കയ്യിലൊരു പെട്ടിയുമായി പേളിയുടെ ഫ്ലാറ്റിന് മുന്നിൽ പ്രിയതാരം, ഒരു മാസത്തേയ്ക്ക് കൂടെയുണ്ടാകും...
അമ്മയാകാൻ തയ്യാറെടുക്കുന്ന നടിയും അവതാരകയുമായ പോളി മാണിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇത് കൃത്യമായി അന്വേഷിക്കാറുമുണ്ട്. ആരാധകരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന പേളി ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ലോക്ക് ഡൗൺ കാലത്തായിരുന്നു താരങ്ങളിൽ പലരും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. എന്നാൽ അതിന് മുൻപ് തന്നെ പേളി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നേരത്തെ കുടുംബ വിശേഷങ്ങളും മറ്റുമാണ് കൂടുതൽ പങ്കുവെയ്ക്കാറുള്ളതെങ്കിൽ ഇപ്പോൾ അമ്മയാകാൻ തയ്യാറെടുക്കുന്നതിനെകുറിച്ചാണ് പേളി അധികവും സംസാരിക്കാറുള്ളത്. നടിയെ പോലെ തന്നെ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇപ്പോഴിത അമ്മയാകാൻ പോകുന്ന പേളിയെ തേടി ഒരു സർപ്രൈസ് എത്തിയിരിക്കുകയാണ്.

പേളിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി ദീപ്തി സതി. മുംബൈയിൽ ജീവിക്കുന്ന നടി ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായിട്ടാണ് കേരളത്തിൽ എത്തുന്നത്. ദീപ്തി കൊച്ചിയിലേയ്ക്ക് പറന്നതിന്റെ ഒരു പ്രധാന കാരണവും പേളി മാണിയാണ്. അമ്മയാകാൻ പോകുന്നപേളിയെ കാണാൻ അത്രയധികം ആകാംക്ഷയായിരുന്നു ദീപ്തിയ്ക്ക്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ദീപ്തി സതി എത്തിയ വിവരം പേളി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പേളി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇനി ഒരു മാസത്തേയ്ക്ക് അമ്മയാകാൻ പോകുന്ന പേളിയ്ക്കൊപ്പം ഉണ്ടാകുമെന്നും ദീപ്തി സതിവീഡിയോയിൽ പറയുന്നുണ്ട്. സുഹൃത്തിനോട് കുശാലാന്വേഷണം നടത്തുന്നതിനോടൊപ്പം തന്നെ ദീപ്തി തന്റെ പക്കലുള്ള വസ്തുക്കളെല്ലാം സാനിറ്റൈസ് ചെയ്യുന്നുണ്ട്. നടിയുടെ ഈ രീതിയെ പേളി മാണി അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ദീപ്തിയുടെ വീഡിയോയും പേളി സ്റ്റോറിയിൽ ചേർക്കുന്നുണ്ട്.

മുംബൈയിൽ ജനിച്ച് വളർന്ന ദീപ്തി സതിയ്ക്ക് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. 9 മാസങ്ങൾക്ക് ശേഷമാണ് ദീപ്തി സതി കൊച്ചിയിൽ എത്തുന്നത്. കരിയർ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കാലം കേരളം വിട്ട് നിൽക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Recommended Video

ലാൽ ജേസ് ചിത്രമായ നീനയിലൂടെയാണ് ദീപ്തി സതി മലയാളത്തിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, മറാത്തി ചിത്രങ്ങളിലും ദീപ്തി സജീവമാണ്. മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ,സോളോ, ലവ-കുശ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ഡ്രൈവിങ്ങ് ലൈസൈൻസാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദീപ്തി സതിയുടെ ചിത്രം. മഞ്ജു വാര്യർ , ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ലളിതം സുന്ദരമാണ് ദീപ്തിയുടെ ഏറ്റവും പുതിയ ചിത്രം.


Click it and Unblock the Notifications