'മാൻ വേട്ട മുതൽ പശു വളർത്തലും പച്ചക്കറി കൃഷിയും വരെ'; അമേരിക്കയിലെ നെപ്പോളിയന്റെ എസ്റ്റേറ്റ് വിശേഷങ്ങൾ!
മലയാളികൾക്ക് നടൻ നെപ്പോളിയൻ എന്നാൽ മുണ്ടക്കൽ ശേഖരനും ഫാദർ റൊസാരിയോയും ഒക്കെയാണ്. ദേവാസുരത്തിലേയും രാവണപ്രഭുവിലേയും മേഘസന്ദേശത്തിലേയും നെപ്പോളിയന്റെ കഥാപാത്രങ്ങൾ മലയാളികൾ എല്ലാക്കാലത്തും ആഘോഷിക്കുന്നവയാണ്. മലയാളത്തിലെ ക്ലാസിക്ക് സിനിമകളുടെ ലിസ്റ്റിലാണ് ദേവാസുരം. അതുകൊണ്ട് തന്നെ മംഗലശ്ശേരി നീലകണ്ഠനൊപ്പം എപ്പോഴും മുണ്ടക്കൽ ശേഖരനും സിനിമാപ്രേമികളുടെ മനസിൽ നിലനിൽക്കും. അറുപതുകാരനായ നെപ്പോളിയൻ 1991 മുതൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ഭാഗമാണ്.
തെലുങ്കിൽ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും എക്കാലവും നെപ്പോളിയൻ തിളങ്ങിയത് തമിഴിലും മലയാളത്തിലുമാണ്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ബിസിനസിലും കഴിവ് തെളിയിച്ചിട്ടുള്ള നെപ്പോളിയൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബസമേതം അമേരിക്കയിലാണ് താമസം. ഒരു ഐടി കമ്പനിയും നെപ്പോളിയൻ അമേരിക്കയിൽ നടത്തുന്നുണ്ട്.

ബിസിനസിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന നെപ്പോളിയന് അമേരിക്കയിൽ സ്വത്തുക്കൾ കുമിഞ്ഞുകൂടുകയാണ്. പ്രശസ്ത യുട്യൂബറായ ഇർഫാൻ കഴിഞ്ഞ വർഷം യുഎസ് സന്ദർശനത്തിനിടെ നെപ്പോളിയന്റെ വീടിന്റെയും അവിടത്തെ സൗകര്യങ്ങളുടെയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കൊട്ടാരം പോലെ തോന്നിക്കുന്ന നെപ്പോളിയന്റെ വീട്ടിൽ തിയേറ്റർ, സ്വിമ്മിംഗ് പൂൾ, ജിം, ബാർ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.
കുറച്ച് ദിവസം മുമ്പായിരുന്നു നെപ്പോളിയന്റെ 60-ാം പിറന്നാൾ ആഘോഷം. അതിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ഇർഫാൻ ഇത്തവണ നെപ്പോളിയന്റെ 300 ഏക്കർ കൃഷിഭൂമിയുടെ വീഡിയോയും വിശേഷങ്ങളുമാണ് തന്റെ ആരാധകർക്കായി പങ്കിട്ടത്. മുന്നൂറ് ഏക്കറിൽ പരന്നുകിടക്കുന്ന എസ്റ്റേറ്റാണ് നെപ്പോളിയന്റേത്.
തന്റെ എസ്റ്റേറ്റിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളതെന്ന് നെപ്പോളിയൻ തന്നെ വീഡിയോയിൽ വിവരിക്കുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് നെപ്പോളിയൻ ഈ ഭൂമി വാങ്ങിയത്. നെപ്പോളിയൻ സ്ഥലം സന്ദർശിക്കാൻ ചെന്നപ്പോൾ എസ്റ്റേറ്റിൽ ഒരു വീട് ഉള്ളതായി ഉടമ പറഞ്ഞു. എപ്പോൾ പണിത വീടാണെന്ന് ചോദിച്ചപ്പോൾ 1963ൽ പണികഴിപ്പിച്ചതാണെന്ന് ഉടമ പറഞ്ഞതോടെ നെപ്പോളിയൻ ഉടൻ തന്നെ എസ്റ്റേറ്റ് വാങ്ങാൻ തീരുമാനിച്ചു.
നെപ്പോളിയൻ ആ വർഷമാണ് ജനിച്ചത്. ആദ്യത്തെ രണ്ട് വർഷം പുല്ലായിരുന്നു കൃഷി. വീടിന് പുറമെ എസ്റ്റേറ്റിൽ ഒരു പ്രത്യേക പാർട്ടി ഹാളുണ്ട്. തന്റെ കുടുംബസംഗമങ്ങളും സുഹൃത്തുക്കളുടെ മീറ്റിംഗുകളും അവിടെ നടത്താറുണ്ടെന്ന് നെപ്പോളിയൻ പറഞ്ഞു. ഈയിടെ പോലും തന്റെ കോളജ് സുഹൃത്തുക്കളുടെ ഒരു റീ-യൂണിയൻ നെപ്പോളിയൻ അവിടെ നടത്തിയിരുന്നു.

നെപ്പോളിയൻ തന്റെ എസ്റ്റേറ്റിൽ 250 ഓളം പശുക്കളെ വളർത്തുന്നുണ്ട്. പശുക്കളെ നോക്കാൻ ചില ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. പശുക്കൾക്ക് തീറ്റ നൽകി നന്നായി വളർന്ന ശേഷം ഇറച്ചിക്കായി ചന്തയിൽ വിൽക്കുകയും അതിൽ നിന്ന് നെപ്പോളിയൻ സമ്പാദിക്കുകയുമാണ് ചെയ്യാറ്. കൃഷിയിടങ്ങളിലെ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ ഒരു കൃത്രിമ കുളവും നെപ്പോളിയൻ സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് കുളങ്ങൾ കൂടി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് നെപ്പോളിയൻ പറഞ്ഞു. അതുപോലെ പച്ചക്കറി കൃഷിയും താരത്തിനുണ്ട്. അമേരിക്കയിൽ മെയ് മുതൽ ഒക്ടോബർ വരെ മാത്രമെ പച്ചക്കറികൾ കൃഷി ചെയ്യാൻ കഴിയൂ. അതിനുശേഷം ആറുമാസത്തോളം മഞ്ഞുകാലമായതിനാൽ ആ കാലയളവിൽ കൃഷിയിറക്കില്ല. ആറുമാസത്തെ കൃഷിയിൽ എല്ലാത്തരം പച്ചക്കറികളും വിളയുന്നുണ്ട്.
പച്ചക്കറികൾ വിളവെടുത്ത് വിൽക്കുന്നതിന് പകരം വീട്ടിലെ ആവശ്യങ്ങൾക്കും സുഹൃത്തുക്കൾക്കും ഓഫീസിൽ ജോലി ചെയ്യുന്നവർക്കും കൊടുക്കുകയാണ് നെപ്പോളിയൻ ചെയ്യാറ്. ഫാമിലെ വീട്ടിൽ മൂന്ന് കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളുമുണ്ട്. കുടുംബത്തോടൊപ്പം വന്ന് വിശ്രമിക്കാനാണ് നെപ്പോളിയൻ ഈ വീട് ഉപയോഗിക്കുന്നത്. ഈ വീടിന്റെ പിൻഭാഗത്ത് ഒരു നീന്തൽക്കുളവുമുണ്ട്.
നെപ്പോളിയന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം കാടാണ്. അവിടെ മാൻ വേട്ടയും അനുവദിക്കും. അമേരിക്കയിൽ മാനുകളുടെ എണ്ണം വർധിക്കുന്നതിനാൽ മാൻ റോഡുകളിൽ അലഞ്ഞുതിരിയുന്നതും അപകടങ്ങളിൽ പെടുന്നതും തടയാൻ മാനുകളെ ഏതാനും മാസത്തേക്ക് വേട്ടയാടാൻ സർക്കാർ തന്നെ അനുവദിക്കും. ആ സമയത്ത് നെപ്പോളിയന്റെ ഫാമിൽ മാനുകളെ വേട്ടയാടാൻ അനുവാദമുണ്ട്.


Click it and Unblock the Notifications