പേരിൽ മാറ്റമില്ല, ഓം പരമാത്മയെ അനുഗ്രഹിച്ച് രാധികയും, പേര് ഇഷ്ടപ്പെട്ടുവെന്ന് അതിഥികൾ; വിജയിയുടെ വീഡിയോ!
ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് വിജയ് മാധവിനും ദേവിക നമ്പ്യാർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആരാധകരിൽ പലരും പ്രവചിച്ചിരുന്നത് പോലെ പെൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ഡെലിവറിയായിരുന്നു ദേവികയുടേത്. പത്തൊമ്പത് മണിക്കൂറോളം ദേവിക അബോധാവസ്ഥയിൽ ആയിരുന്നുവെന്നും മരണത്തെ മുഖാമുഖം കണ്ട് തിരിച്ച് വന്നതുപോലെയാണ് തോന്നിയതെന്നുമാണ് ദേവിക പറഞ്ഞത്.
യുട്യൂബ് ചാനലുമായി സജീവമായ ഇരുവരും പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലും നൂലുകെട്ടും ആഘോഷമായി നടത്തിയതിന്റെ വിശേഷങ്ങളാണ് വ്ലോഗിലുള്ളത്. മകളുടെ പേര് ആശുപത്രിയിൽ വെച്ച് തന്നെ വിജയ് വെളിപ്പെടുത്തിയിരുന്നു.

ഓം പരമാത്മ എന്നാണ് വിജയിയും ദേവികയും മകൾക്ക് നൽകിയ പേര്. ഓം ബേബി എന്നാണ് എല്ലാവരും കുഞ്ഞിനെ ഓമനിച്ച് വിളിക്കുന്നത്. എന്നാൽ പേരിനോട് ഇരുവരുടെയും ആരാധകരിൽ ഭൂരിഭാഗം പേർക്കും എതിർപ്പായിരുന്നു. അത് ചിലർ കമന്റ് ബോക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ പേര് മാറ്റാൻ താൽപര്യമില്ലെന്നും ഏറെ ഇഷ്ടപ്പെട്ട് നൽകിയതാണെന്നുമാണ് വിജയ് പിന്നീട് പ്രതികരിച്ച് പറഞ്ഞത്.
തിരുവനന്തപുരത്ത് വിജയിയുടെ നാട്ടിൽ ബന്ധുക്കളേയും സുഹൃത്തുക്കളേയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സൗഹൃദമുള്ളവരെയും വിളിച്ച് ചേർത്താണ് വിജയിയും ദേവികയും പേരിടലും നൂലുകെട്ട് ചടങ്ങും നടത്തിയത്. ഇരുവരുടെയും കുടുംബസുഹൃത്തുക്കളായ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ക്ഷണം സ്വീകരിച്ച് എത്തി ഓം ബേബിയെ അനുഗ്രഹിച്ചിരുന്നു.
സുരേഷ് ഗോപിയുടെ കുടുംബവുമായി വളരെ വർഷങ്ങളായി ഇരുവർക്കും നല്ല ബന്ധമുണ്ട്. ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോഴും സുരേഷ് ഗോപിയേയും കുടുംബത്തെയും നേരിട്ട് പോയി ദേവിക സന്ദർശിച്ചിരുന്നു. സോഷ്യൽമീഡിയയിൽ ഓം പരമാത്മ എന്ന പേരിന് ട്രോളും പരിഹാസവുമാണ് ലഭിച്ചതെങ്കിലും നൂലുകെട്ടിന് എത്തിയവർക്കെല്ലാം ആ പേര് ഇഷ്ടപ്പെട്ടു.
പരിപാടി ഗംഭീരമായി കഴിഞ്ഞു... സൂപ്പറായിരുന്നു. ഇത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ആത്മജയ്ക്ക് ഞങ്ങൾ ഒന്നും ചെയ്തില്ല. അവന്റെ നൂലുകെട്ടും പേരിടലും സിംപിൾ പരിപാടിയായിരുന്നു. മോളുടെ ഇരുപത്തിയെട്ടും ആത്മജയുടെ രണ്ടാം പിറന്നാളും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പ്ലാൻ. എല്ലാവർക്കും വരാനും സൗകര്യമായിരിക്കുമല്ലോ.

പക്ഷെ പരീക്ഷ കാലമായതുകൊണ്ട് വന്ന് ചേരാൻ എല്ലാവർക്കും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മകളുടെ ഇരുപത്തിയെട്ട് മാത്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തപ്പോൾ ഒരു കല്യാണം ഫീലാണ് തോന്നുന്നത് എന്നുമാണ് വിജയിയും ദേവികയും പറഞ്ഞത്. നൂലുകെട്ട് പകർത്താൻ ഇത്തവണ ഫോട്ടോഗ്രാഫറേയും ഇരുവരും ഏൽപ്പിച്ചിരുന്നു. ഫാമിലി ഫോട്ടോ ഞങ്ങളുടെ കയ്യിൽ കുറവാണ്.
കല്യാണത്തിന് എടുത്ത കുറച്ച് ഫോട്ടോകൾ മാത്രമേയുള്ളു. പോസ് ചെയ്യാനാണ് ഞങ്ങൾക്ക് മടി. കല്യാണത്തിന് പോസ് ചെയ്യാൻ പറഞ്ഞപ്പോൾ അതൊന്നും എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് പോസ് ചെയ്യാതെ പോയ ആളാണ് വിജയ് എന്നുമാണ് ദേവിക പറഞ്ഞത്. ആത്മജയുടെ ഒരു ഗംഭീര പരിപാടി നടത്താൻ പ്ലാനുണ്ടെന്നും വിജയിയും ദേവികയും പറഞ്ഞു.


Click it and Unblock the Notifications