'ആത്മജയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി, എമർജൻസി സീനായിരുന്നു, ദേവിക ബോധമില്ലാതെ കിടപ്പായിരുന്നു'; വിജയ് പറയുന്നു
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും. ഇക്കഴിഞ്ഞ ജൂണിലാണ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാൻ പോവുകയാണെന്ന സന്തോഷം നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും ആരാധകരെ അറിയിച്ചത്. 2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നല്‍കിയത്. പെണ്‍കുട്ടികളുടെ പേര് ആണ്‍കുട്ടിക്ക് നല്‍കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ പേരിടല്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
ആത്മാവില്‍ നിന്നും ജനിച്ചത് എന്നാണ് ആത്മജ എന്ന പേരിന് അര്‍ഥമെന്ന് വ്യക്തമാക്കി ഇരുവരും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. രണ്ടാമതും ഗർഭിണിയായശേഷമുള്ള എല്ലാ വിശേഷങ്ങളും ദേവികയും വിജയിയയും യുട്യൂബ് ചാനലിലൂടെയും സോഷ്യൽമീഡിയ പേജിലൂടെയും പ്രേക്ഷകരെ അറിയിക്കാറുണ്ടായിരുന്നു. ജനുവരി അവസാനത്തോടെ ദേവിക പ്രസവിക്കുമെന്നാണ് വിജയ് നേരത്തെ പറഞ്ഞിരുന്നത്.

എന്നാൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങളൊന്നും സംഭവിച്ചില്ല. അപ്രതീക്ഷിതമായി വാട്ടർ ബ്രേക്കായി ദേവികയ്ക്ക് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു. വൈകാതെ പ്രസവവും നടന്നു. രണ്ടാമത് ഇരുവർക്കും ജനിച്ചത് പെൺകുഞ്ഞാണ്. മുപ്പതാം തിയ്യതി കുഞ്ഞ് പിറന്നുവെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്.
ഇത്രയും ദിവസം സന്തോഷം മൂടിവെച്ചതിന്റെ കാരണവും ഇരുവരും പുതിയ വ്ലോഗിൽ പങ്കിട്ടു. ഈ പ്രസവം നടന്നത് ഒരു എമർജൻസി സീനിലായിരുന്നുവെന്നും അതിനാൽ സന്തോഷം പങ്കുവെക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ലെന്നും വിജയ് മാധവന് പുതിയ വ്ലോഗിൽ പറഞ്ഞു. ഞങ്ങളുടെ സന്തോഷ വാർത്ത പറയാനുള്ള വ്ലോഗാണ്. ദേവിക പ്രസവിച്ചു. മുപ്പതാം തിയ്യതി രാവിലെയായിരുന്നു പ്രസവം. ജനിച്ചത് മോളാണ്.
ഭയങ്കര പ്ലാനിങ്ങൊക്കെയായിരുന്നു. പെട്ടി പാക്കിങ്, അൺബോക്സിങ്, ഹോസ്പിറ്റൽ വ്ലോഗ് എല്ലാം പ്ലാൻ ചെയ്തിരുന്നു. വൻ പരിപാടികളൊക്കെയായിരുന്നു പ്ലാൻ ചെയ്തത്. പക്ഷെ എല്ലാം ചീറ്റിപ്പോയി. രണ്ടാം തിയ്യതിയെ അഡ്മിഷനാകൂവെന്നാണ് വിചാരിച്ചിരുന്നത്. ആറ്, ഏഴ് ഓക്കെയായിരിക്കും ഡ്യൂ ഡെയ്റ്റ് എന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുപ്പതാം തിയ്യതി കിടന്നപ്പോൾ വാട്ടർ ബ്രേക്കായോന്ന് സംശയമുണ്ടെന്ന് ദേവിക പറഞ്ഞു.
പെട്ടന്ന് എല്ലാം വാരികെട്ടി ആശുപത്രിയിലേക്ക് വിട്ടു. ഒരു എമർജൻസി സീനായിരുന്നു. നോർമലായിരുന്നില്ല. കുറച്ച് അബ്നോർമലായിരുന്നു. കയ്യിൽ നിന്നും പോയി കാര്യങ്ങൾ. ആദ്യത്തേത് സൂപ്പർ സുഖപ്രസവമായിരുന്നു. പക്ഷെ ഇത് അങ്ങനെയായിരുന്നില്ല. പേടിച്ചുപോയിരുന്നു. അമ്മയും കുഞ്ഞുമെല്ലാം സുഖമായിരിക്കുന്നു. എല്ലാവരോടും ഒരുപാട് സ്നേഹം.

വ്ലോഗിടാനുള്ള മാനസീകാവസ്ഥയിൽ ഒന്നുമല്ല. പക്ഷെ ഞങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ വ്ലോഗ്. പറയാനാണെങ്കിൽ ഒരുപാട് കഥകൾ പറയാനുണ്ട്. പക്ഷെ എനിക്ക് പോസിറ്റീവ് പറയാനാണ് ഇഷ്ടം. എല്ലാം കഴിഞ്ഞു. എല്ലാവരും ഹാപ്പിയാണ്. പിന്നീട് വിശദമായി ഒരു വ്ലോഗ് ചെയ്യുന്നതായിരിക്കും. സ്വന്തം വീട്ടിലെ ആൾക്കാരെ ട്രീറ്റ് ചെയ്യുന്നതുപോലെയാണ് ആശുപത്രിയിൽ എല്ലാവരും പരിപാലിച്ചതും സ്നേഹിച്ചതും.
ഒരു ദിവസം ദേവിക ബോധമില്ലാതെ കിടക്കുകയായിരുന്നു. അത് കണ്ട് എന്റെയും കിളിപോയി. എഴുന്നേറ്റ് വന്ന് താനാരായെന്ന് ചോദിക്കുമോയെന്ന് പേടിച്ചു പോയി. മരിച്ചെന്ന് കരുതി എന്നാണ് ദേവിക പറഞ്ഞത്. പ്രാർത്ഥിക്കണമേയെന്ന് എല്ലാവരേയും വിളിച്ച് ഞാൻ പറഞ്ഞിരുന്നു. ഉടൻ തന്നെ സന്തോഷം എല്ലാവരെയും അറിയിക്കാനുള്ള മാനസീകാവസ്ഥയിൽ ആയിരുന്നില്ല ഞാൻ എന്നുമാണ് വിജയ് മാധവ് പറഞ്ഞത്.
കുഞ്ഞ് വരുമ്പോഴുള്ള മൂത്തമകന്റെ റിയാക്ഷൻ അടക്കം എല്ലാം പകർത്താൻ തനിക്ക് പ്ലാനുണ്ടായിരുന്നുവെന്നും എന്നാൽ ഒന്നും നടന്നില്ലെന്നുമാണ് ദേവിക പറഞ്ഞത്. അബോധാവസ്ഥയിലായിരുന്നപ്പോൾ മരിച്ചുപോയ ഫീലായിരുന്നുവെന്നും എല്ലാം തരണം ചെയ്ത് വന്നപ്പോൾ സന്തോഷം തോന്നുന്നുവെന്നും ഇരുവരും പറഞ്ഞു.


Click it and Unblock the Notifications