'രജനികാന്ത് ചെയ്യുന്നെങ്കിൽ ധനുഷും ചെയ്യേണ്ടതല്ലേ?, അവധി ആഘോഷമോ വിശ്രമമോ ഇല്ല, അമ്മായിയച്ഛനാണ് മാതൃക'
തമിഴ് ഇന്റസ്ട്രി ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച മികച്ച അഭിനേതാക്കളിൽ ഒരാളാണ് ധനുഷ്. സിനിമയിലേക്ക് വരാൻ ജേഷ്ഠനും പിതാവും കൈ സഹായം നൽകിയെങ്കിലും സൂപ്പർ താരമായി വളർന്നത് നടന്റെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഒന്ന് കൊണ്ട് മാത്രമാണ്. ഇടയ്ക്ക് ഒന്ന് വഴി മാറിയെങ്കിലും ഇപ്പോൾ ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. സംവിധാനത്തിൽ അടക്കം ധനുഷിന്റേതായി വരാനുള്ള പ്രോജക്ടുകളെല്ലാം നല്ല പ്രതീക്ഷയും നൽകുന്നവയുമാണ്.
തമിഴ് സിനിമയിലെ ഓൾ റൗണ്ടറായ താരം ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള സൂപ്പർ താരങ്ങളിൽ ഒരാളാണ്. നാൽപ്പത്തിയൊന്നുകാരനായ താരം കുറഞ്ഞ കാലയളവിൽ സൃഷ്ടിച്ചത് പലർക്കും സൃഷ്ടിക്കാൻ കഴിയാതെ പോയ റെക്കോർഡുകളാണ്. ഒരിക്കൽ പോലും സിനിമ ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകാനുള്ള സാഹചര്യം ധനുഷ് സൃഷ്ടിച്ചിട്ടില്ല.

സിനിമയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാൻ നടൻ തയ്യാറായിരുന്നു. അതുകൊണ്ട് കൂടിയാണ് ദേശീയ തലത്തിൽ അടക്കം പലവട്ടം ധനുഷിലെ പ്രതിഭ ആദരിക്കപ്പെട്ടത്. സിനിമാ ജീവിതം 23 ആം വർഷത്തിൽ എത്തി നിൽക്കുമ്പോൾ കൈ നിറയെ സിനിമകളാണ് താരത്തിന്. സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമായ ചിത്രങ്ങൾ അടക്കം അതിൽ ഉൾപ്പെടും.
രായനായിരുന്നു അവസാനം റിലീസ് ചെയ്ത ധനുഷ് സിനിമ. നടൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. പക്ഷെ സിനിമ ബോക്സ് ഓഫീസിൽ വലിയ ഹിറ്റൊന്നും സൃഷ്ടിച്ചില്ലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. വലിയ പരിചയസമ്പത്തില്ലാത്ത സംവിധായകന്റെ സിനിമയാണെന്ന തോന്നലൊന്നും രായന്റെ മേക്കിങ്ങിലൂടെ ധനുഷ് പ്രേക്ഷകർക്ക് നൽകിയില്ല.
അതുകൊണ്ട് ഭാവിയിൽ നല്ല പ്രോജക്ടുകൾ ധനുഷിൽ നിന്നും വരുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. നിലവുക്ക് എൻ മേൽ എന്നടി കോപമാണ് ധനുഷ് സംവിധാനം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. മലയാളിയായ യുവനടി അനിഖ സുരേന്ദ്രൻ, പവിഷ്, മാത്യു, പ്രിയ വാര്യർ അടക്കമുള്ളവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയാണ് ധനുഷിന് എല്ലാം. സെറ്റിൽ നിന്നും സെറ്റിലേക്കുള്ള യാത്രകളാണ് താരത്തിന്റെ ജീവിതം. പൊതുവെ താരങ്ങൾ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞാൽ കുടുംബവും കുട്ടികളുമായി വിദേശത്ത് പോയി അവധി ആഘോഷിച്ച് വിശ്രമിക്കും. എന്നാൽ അത്തരം യാത്രകൾ ധനുഷിന്റെ ജീവിതത്തിൽ വളരെ വിരളമാണ്. ഷൂട്ടിങ് സെറ്റിലേക്ക് മക്കളേയും ഒപ്പം കൂട്ടിയാണ് അവർക്കൊപ്പം നടൻ സമയം ചിലവഴിക്കാൻ ശ്രമിക്കുന്നത്.

നിലവുക്ക് എൻ മേല്‍ എന്നടി കോപം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ താരം നേരെ പോയത് ആനന്ദ് എൽ റോയിയുടെ പുതിയ സിനിമയുടെ സെറ്റിലേക്കാണ്. ഇത്രത്തോളം വർക്ക്ഹോളിക്കായിട്ടുള്ള തമിഴിലെ മറ്റൊരു സൂപ്പർ താരം രജനികാന്താണ്. ധനുഷിന്റെ ബിസി ഷെഡ്യൂൾ ജീവിതം കാണുമ്പോൾ എഴുപത്തിനാലിലും വിശ്രമജീവിതം നയിക്കാതെ ചെറുപ്പക്കാരെക്കാൾ ചുറുചുറുക്കോടെ സെറ്റിലെത്തുന്ന തലൈവരെ ഓർമ വരുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ.
അമ്മായിയച്ഛനെയാണ് ധനുഷ് മാതൃകയാക്കിയിരിക്കുന്നതെന്നും രജനികാന്ത് 74ൽ ഇത് ചെയ്യുന്നെങ്കിൽ ധനുഷ് നാൽപ്പത്തിയൊന്ന് വയസിൽ ഇത് ചെയ്യേണ്ടതല്ലേ എന്നുമാണ് ആരാധകരുടെ കമന്റുകൾ. അതേസമയം ഒരു വിഭാഗം ആരാധകർ ഇത്രയധികം കഠിനാധ്വാനം ചെയ്ത് അക്ഷീണം പ്രവർത്തിക്കുന്ന ധനുഷിന് ഒരു ഇടവേള എടുക്കാൻ തോന്നുന്നില്ലേയെന്നും ആശ്ചര്യപ്പെടുന്നുണ്ട്.
സൂപ്പർതാരമായതുകൊണ്ട് തന്നെ ഷൂട്ടിങ് ദിവസങ്ങൾ ഡിമാന്റ് ചെയ്യാൻ സാധിക്കുന്ന നടൻ കൂടിയാണ് ധനുഷ്. പക്ഷെ ധനുഷ് ഒരിക്കലും അതിന് മുതിരാറില്ല. സമാന സ്വഭാവക്കാരനാണ് രജനികാന്ത്. സൂപ്പർസ്റ്റാറെന്ന ലേബലിൽ കിട്ടുന്ന സൗകര്യങ്ങളും ഒഴിവ് കഴിവുകളും രജനികാന്തും അന്നും ഇന്നും ഉപയോഗിക്കാറില്ല. പണ്ട് മുതൽ രജനി ഫാനാണ് ധനുഷ്. അതുകൊണ്ട് കൂടിയാണ് തൊഴിൽ ചെയ്യുമ്പോൾ പ്രിയപ്പെട്ട താരത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ധനുഷും ശ്രമിക്കുന്നത്.


Click it and Unblock the Notifications