'വിവാഹജീവിതം നല്ലതാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ഞാൻ അനുഗ്രഹീതയാണ്, എനിക്ക് ഈശ്വരൻ തന്നതെല്ലാം നന്മകളാണ്'
അവതാരകയായും സീരില്‍ നായികയായും ഏറെ പരിചിതയാണ് പ്രേക്ഷകർക്ക് മിനിസ്ക്രീൻ താരം ദേവിക നമ്പ്യാര്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന വിജയ് മാധവും ദേവികയും വിവാഹിതരായത് 2022ലാണ്. ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകൻ കൂടിയായ വിജയ് മാധവിന്റെയും വിവാഹം. ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ പരമ്പരയിൽ തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക അവസാനമായി അവതരിപ്പിച്ചത്. ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപാടിയുടെ അവതാരകയുമായിരുന്നു അടുത്ത കാലം വരെ ദേവിക. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി ശ്രദ്ധനേടിയ ശേഷം വിജയ് മാധവ് സംഗീത സംവിധാന രംഗത്ത് സജീവമാകുകയായിരുന്നു.

വിവാഹശേഷം വിജയ്ക്കൊപ്പം ചേർന്ന് പിന്നണി പാടാൻ ദേവികയ്ക്കും സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചാണ് ദേവികയ്ക്ക് ആദ്യത്തെ കൺമണി പിറന്നത്. ആത്മജ മഹാദേവ് എന്നാണ് മകന് ഇരുവരും ചേർന്ന് പേരിട്ടിരിക്കുന്നത്. ലൈം ലൈറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ദേവിക ഇപ്പോൾ ആത്മജ സെന്ററിന്റെ പ്രവർത്തനങ്ങളും യുട്യൂബ് വ്ലോഗിങ്ങുമെല്ലാമാണ് ചെയ്യുന്നത്.
നല്ലൊരു നർത്തകി കൂടിയായ ദേവികയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ പിറന്നാൾ ദിവസം ദേവിക പറഞ്ഞ ചില കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് വിജയ് മാധവ് ഇരുവരുടെയും യുട്യൂബ് ചാനലിൽ.
താൻ ദൈവത്താൽ വളരെ അധികം അനുഗ്രഹിക്കപ്പെട്ട പെൺകുട്ടിയാണെന്നാണ് ദേവിക പറയുന്നത്. പിറന്നാൾ ദിനത്തിൽ രാവിലെ തന്നെ എഴുന്നേറ്റ് അനുഗ്രഹീതമായ ജീവിതം തന്നതിന് ദൈവത്തിനോട് നന്ദി പറഞ്ഞുവെന്നും പുതിയ വീഡിയോയിൽ ദേവിക പറയുന്നു. തുടക്കത്തിൽ യുട്യൂബ് ചാനൽ നടത്തുന്നതിനോട് ദേവികയ്ക്ക് എതിർപ്പായിരുന്നു.
അക്കാര്യം താൻ വിജയിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാലിപ്പോൾ താനും യുട്യൂബ് വീഡിയോ ചെയ്യാൻ വളരെ അധികം ഇഷ്ടപ്പെടുന്നുവെന്നും അടുത്തിടെ ദേവിക പറഞ്ഞിരുന്നു. അടുക്കളയിൽ രാവിലത്തെ ജോലിയുമായി തിരക്കിലായിരുന്ന ദേവികയ്ക്ക് വിജയ് പിറന്നാൾ ആശംസിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. രജിനികാന്തിന്റെ പിറന്നാളും ഇന്നാണെന്ന് വിജയ് പറഞ്ഞപ്പോൾ ദേവികയ്ക്കും അത്ഭുതമായി.

ദേവികയുടെ നാൾ അനുസരിച്ചുള്ള പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ദേവികയുടെ പിറന്നാൾ ആഘോഷത്തിനായി അച്ഛനും അനിയനുമെല്ലാം വീട്ടിൽ എത്തിയതിനെ കുറിച്ച് വിജയ് പറഞ്ഞപ്പോഴാണ് താൻ വളരെ അധികം അനുഗ്രഹീതയായ പെൺകുട്ടിയാണെന്ന് ദേവിക പറഞ്ഞത്. 'ഞാൻ അനുഗ്രഹീതയാണ്. എനിക്ക് ഈശ്വരൻ തന്നതെല്ലാം നന്മകളാണ്.'
'ഞാൻ അതേ കുറിച്ച് രാവിലെ ആലോചിച്ച് ദൈവത്തോട് നന്ദി പറഞ്ഞു. എനിക്ക് നല്ല അച്ഛനേയും അമ്മയേയും ബന്ധുക്കളേയും എല്ലാം ദൈവം തന്നു. പക്ഷെ ഞാൻ ഒരിക്കലും എന്റെ കല്യാണം നന്നാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എനിക്ക് വേണ്ടൊരാളെ ദൈവം തന്നു. എന്തുകൊണ്ടാണ് വിജയിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.'
'പക്ഷെ എനിക്ക് ഉറപ്പായിരുന്നു ഈശ്വരൻ എനിക്ക് തരുന്നുണ്ടെങ്കിൽ അത് പെർഫെക്ട് മാച്ചായിരിക്കുമെന്ന്. സ്നേഹത്തിന്റെ അടക്കം എല്ലാ കാര്യത്തിലും എനിക്ക് വിജയിയും കുടുംബവും പെർഫെക്ട് മാച്ചാണ്. ഈശ്വരൻ അവസാനമായി എനിക്ക് തന്ന അനുഗ്രഹം ആത്മജയാണെന്നും', വീഡിയോയിൽ ദേവിക പറഞ്ഞു.
വിവാഹ ജീവിതത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ദേവിക പറയുമ്പോഴെല്ലാം താൻ കാശ് കൊടുത്ത് പറയിപ്പിച്ചതല്ലെന്ന് വിജയ് മാധവ് ഇടയ്ക്ക് തമാശയായി പറയുന്നുണ്ടായിരുന്നു. പിറന്നാൾ സമ്മാനം വേണ്ടേയെന്ന് വിജയ് ചോദിച്ചപ്പോൾ ഈ ജീവിതം തന്നെ തനിക്ക് കിട്ടിയ വലിയ സമ്മാനമാണെന്നാണ് ദേവിക പറഞ്ഞത്.


Click it and Unblock the Notifications