'ഒന്നും തിരികെ തരാനില്ലല്ലോ'; പ്രണയദിനത്തിൽ വിജയ്ക്ക് നായികയുടെ സർപ്രൈസ്, താങ്കൾ എന്നുള്ള വിളി ഒഴിവാക്കൂ!
സോഷ്യൽമീഡിയയിലൽ സജീവമായിട്ടുള്ള സെലിബ്രിറ്റി കപ്പിളാണ് ഗായകൻ വിജയ് മാധവും അഭിനേത്രി ദേവിക നമ്പ്യാരും. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടെ കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. ആൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. ആത്മജ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. വിജയ് മാധവും ദേവികയും വിവാഹശേഷമാണ് യുട്യൂബ് വ്ലോഗിങിൽ സജീവമായത്.
പാചകം, യാത്രകൾ, തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ, പാട്ട് റീ റെക്കോർഡിങ് എന്നിവയെല്ലാമാണ് വിജയിയുടെയും ദേവികയുടെയും യുട്യൂബ് ചാനലിൽ കണ്ടന്റായി വരാറുള്ളത്. സംഗീതം, യോഗ, നൃത്തം എന്നിവയ്ക്കെല്ലാമായി അടുത്തിടെ ദമ്പതികൾ ചേർന്ന് ആത്മജ സെന്റർ എന്ന പേരിൽ ഒരു സ്ഥാപനവും ആരംഭിച്ചിരുന്നു. ഗർഭിണിയായശേഷം ദേവിക അഭിനയത്തിൽ നിന്നും മിനിസ്ക്രീനിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്.

മകന്റെ കാര്യങ്ങളും ആത്മജ സെന്ററിന്റെ കാര്യങ്ങളുമാണ് ദേവിക ഏറെയും ഇപ്പോൾ നോക്കി നടത്തുന്നത്. ഇരുവരും യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ പ്രണയദിനത്തിൽ ഇരുവരും യുട്യൂബിൽ പങ്കിട്ട വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. കിടിലൻ ഒരു സർപ്രൈസാണ് വിജയ്ക്ക് വേണ്ടി ദേവിക ഒരുക്കിയത്.
മുറി മുഴുവൻ ചുവന്ന ഹാർട്ട് ഷേപ്പിലുള്ള ബലൂണുകൾ കൊണ്ട് ദേവിക അലങ്കരിച്ചിരുന്നു. ഒപ്പം ക്രീം നിറവും ചുവപ്പും കലർന്ന ഒരു കേക്കും വാലന്റൈൻസ് ഡെ സ്പെഷ്യലായി വാങ്ങിവെച്ചിരുന്നു. മകൻ ആത്മജയ്ക്കൊപ്പം മുറിയിലേക്ക് കയറി വന്ന വിജയ് ദേവികയുടെ സർപ്രൈസ് കണ്ട് ഞെട്ടി.
പ്രണയദിനത്തിൽ ദേവിക എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്ത് കാണുമെന്ന് ഒരു ചെറിയ തോന്നൽ തനിക്കുണ്ടായിരുന്നുവെന്ന് വിജയ് പറയുന്നതും വീഡിയോയിൽ കേൾക്കാം. ആദ്യമായാണ് ദേവിക ഒറ്റയ്ക്ക് ഇത്തരമൊരു സർപ്രൈസ് ഭർത്താവിന് വേണ്ടി പ്ലാൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് വിജയിക്കുമോ ഇല്ലയോ എന്നതിൽ സംശയമുണ്ടായിരുന്നുവെന്ന് ദേവിക വീഡിയോയിൽ പറയുന്നുണ്ട്.
ഒരു കേക്കിലും കുറച്ച് ചുവന്ന ബലൂണുകളിലും ഒതുങ്ങുന്നതായിരുന്നില്ല ദേവികയുടെ പ്രണയ ദിന സർപ്രൈസ്. വിജയിയുടെ വിരലിൽ അണിയിക്കാൻ സ്വർണ്ണത്തിൽ തീർത്ത ഒരു മോതിരവും വാങ്ങി വെച്ചിരുന്നു ദേവിക. അതും കൂടി കണ്ടതോടെ വിജയ് അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇതൊക്കെ എങ്ങനെ എപ്പോൾ സംഭവിച്ചുവെന്ന് വിജയ് തുടരെ തുടരെ ദേവികയോട് ചോദിക്കുന്നുണ്ടായിരുന്നു.

അതിൽ നിന്ന് തന്നെ വിജയ് ശരിക്കും സർപ്രൈസായി എന്നത് വ്യക്തമാണ്. ദേവിക മോതിരം വിരലിൽ അണിയിച്ച് കൊടുത്തപ്പോൾ 'ഒന്നും തിരികെ തരാനില്ലല്ലോ...' എന്നാണ് വിജയ് തിരികെ ചോദിച്ചത്. തനിക്കും ഒന്നും ആവശ്യമില്ലെന്നായിരുന്നു ദേവികയുടെ പ്രതികരണം. ഒരു പവിത്രകെട്ട് ഡിസൈനുള്ള മോതിരം വിജയിക്കായി വാങ്ങാനായിരുന്നു ദേവികയുടെ പ്ലാൻ. പക്ഷെ അതിനായി ഒരുപാട് കടകളിൽ അന്വേഷിച്ചുവെങ്കിലും ലഭിച്ചില്ല.
അതുകൊണ്ട് മറ്റൊരു ഡിസൈനിലുള്ള മോതിരമാണ് ദേവിക വാങ്ങിയത്. ഇരുവരുടെയും ചെറിയ പ്രണയദിനാഘോഷം ആരാധകരെയും സന്തോഷിപ്പിച്ചുവെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്. അതേസമയം ചില വിമർശനങ്ങളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. വിജയിയും ദേവികയും പരസ്പരം എന്തിനാണ് താങ്കൾ എന്ന് വിളിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം.
ആ വിളി ഒഴിവാക്കാനും ചിലർ നിർദേശിച്ചിട്ടുണ്ട്. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നിങ്ങൾ പരസ്പരം താങ്കളെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരിത്, ഈ താങ്കളെ എന്നുള്ള വിളി മാറ്റിയാൽ നന്നായിരുന്നു. റിലേഷന് കുറെ ദൂരം ഉള്ളതുപോലെ തോന്നുകയാണ് ആ വിളി കേൾക്കുമ്പോൾ. അതുപോലെ ദേവികയുടെ അമ്മയുടെ മാഷേ വിളിയും ഒരു സുഖമില്ലാത്തതാണ് എന്നൊക്കെയാണ് കമന്റുകൾ വന്നത്.
മറ്റ് ചിലർ കുഞ്ഞിനെ പാമ്പേഴ്സ് നിരന്തരമായി ധരിപ്പിക്കുന്നതിലും എടുത്ത് കൊണ്ട് നടക്കുന്നതിലും എതിർപ്പ് പ്രകടിപ്പിച്ചും ആ ശീലം മാറ്റാൻ ഉപദേശിച്ചുമുള്ള കമന്റുകളാണ് കുറിച്ചത്. പക്ഷെ ഇവയോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications