പുള്ളിയുടെ ഡാൻസും ഗ്രെയ്സും കണ്ട് എനിക്ക് ക്രഷ് അടിച്ചു, ഒരുമിച്ച് അഭിനയിക്കണമെന്ന ആഗ്രഹം വന്നു; ദീപ തോമസ്
മലയാള സിനിമയിൽ ഭാവിയിൽ മുൻനിരയിലേക്ക് ഉയർന്ന് വരാൻ സാധ്യതയുള്ള താരമാണ് ലുക്മാൻ അവറാൻ. സ്വാഭാവികത നിറഞ്ഞ പ്രകടനമാണ് ലുക്ക്മാന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഉണ്ട, തല്ലുമാല, സൗദി വെള്ളക്ക അടക്കം നിരവധി സിനിമകളിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള ലുക്മാൻ നായക വേഷം ചെയ്ത സിനിമയായിരുന്നു സുലൈഖ മൻസിൽ. ചിത്രം വൻ വിജയമൊന്നുമായില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം തിയേറ്ററിൽ കാഴ്ചവെച്ചിരുന്നു.
ഇപ്പോഴിതാ സുലൈഖ മൻസിൽ സിനിമയിൽ പ്രണയ ഗാനത്തിന് ഡാൻസ് ചെയ്യുന്ന ലുക്ക്മാനെ കണ്ട് തനിക്ക് ക്രഷ് തോന്നിയെന്ന് പറയുകയാണ് ഹോം അടക്കമുള്ള സിനിമകളിൽ നായിക വേഷം ചെയ്ത ദീപ തോമസ്. സുലൈഖ മൻസിലിൽ ദീപയും ഒരു ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.

സുലൈഖ മൻസിലിൽ എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. ആ പാട്ടിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ സെറ്റിലുണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോൾ ലുക്മാന്റെ ഡാൻസും ഗ്രെയ്സും കണ്ടശേഷം അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എനിക്ക് ഈ പുള്ളിക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നത്. അതിന്റെ വലിയൊരു ആഗ്രഹമായിരുന്നു.
പെരുമാനി സിനിമ എനിക്ക് കിട്ടിയപ്പോൾ എന്റെ ഡ്രീം കം ട്രൂ മൊമന്റായി അത് മാറി. എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ഒരു ആക്ടർ കൂടിയാണ് ലുക്മാൻ. അന്ന് ആ ഷൂട്ട് നടക്കുമ്പോൾ എല്ലാ പെണ്ണുങ്ങളും അവിടെ വായും പൊളിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് എല്ലാവരും ലുക്മാനെ വായിനോക്കി കൊണ്ടിരിക്കുകയാണെന്ന് എന്നാണ് ദീപ തോമസ് പറഞ്ഞത്.
ഒരു സമയത്ത് മലബാർ ഏരിയയിൽ വൻ ഹിറ്റായിരുന്നതും മുസ്ലീം കല്യാണ വീടുകൾ ഭരിച്ചിരുന്നതും ആളുകളും തകര്‍ത്താടിയിരുന്നതുമായ ഗാനമായിരുന്നു എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാന്‍ എന്ന ആൽബം സോങ്. ഗായകനായ സലീം കോടത്തൂരാണ് യഥാര്‍ത്ഥ പതിപ്പ് എഴുതി ആലപിച്ചിരുന്നത്. ഇപ്പോഴും പല ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ സലീമിനോട് ഈ ഗാനം ആലപിക്കാൻ ആളുകൾ ആവശ്യപ്പെടാറുണ്ട്.
സലീം ഇറക്കിയ പതിപ്പിന്റെ പുനരാവിഷ്കരിച്ച പതിപ്പാണ് സുലൈഖ മന്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ സിനിമയ്ക്ക് വേണ്ടി പാട്ടിൽ ചില പുതിയ വരികൾ മുഹ്സിൻ പെരാരി എഴുതി ചേർത്തിരുന്നു. ശേഷം സംഗീത സംവിധായകൻ വിഷ്ണു വിജയ് പാട്ടിന്റെ മ്യൂസിക്കിൽ ചെറിയ മാറ്റങ്ങൾ ആലപിച്ചു. മാത്രമല്ല സലീം കോടത്തൂർ പാടിയ ഒറിജിൻ സോങ്ങും സിനിമയിൽ നന്ദി സൂചകമായി സുലൈഖ മൻസിൽ ടീം ഉൾപ്പെടുത്തിയിരുന്നു.

ഈ ഗാനം കേട്ടാൽ ആരും അറിയാതെ നൃത്തം ചെയ്ത് പോകും. സിനിമയിൽ എത്തിയിട്ട് പത്ത് വർഷത്തിന് അടുത്തായി എങ്കിലും ഡാൻസ് പോലുള്ളവ ഒറ്റയ്ക്ക് ലുക്മാൻ ശ്രമിച്ച് നോക്കിയത് സുലൈഖ മൻസിലിൽ നായക വേഷം ചെയ്തശേഷമാണ്. കെഎൽ പത്താണ് ലുക്മാൻ ആദ്യമായി ശ്രദ്ധേയ വേഷം ചെയ്ത സിനിമ. ശേഷം കലി, സൈറ ബാനു, ഗോദ, ഉദാഹരണം സുജാത, സുഡാനി ഫ്രം നൈജീരിയ, ഓപ്പറേഷൻ ജാവ, അജഗജാന്തരം, ആറാട്ട്, അഞ്ചകൊക്കകള്ളൻ കുണ്ടന്നൂരിലെ കുൽസിത ലഹള തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായ സിനിമകൾ ചെയ്തു.
മെഡിക്കൽ ഷോപ്പിൽ ചെറിയ വരുമാനത്തിന് ജോലി ചെയ്താണ് ലുക്മാൻ സിനിമയിൽ തുടക്കകാലത്ത് അവസരങ്ങൾ അന്വേഷിച്ചിരുന്നത്. മുപ്പത്തിനാലുകാരനായ നടൻ ഇന്ന് യുവതലമുറയ്ക്ക് പ്രിയപ്പെട്ട നടനാണ്.
ആലപ്പുഴ ജിംഖാനയാണ് ലുക്മാന്റെ ഏറ്റവും പുതിയ റിലീസ്. നസ്ലിൻ ഗഫൂർ നായകനായ സിനിമ മികച്ച പ്രകടനമാണ് തിയേറ്ററിൽ കാഴ്ചവെക്കുന്നത്. ബോക്സിങ് പ്രമേയമായ സിനിമയായതുകൊണ്ട് ലുക്മാൻ അടക്കമുള്ളവർ സിനിമയ്ക്ക് വേണ്ടി ബോഡി ബിൽഡിങ് നടത്തിയിരുന്നു.


Click it and Unblock the Notifications