സ്വാർത്ഥ ലാഭത്തിന് വേണ്ടി മക്കളെ പീഡിപ്പിക്കരുത്; രവിയും ആർതിയും ഇവരെ മാതൃകയാക്കൂ, കുടുംബ ചിത്രവുമായി ധനുഷ‍്!
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിരവധി വിവാഹമോചനങ്ങൾ നടന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായതും ആരാധകർക്ക് പോലും വിശ്വസിക്കാൻ കഴിയാതെ പോയതുമായ ഒരു വേർപിരിയൽ ധനുഷും ഐശ്വര്യ രജിനികാന്തും ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതായിരുന്നു. പതിനെട്ട് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത് 2022ൽ ആണ്.
സോഷ്യൽമീഡിയ പോസ്റ്റിലൂടെയായിരുന്നു ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. പിന്നീട് കുടുംബകോടതി വഴി 2024ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. വേർപിരിയാനുണ്ടായ കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭാര്യ ഭർതൃബന്ധം മാത്രമെ ഇരുവരും വേർപ്പെടുത്തിയിട്ടുള്ളു മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും വേണ്ടതെല്ലാം മാതാപിതാക്കൾ എന്ന രീതിയിൽ ചെയ്യുന്നുണ്ട്.

രണ്ട് ആൺകുട്ടികളും ഇരുവർക്കും ഒപ്പം മാറി മാറിയാണ് താമസം. മാത്രമല്ല മക്കളുടെ പഠനവുമായി ബന്ധപ്പെട്ടതും അല്ലാതെ അവർക്ക് പിന്തുണ വേണ്ട സമയങ്ങളിലും ഇരുവരും മാതാപിതാക്കളെന്ന നിലയിൽ ഒന്നിച്ച് തന്നെ എല്ലായിടത്തും പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ വേർപിരിയൽ മക്കളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കരുതെന്ന നിർബന്ധം ഇരുവർക്കുമുണ്ട്.
ഇപ്പോഴിതാ ആദ്യമായി തന്റെ സോഷ്യൽമീഡിയ പേജിൽ മുൻ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് എത്തിയിരിക്കുകയാണ് ധനുഷ്. വേർപിരിഞ്ഞിട്ട് മൂന്ന് വർഷത്തോട് അടുക്കുമ്പോൾ ഇത്തരമൊരു ഫോട്ടോ നടൻ പങ്കിടാനുള്ള കാരണം മൂത്ത മകനാണ്. യാത്രയുടെ സ്കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. സ്കൂൾ പഠനം പൂർത്തിയാക്കിയ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തി.
ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് ധനുഷ് പ്രൗഡ് പാരന്റ്സ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചത്. ഒപ്പം രണ്ട് ചുവന്ന ഹാർട്ട് ഇമോജികളും ധനുഷ് ചേർത്തിട്ടുണ്ട്. യാത്ര എന്ന ഹാഷ്ടാഗും ക്യാപ്ഷനൊപ്പം കാണാം. ക്രീം നിറത്തിലുള്ള ഷോർട്ട് ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം. വെളുത്ത നിറത്തിലുള്ള ലോങ് സ്ലീവ് ഷർട്ടും കറുത്ത പാന്റും ആയിരുന്നു ധനുഷിന്റെ വേഷം. താടി വടിച്ച് കോപ്പ് സ്റ്റൈൽ മീശയും ഹെയർ കട്ടുമുള്ള പുത്തൻ ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെട്ടത്.
നടന്റെ മേക്കോവറിന് പിന്നിൽ ഏതോ വലിയ പ്രോജക്ട് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചനയാണെന്നും കമന്റുകളുണ്ട്. ധാനുഷിന്റെ കുടുംബ ചിത്രം അതിവേഗത്തിൽ വൈറലായി. ഗായകൻ വിജയ് യേശുദാസ് അടക്കമുള്ള സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഫോട്ടോയ്ക്ക് സ്നേഹവും കമന്റും അറിയിച്ച് എത്തി. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ ഫോട്ടോയെന്നും കമന്റുകളുണ്ട്.

ധനുഷിന്റെ ജീവിതം പലർക്കും മാതൃകയാക്കാവുന്നതാണെന്നും കമന്റുകളുണ്ട്. വേർപിരിയലിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വന്ന് വിഴിപ്പ് അലക്കിയതിന് അടുത്തിടെ വേർപിരിഞ്ഞ രവി മോഹനേയും ആർതിയേയും ചിലർ കമന്റ് ബോക്സിൽ വിമർശിച്ചു. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മക്കളെ കൂടി ഉൾപ്പെടുത്തി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു ആർതിയും രവിയും.
പിതാവെന്ന രീതിയിൽ മക്കളുടെ ഒരു കാര്യങ്ങളും രവി അന്വേഷിക്കുന്നില്ലെന്നായിരുന്നു ആർതി ആരോപിച്ചത്. എന്നാൽ തന്റെ മക്കളെ കാണാൻ പോലുമുള്ള അനുവാദം ആർതി തനിക്ക് നൽകിയിട്ടില്ലെന്നായിരുന്നു രവി ആരോപിച്ചത്. സ്വാർത്ഥ ലാഭത്തിന് വേണ്ടി മക്കളെ മാനസീകമായി പീഡിപ്പിക്കരുത് എന്നാണ് അന്ന് രവിയേയും ആർതിയേയും വിമർശിച്ച് ഏറെയും പേർ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ധനുഷിന് ഉള്ളതുപോലെ തന്നെ രണ്ട് ആൺ കുട്ടികളാണ് രവി മോഹനും ആർതിക്കും. വിവാഹമോചനം പ്രഖ്യാപിച്ചശേഷം മക്കൾ ആർതിക്കൊപ്പമാണ്. അതേസമയം മാസം നാൽപ്പത് ലക്ഷം രൂപ ജീവനാംശമായി ആർതി രവിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications











