ഭര്‍ത്താവ് ഒപ്പമില്ലേ? ഇത്രയധികം പ്രയാസമെന്താണ്? മെലിഞ്ഞപ്പോള്‍ ദേവി ചന്ദന നേരിട്ടത്? കാണൂ!
സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദേവി ചന്ദന. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഈ താരം തെളിയിച്ചിരുന്നു. ഭാര്യയില്‍ വില്ലത്തിയായാണ് താരമെത്തിയത്. കുശുമ്പിന്റെയും വില്ലത്തരത്തിന്റെയും മൂര്‍ത്തീരൂപമായെത്തിയ കഥാപാത്രത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേജ് ഷോകളിലും മറ്റുമായി അമ്പരപ്പിക്കുന്ന നൃത്തപ്രകടനവുമായും താരമെത്താറുണ്ട്.
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മിടുക്കുണ്ടെന്നും താരം തെളിയിച്ചിരുന്നു. നൃത്തപരിപാടികളിലും സജീവമാണ് ഈ താരം. ഫിറ്റ്‌നസ് ചലഞ്ചിലൂടെയായിരുന്നു പിന്നീട് ദേവി ചന്ദന ഞെട്ടിച്ചത്. 90 കിലോയില്‍ നിന്നും 65 ലേക്ക് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. എങ്ങനെയാണ് വണ്ണം കുറച്ചതെന്നാണ് താരത്തോട് ആരാധകരും ചോദിച്ചത്. ചിട്ടയായ ഭക്ഷണക്രമവുമാണ് ഇതിന് പിന്നിലെന്ന് താരം പറയുന്നു. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദേവി ചന്ദന അക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ഭര്‍ത്താവ് കൂടെയില്ലേ?
ഭാര്യയിലാണ് ദേവി ചന്ദന ഇപ്പോള്‍ അഭിനയിക്കുന്നത്. സഹതാരമായ രാജേഷ് ജെബ്ബാര്‍ പോസ്റ്റ് ചെയ്ത ഫിറ്റ്‌നസ് വീഡിയോയ്ക്ക് പിന്നാലെ വര്‍ക്കൗട്ട് വീഡിയോയുമായി ദേവി ചന്ദനയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വര്‍ക്കൗട്ട് വൈറലായി മാറിയിരുന്നു. ശരിക്കും വണ്ണം കുറച്ചതാണെന്ന് അപ്പോഴാണ് ആളുകള്‍ക്ക് മനസ്സിലായത്. ഭര്‍ത്താവ് അരികിലില്ലേ, എന്തിനാണ് ഇത്രയധികം മനപ്രയാസമെന്നായിരുന്നു എല്ലാവരും അതുവരെ ചോദിച്ചിരുന്നതെന്നും താരം ഓര്‍ത്തെടുക്കുന്നു.

വണ്ണം കൂടുന്നല്ലോ?
വിവാഹത്തിന് ശേഷമാണ് താന്‍ വണ്ണം വച്ചതെന്നും താരം പറയുന്നു. പഠനകാലത്ത് ഡാന്‍സും പാട്ടുമൊക്കെയായി കലാരംഗത്ത് സജീവമായിരുന്നു. വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു അന്നത്തേത്. പ്രായത്തേക്കാള്‍ പക്വതയുള്ള കഥാപാത്രങ്ങളെയായിരുന്നു അന്ന് കൂടുതലും അവതരിപ്പിച്ചിരുന്നത്. അന്നൊന്നും വണ്ണമൊരു വിഷയമായി തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് പലരും വണ്ണം കൂടുന്നല്ലോ എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു താനും അതേക്കുറിച്ച് ശ്രദ്ധിച്ചതെന്നും ദേവി ചന്ദന പറയുന്നു. നീന്തല്‍ പഠിക്കാനുള്ള സാഹചര്യം ആയിടയ്ക്കായാണ് ഒത്തുവന്നത്.

ജിമ്മില്‍ പോയപ്പോള്‍
ശരീരഭാരം കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു പിന്നീട്. ഇതിന്റെ ഭാഗമായാണ് ജിമ്മില്‍ പോയിത്തുടങ്ങിയത്. ചിത്രീകരണ തിരക്കുകള്‍ കാരണം പലപ്പോഴും ജിമ്മില്‍ പോക്ക് മുടങ്ങിയ സാഹചര്യമായിരുന്നു മുന്‍പത്തേത്. എന്നാല്‍ ഇപ്പോഴത്തെ ജിമ്മിലെ സമയം അനുകൂലമായിരുന്നു. ഭര്‍ത്താവും അതേ ജിമ്മിലാണ് വര്‍ക്കൗട്ടിനായി പോവുന്നത്. നന്നായി പ്രയത്‌നിച്ചായിരിക്കണം വണ്ണം കുറയ്‌ക്കേണ്ടതെന്നായിരുന്നു തന്റെ തീരുമാനമെന്നും താരം പറയുന്നു. തുടക്കത്തില്‍ രണ്ട് കിലോയൊക്കെയാണ് കുറഞ്ഞത്. ആര്‍ക്കായാലും നിര്‍ത്തിപോവാന്‍ തോന്നുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ രീതി വന്നത് ഇതിന് ശേഷമായിരുന്നു.

തുടക്കത്തില്‍ ബുദ്ധിമുട്ടിയിരുന്നു
ശീലങ്ങള്‍ പലതും മാറ്റിയതിനാല്‍ തുടക്കത്തില്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. ചോക്ലേറ്റ് വളരെയധികം ഇഷ്ടമായിരുന്നു. എവിടെപ്പോയാലും ആദ്യം വാങ്ങുന്നത് ചോക്ലേറ്റായിരുന്നു. പ്രയാസപ്പെട്ടാണെങ്കിലും അതും താന്‍ ഒഴിവാക്കുകയായിരുന്നുവെന്ന് താരം പറയുന്നു. അരിഭക്ഷണം തീരെ കഴിക്കാതെ ഓട്‌സും കോണ്‍ഫ്‌ളക്‌സുമൊക്കെയായിരുന്നു ആ സമയത്ത് കഴിച്ചിരുന്നത്. ആദ്യത്തെ അഞ്ചാറ് മാസം വലിയ പ്രയാസമായിരുന്നു. മറ്റുള്ളവര്‍ക്ക് വണ്ണം കുറയ്ക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്കായിക്കൂട എന്നായിരുന്നു ആ സമയത്ത് ചിന്തിച്ചിരുന്നത്.

ക്ഷമ വേണം
ആരോഗ്യത്തോടെ വണ്ണം കുറയ്ക്കണമെങ്കില്‍ ക്ഷമ നിര്‍ബന്ധമാണെന്ന് താരം പറയുന്നു. ജിമ്മിലെ വര്‍ക്കൗട്ടിന് പുറമെ ഡാന്‍സും കൂടിയായപ്പോള്‍ 25 കിലോയാണ് കുറഞ്ഞത്. രണ്ടര വര്‍ഷമെടുത്താണ് താരം ശരീരഭാരം കുറച്ചത്. ലൊക്കേഷനിലും വര്‍ക്കൗട്ടിനെക്കുറിച്ചാണ് പലരും സംസാരിക്കാറുള്ളത്. കൂടെ അഭിനയിക്കുന്നവരും മോട്ടിവേറ്റ് ചെയ്യാറുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











