കുട്ടിക്കാലത്ത് ഇഡ്ലി കഴിക്കാൻ പണമില്ലെന്ന് ധനുഷ്; താരത്തിന്റെ കള്ളം പൊളിച്ച് നെറ്റിസൺസ്
പ്രശസ്ത സിനിമാ താരം ധനുഷ് ഇന്ന് നടൻ മാത്രമല്ല, ഒരു സംവിധായകനും കൂടിയാണ്. ഇഡ്ലി കടൈ എന്ന താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് തമിഴിലെ ബഹുമുഖ പ്രതിഭ. എന്നാൽ, അടുത്തിടെ നടന്ന ഇഡ്ലി കടൈ ഓഡിയോ ലോഞ്ച് പരിപാടിയിൽ വച്ച് ധനുഷ് നടത്തിയ പ്രസംഗം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. ചെറുപ്പകാലത്ത് അനുഭവിച്ച ദാരിദ്ര്യത്തെ കുറിച്ച് താരം പറഞ്ഞ കഥകളാണ് സിനിമ പ്രേമികളെ അമ്പരപ്പിച്ചത്. അതിന്റെ പേരിൽ ധനുഷ് ഇപ്പോൾ ട്രോളുകളും നേരിടുന്നുണ്ട്.
അടുത്തിടെ നടന്ന പല പൊതു പരിപാടികളും, അസുരൻ താരം തന്റെ ദുരിതങ്ങൾ നിറഞ്ഞ കുട്ടിക്കാലത്തെ കുറിച്ച് പറയാറുണ്ട്. ഇഡ്ഡ്ലി കടൈ ഓഡിയോ ലോഞ്ച് പരിപാടിയിൽ, ചെറുപ്പത്തിൽ ഇഡ്ലി വാങ്ങി കഴിക്കാൻ പോലും പണമില്ലാതിരുന്ന വ്യക്തിയാണ് താനെന്ന് ധനുഷ് അവകാശപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ വലിയ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. പ്രശസ്ത സംവിധായകൻ കസ്തൂരിരാജയുടെ മകനാണ് താൻ എന്നത് മറന്ന്, ഒരു സാധാരണക്കാരനായി നടൻ അഭിനയിക്കുന്നുവെന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്.

"കുട്ടിക്കാലത്ത് എനിക്ക് എല്ലാ ദിവസവും ഇഡ്ഡലി കഴിക്കാൻ കൊതിയായിരുന്നു, പക്ഷേ എനിക്ക് അത് വാങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങൾ അയൽപക്കത്ത് നിന്ന് പൂക്കൾ ശേഖരിക്കാൻ തുടങ്ങി. ദിവസവും ഞങ്ങൾ ശേഖരിക്കുന്ന പൂക്കളുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കും ഞങ്ങൾക്ക് പണം ലഭിക്കുക. എന്റെ സഹോദരിയും ബന്ധുക്കളും ഞാനും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം ഇത് ചെയ്യുമായിരുന്നു," ധനുഷ് ഓർത്തെടുത്തു.
അന്ന് ഇഡ്ഡലി കഴിച്ചപ്പോൾ കിട്ടിയിരുന്ന സംതൃപ്തി ഇപ്പോൾ താങ്ങാൻ കഴിയുമ്പോൾ ഒന്നുമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ജോലിക്ക് ഞങ്ങൾക്ക് രണ്ട് രൂപയിൽ കൂടുതൽ കിട്ടുമായിരുന്നു . പിന്നെ, ഞങ്ങൾ ഒരു പ്രാദേശിക പമ്പ് സെറ്റിലേക്ക് പോയി കുളിച്ച് ഒരു ടവ്വൽ മാത്രം ധരിച്ച് പ്രധാന റോഡിലൂടെ നടക്കുമായിരുന്നു. ആ പണത്തിന്, ഞങ്ങൾക്ക് നാലോ അഞ്ചോ ഇഡ്ഡലികൾ കിട്ടുമായിരുന്നു. സ്വന്തം കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയെയും രുചിയെയും മറികടക്കാൻ മറ്റൊന്നിനും കഴിയില്ല. എന്റെ കുട്ടിക്കാലത്ത് എനിക്ക് റസ്റ്റോറന്റുകളിൽ ഉണ്ടായിരുന്ന സന്തോഷവും രുചിയും ഇപ്പോൾ എനിക്ക് ലഭിക്കുന്നില്ല," നടൻ പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന്റെ ഈ വാദങ്ങൾ മുഴുവനും കള്ളമാണെന്ന് സംശയിക്കുകയാണ് ഇന്റർനെറ്റ് പ്രേക്ഷകർ. താൻ ഒരു 'നെപ്പോ കിഡ്' ആണെന്നത് മറച്ചു വയ്ക്കാൻ ധനുഷ് പാടുപെടുകയാണെന്ന് നെറ്റിസൺസ് ആരോപിക്കുന്നു. തന്റെ മുൻ ഭാര്യാപിതാവ് രജിനികാന്തിനെ പോലെ, ഒന്നുമില്ലായ്മയിൽ നിന്ന് വന്നവനാണ് താനെന്ന് കാണിക്കാനുള്ള നടന്റെ ശ്രമങ്ങളെ സോഷ്യൽ മീഡിയ വെളിച്ചത്ത് കൊണ്ടുവരികയാണ്.
കാരണം, ധനുഷ് ജനിക്കുമ്പോൾ തന്നെ അദ്ധേഹത്തിന്റെ അച്ഛൻ കസ്‌തൂരിരാജ തമിഴിൽ അറിയപ്പെടുന്ന സംവിധായകൻ ആയിരുന്നു. ഇത് പല അഭിമുഖത്തിലും നടന്റെ മൂത്ത സഹോദരനും, സംവിധായകനുമായ സെൽവരാഘവൻ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. ഒരുപാട് വലിയ ഉയരങ്ങളിൽ എത്തിയില്ലെങ്കിലും, അത്യാവശ്യം പേരും, പ്രശസ്തിയും, വരുമാനവും ഉള്ള ഫിലിംമേക്കർ തന്നെയായിരുന്നു ഇവരുടെ അച്ഛൻ. ഒരു സാധാരണക്കാരനെ പോലെ ആയിരുന്നില്ല നടൻ സിനിമയിൽ അരങ്ങേറിയത് എന്നും, അദ്ധേഹത്തിന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത് അച്ഛൻ കസ്‌തൂരിരാജ തന്നെയായിരുന്നു എന്നും നെറ്റിസൺസ് ഓർമിപ്പിക്കുന്നു.


Click it and Unblock the Notifications