ട്രെയിലർ ഇറങ്ങിയപ്പോൾ ടെക്നീഷ്യൻസ് ഹാപ്പിയായിരുന്നില്ല; പൃഥ്വിരാജിന്റെ തീരുമാനം, ഞാൻ സംശയിച്ചു: ദീപക് ദേവ്
വൻ സ്വീകരണമാണ് പൃഥ്വിരാജ് ചിത്രം എമ്പുരാന് റിലീസ് ദിവസം തന്നെ ലഭിച്ചത്. സോഷ്യൽ മീഡിയ ഒന്നടങ്കം എമ്പുരാനെക്കുറിച്ചുള്ള ചർച്ചകളാണ്. പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകടനം തുടങ്ങിയവ പ്രേക്ഷകർ എടുത്ത് പറയുന്നു. സിനിമോട്ടോഗ്രഫി, എഡിറ്റിംഗ് എന്നിവയിലെ മികവും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീപക് ദേവാണ് എമ്പുരാന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.
പല അഭിപ്രായങ്ങൾ പശ്ചാത്തല സംഗീതത്തെക്കുറിച്ച് വരുന്നുണ്ട്. ചിലർക്ക് വളരെ ഇഷ്ടപ്പെട്ടെങ്കിലും ചിലർക്ക് എതിരഭിപ്രായങ്ങളുണ്ട്. ഈ ചർച്ചകൾക്കിടെ ദീപക് ദേവ് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്റർനാഷണൽ ലെവലിലുള്ള ബിജിഎം ആണ് എമ്പുരാനിൽ പൃഥ്വിരാജ് നിർദ്ദേശിച്ചതെന്ന് ദീപക് ദേവ് പറയുന്നു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഈയൊരു ട്രീറ്റ്മെന്റ് എടുക്കുന്നതിൽ പൃഥ്വിയുമായി ആദ്യം ഡിബേറ്റ് ഉണ്ടായിരുന്നു. ഇതേ സ്ഥലത്ത് ഇപ്പോൾ നമ്മൾ കേൾക്കുന്ന സ്ഥിരം രീതിയിൽ ചെയ്യാമായിരുന്നു. എന്നാൽ ഇത് തന്നെ വേണമെന്ന് പൃഥ്വി പറഞ്ഞു. ഇറാഖ്, യുഎസ് തുടങ്ങിയ സ്ഥലങ്ങളിലെ ബാക്ക്ഗ്രൗണ്ട് സ്കോർ ഹോളിവുഡ് സിനിമകളിൽ കേൾക്കുന്നത് പോലെ തന്നെ ഇതിലും വേണമെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാലേ ഷൂട്ട് ചെയ്തത് ജസ്റ്റിഫെെ ചെയ്യാൻ പറ്റൂയെന്നും പറഞ്ഞിരുന്നു.
ആദ്യം ഞാൻ സംശയിച്ചു. എന്നെ വിശ്വസിക്കൂ എന്ന് പൃഥ്വി. എനിക്ക് വിശ്വാസമില്ലെന്ന് ഇടയ്ക്ക് ഞാൻ തമാശ പറയും. വിശ്വസിച്ചേ പറ്റൂയെന്ന് പുള്ളി. ഒരുപക്ഷെ ഇത് കണ്ട് ശീലമില്ലാത്തവർക്ക് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞെങ്കിലും അതെനിക്ക് വിട്ട് തന്നേക്കെന്നാണ് പൃഥ്വി പറഞ്ഞതെന്നും ദീപക് ദേവ് പറയുന്നു.ആദ്യം മടിച്ചെങ്കിലും പിന്നെ ഞാനും എൻജോയ് ചെയ്തു. പൃഥ്വി മനസിൽ ഒരു കാര്യം കണ്ട് കഴിഞ്ഞാൽ അത് ജസ്റ്റിഫെെ ചെയ്ത് എന്താണെന്ന് പുള്ളിക്ക് പറഞ്ഞ് തരാൻ പറ്റും.
പൃഥ്വിരാജിനൊപ്പം വർക്ക് ചെയ്യുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടായ സംഭവത്തെക്കുറിച്ചും ദീപക് ദേവ് സംസാരിച്ചു. കയ്യാങ്കളി ഒഴിച്ച് ബാക്കിയെല്ലാം നടന്ന സിനിമ ബ്രോ ഡാഡിയായിരുന്നു. കാരണം കോമഡി സ്കോർ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. സെന്റിമെന്റ്സും ആക്ഷനും സ്കോർ ചെയ്യുന്നത് പോലെയല്ല. ഒരുപൊടിക്ക് ബാലൻസ് മാറിയാൽ സിനിമയുടെ സ്റ്റാൻഡേർഡ് മാറും. പക്ഷെ എമ്പുരാനിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. എമ്പുരാന്റെ ട്രെയിലർ വന്നപ്പോൾ ടെക്നീഷ്യൻസിന്റെ അകത്ത് ആരും തന്നെ ഹാപ്പിയായിരുന്നില്ല. ഞാൻ പച്ചയ്ക്ക് പുള്ളിയോട് പറയും.
ഈ ട്രെയിലർ ഏൽക്കില്ല, നാല് മിനുട്ടുണ്ട്, രണ്ട് മിനുട്ട് കൂടെ കാണിച്ചിരുന്നെങ്കിൽ പടം മൊത്തം കാണാക്കാമായിരുന്നെന്ന് ഞാൻ പറഞ്ഞു. ഇന്നത്തെ കാലത്ത് നാല് മിനുട്ട് വേണം, ലൂസിഫറിന്റെ കാലമല്ല ഇത്, ടീസർ തന്നെ രണ്ട് മിനുട്ടുണ്ടെന്ന് പൃഥ്വി. ഇനി ഇതിൽ എന്താണ് കാണിക്കാനുള്ളതെന്ന് ഞാൻ ചോദിച്ചു. അതാണ്, കഥ മുഴുവൻ കാണിച്ചിട്ടുണ്ട് എന്നിട്ട് പ്രേക്ഷകരെ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്ന് പൃഥ്വിരാജ് മറുപടി നൽകിയെന്നും ദീപക് ദേവ് ഓർത്തു.
അന്ന് എഡിറ്റേർസ് കട്ടാണ് ട്രെയിലറായി കിട്ടിയത്. എഡിറ്റേർസ് മറ്റ് സിനിമകളിലെ മ്യൂസിക് റഫറൻസായിട്ടതാണ്. ഇതാണ് എല്ലാവരും കണ്ടത്. അതാണ് അവർക്ക് വർക്കാകാതിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞെന്ന് ദീപക് ദേവ് ചൂണ്ടിക്കാട്ടി. എന്റെ മനസിൽ ഞാനൊരു മ്യൂസിക് കാണുന്നും കേൾക്കുന്നുമുണ്ട്. ആ മ്യൂസിക് വന്നാൽ ട്രെയിലർ ക്ലിക്കാണെന്നും പൃഥ്വി പറഞ്ഞു. ഒടുവിൽ പൃഥ്വി പറഞ്ഞത് പോലെ തന്നെ പ്രേക്ഷകർ സ്വീകരിച്ചെന്നും ദീപക് ദേവ് വ്യക്തമാക്കി.
പൃഥ്വിരാജുമായുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും ദീപക് ദേവ് സംസാരിച്ചിട്ടുണ്ട്. സൗഹൃദവും പ്രൊഫഷനും പൃഥ്വിക്ക് രണ്ടാണെന്ന് അന്ന് ദീപക് ദേവ് ചൂണ്ടിക്കാട്ടി. സൗഹൃദം കൊണ്ടല്ല പൃഥ്വി തനിക്ക് വർക്ക് തരുന്നതെന്നും ഇക്കാര്യം പൃഥ്വിരാജ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സംഗീത സംവിധായകൻ ചൂണ്ടിക്കാട്ടി. എമ്പുരാനിൽ എമ്പുരാനേ എന്ന ഗാനം പാടിയ കുട്ടി പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോനാണ്. ഇതേക്കുറിച്ച് ദീപക് ദേവ് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. ആദ്യം മുതിർന്ന സ്ത്രീ പാടട്ടെയെന്നായിരുന്നു ആലോചിച്ചത്.
കുട്ടിയുടെ കരച്ചിൽ വരുന്ന ഭാഗമായതിനാൽ ഒരു കുട്ടിയെക്കൊണ്ട് തന്നെ പാടിപ്പിച്ചാലോ എന്ന് പൃഥ്വിരാജ് തിരക്കി. അങ്ങനെ അലംകൃതയെ പാടിപ്പിച്ചാലോ എന്നായി. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കേൾക്കുന്നത്, ശ്രമിച്ച് നോക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ഒറ്റത്തവണ പാടിപ്പിച്ചപ്പോൾ തന്നെ ആ ഇമോഷൻസ് ക്യാപ്ചർ ചെയ്ത് പാടാൻ അലംകൃതയ്ക്ക് സാധിച്ചു. അഞ്ച് മിനുട്ടിനുള്ളിൽ അലംകൃത പാട്ട് പാടി തീർത്തെന്നും ദീപക് ദേവ് വ്യക്തമാക്കി. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും എമ്പുരാനിൽ പാടിയിട്ടുണ്ട്.
പൃഥ്വിരാജിന്റെ സ്വപ്ന പ്രൊജക്ടായിരുന്നു എമ്പുരാൻ. 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടർച്ച. സൂപ്പർഹിറ്റായ ഒന്നാം ഭാഗം കാരണം ഏവരും എമ്പുരാന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ലൂസിഫറിനേക്കാൾ വലിയ ബഡ്ജറ്റിലാണ് എമ്പുരാൻ ഒരുങ്ങിയത്. അതേസമയം ലൂസിഫറുമായി താരതമ്യം ചെയ്താൽ എമ്പുരാൻ ഒരുപടി പിറകിലാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം മേക്കിംഗിൽ വലിയ മികവ് എമ്പുരാനുണ്ട്. വരും ദിവസങ്ങളിൽ എമ്പുരാനെക്കുറിച്ചുള്ള പല അഭിപ്രായങ്ങളും വരാനിടയുണ്ട്. ഓൺലെെൻ റിവ്യൂവർമാരുടെ ചില അഭിപ്രായ പ്രകടനങ്ങൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. പശ്ചാത്തല സംഗീതം മോശമായെന്നാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും ശ്രദ്ധ നേടുന്ന അശ്വന്ത് എന്ന റിവ്യൂവർ പറയുന്നത്. സിനിമയുടെ കഥയിലും കഥാപാത്രങ്ങളിലുമെല്ലാം പിഴവുണ്ടെന്ന് അശ്വന്ത് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ അഭിപ്രായത്തെ എതിർക്കുന്നവർ ഏറെയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം വലിയ ഹെെപ്പോടെയാണ് എമ്പുരാനെത്തിയത്. ഈ ഭാഷകളിലെല്ലാം വലിയ പ്രൊമോഷനും നടന്നു. പൃഥ്വിയുടെ കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് എമ്പുരാൻ റിലീസ് ചെയ്തത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം താരത്തിന് പ്രൊജക്ടുകളുണ്ട്. രാജമൗലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നിന്നാണ് എമ്പുരാന്റെ പ്രൊമോഷന് പൃഥ്വിരാജ് എത്തിയത്.
എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വിരാജും മോഹൻലാലും. ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് എമ്പുരാൻ. ബ്രോ ഡാഡിയും പ്രേക്ഷക പ്രീതി നേടിയ സിനിമയാണ്. സംവിധാനം ചെയ്ത മൂന്ന് സിനിമകളിലും മോഹൻലാലാണ് നായകനെന്ന പ്രത്യേകതയുമുണ്ട്.
മോഹൻലാൽ ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പൃഥ്വിരാജ് പറയുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ സഹകരണവും പ്രധാനമായിരുന്നെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ആശിർവാദ് സിനിമാസ്, ലെെക്ക പ്രൊഡക്ഷൻ, ഗോകുലം മൂവീസ് എന്നീ പ്രൊഡക്ഷൻ ഹൗസുകളാണ് എമ്പുരാൻ ഒരുക്കിയത്. അവസാന ഘട്ടത്തിലാണ് ഗോകുലം മൂവീസ് എമ്പുരാനിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











