ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ വീഡിയോയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ബിഹൈൻവുഡ്സിലെത്തിയപ്പോൾ ദീപ്തി പങ്കുവെച്ച ജീവിതത്തിലെ വിശേഷങ്ങളാണ് വൈറലാകുന്നത്.
'സിനിമാ ചാൻസുകളോട് നോ പറഞ്ഞതിൽ വിഷമം തോന്നിയിട്ടില്ല. സിനിമ ചെയ്യില്ലെന്നല്ല. മുമ്പ് നോ പറഞ്ഞത് ശരിയായിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. വിധു ചേട്ടനോട് മിണ്ടാതിരിക്കാറില്ല.'

'ചില ആളുകളോട് പബ്ലിക്കായി ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. സയലൻസ് മുതലെടുക്കുന്ന സാഹചര്യങ്ങളായിരുന്നു അത്. എന്റെ ഇഷ്ടമില്ലായ്മ മുഖത്ത് കാണും. ഞാൻ മുമ്പ് ആനിമേറ്ററായിരുന്നു. ഞാൻ വിധു ചേട്ടനോട് നുണ പറഞ്ഞിട്ടില്ല. വിധുചേട്ടൻ നുണ പറയുന്നത് കൈയ്യോടെ പൊക്കിയിട്ടുണ്ട് പക്ഷെ എന്നാലും നാണമില്ല.'
'ചിലരെ ലൈഫിൽ നിന്നും കട്ട് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമായി ഇരുന്ന് സംസാരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂർ തികയാത്തപോലെ തോന്നാറുണ്ട്' ദീപ്തി വിധു പ്രതാപ് പറയുന്നു.


Click it and Unblock the Notifications











