'ചെന്നാലുടൻ അത്ഭുതം സംഭവിക്കുന്ന ഇടമല്ല കൃപാസനം, മെച്ചപ്പെട്ട മനുഷ്യനാകണം, ആദ്യം പേടിച്ച് പിന്മാറിയിരുന്നു'
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ധന്യ മേരി വര്‍ഗീസും കുടുംബവും. ഒരിടയ്ക്ക് കൃപാസനത്തിൽ പോയി സാക്ഷ്യം പറയുന്ന ധന്യയുടെ വീഡിയോ വൈറലായിരുന്നു. അന്ന് നിരവധി ട്രോളും പരിഹാസവും എല്ലാം താരം ഏറ്റുവാങ്ങായിരുന്നു. കൃപാസനത്തിൽ താൻ സാക്ഷ്യം പറഞ്ഞത് കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണെന്നും ആര് എന്ത് പറഞ്ഞാലും തന്റെ വിശ്വാസങ്ങളിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞു.
നമ്മൾ ചെല്ലുമ്പോൾ തന്നെ അത്ഭുതം സംഭവിക്കുന്ന ഇടമല്ല കൃപാസനം. അവിടെ ചെന്ന് കയറിയാലുടൻ ഈ അത്ഭുതം നടക്കുമെന്നതും ഇല്ല. അവിടെ ചെന്നാൽ ഉടമ്പടി പോലൊന്ന് കിട്ടും. ഉടമ്പടി എടുത്താൽ നമ്മൾ ലൈഫിൽ ചില മാറ്റങ്ങൾ വരുത്തണം.

ദിവസവും നമ്മൾ ആഗ്രഹിക്കുന്ന കാര്യം മനസിൽ വെച്ച് നമ്മൾ പ്രാർത്ഥിക്കണം. ആഗ്രഹിച്ച് ദിവസവും പ്രാർത്ഥിക്കുമ്പോൾ അത് പോസിറ്റിവിറ്റിയാണ്. രോഗികളായിട്ടുള്ള ആളുകളെ ഹെൽപ്പ് ചെയ്യാൻ പറയും. ആതുരസേവനങ്ങൾ ചെയ്യാൻ നമ്മൾ തയ്യാറാകണം. കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി ഉടമ്പടി എടുക്കുന്ന സമയത്ത് നമ്മൾ മാറണം. അതൊക്കെ ചെയ്യുമ്പോൾ നമുക്ക് അനുഗ്രഹമായി നമ്മുടെ ആവശ്യങ്ങൾ സാധിച്ച് കിട്ടും.
അല്ലാതെ അത്ഭുതങ്ങൾ സംഭവിക്കുന്നുവെന്നതല്ല. നമ്മൾ ബെറ്ററാകുമ്പോൾ കിട്ടുന്ന അനുഗ്രഹമാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. പിന്നെ നമ്മൾ നിരന്തരമായി പ്രാർത്ഥിക്കുമ്പോൾ മനസിന്റെ വിഷമം ദൈവം കാണുമെന്ന് പറയുന്നതുമുണ്ട്. പ്രാർത്ഥിക്കുന്ന സമയത്ത് എനിക്ക് മീഡിയേറ്ററായാണ് മാതാവ് പ്രവർത്തിക്കുന്നത്.
മാതാവ് വഴി പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥനയ്ക്ക് ശക്തി കൂടുന്നതായി തോന്നിയിട്ടുണ്ട്. മാതാവിനോട് എന്റെ വിഷമങ്ങൾ പറയാനാണ് ഞാൻ കൃപാസനത്തിൽ പോകുന്നത്. എന്റെ ആവശ്യങ്ങൾ സാധിച്ച് എടുക്കാനായിട്ട് അല്ല പോകാറുള്ളത്. വിഷമങ്ങൾ പറയാനാണ്. അത് കണ്ട് അറിഞ്ഞ് മാറ്റി തരുന്ന പവർ മാതാവിനുണ്ട്. അതാണ് എന്നും എന്റെ വിശ്വാസം. വിശ്വസിച്ചാൽ ലഭിക്കുമെന്ന് പറയില്ലേ. അതാണ് കൃപാസനത്തിൽ വരുന്നവർക്ക് ലഭിക്കുന്നത്.
അവർ വിശ്വാസത്തോടെ അവിടേയ്ക്ക് വരുന്നു. എല്ലാവരും പറയുന്നത് പോലെയല്ല പ്രാർത്ഥനയിലൂടെ നടക്കുന്ന അത്ഭുതത്തെ കാണേണ്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. ഉറച്ച വിശ്വാസമുണ്ടെങ്കിൽ ആവശ്യം സാധിച്ച് കിട്ടും. എന്റെ കൂടെ വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റാണ് ആനന്ദേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യ കൃപാസനത്തിൽ നിരന്തരം പോകാറുള്ളയാളാണ്.

അവർ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത് എന്നാണ് എന്റെ ഓർമ. ആറ്, ഏഴ് വർഷമായി. ആദ്യം പോകണമെന്ന തീരുമാനം ഉണ്ടായിരുന്നില്ല. പിന്നീട് എനിക്ക് ഒരു ആവശ്യം വന്നു. എന്റെ മമ്മിക്ക് വേണ്ടിയായിരുന്നു അത്. ചില സമയത്ത് ദൈവം മാത്രമാണ് സഹായിക്കാനുള്ളതെന്ന് മനസിലാകുന്ന സമയത്ത് നമ്മൾ ചെന്ന് പെടും ചിലയിടങ്ങളിൽ. അങ്ങനെയാണ് ഞാൻ കൃപാസനത്തിൽ എത്തിയത്. ഇഷ്ടമുള്ള ആവശ്യങ്ങൾ എഴുതി കൊടുത്ത് പ്രാർത്ഥിക്കാം.
ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾക്ക് എല്ലാം ഉത്തരം കിട്ടി. അതുകൊണ്ട് തന്നെ അതിന് സാക്ഷ്യം പറയണമെന്ന് തോന്നി. പിന്നീട് ഒരിക്കൽ ആ വഴി പോയപ്പോൾ അത് അവിടെ കയറി പറഞ്ഞു. ആർട്ടിസ്റ്റായിട്ടും ഇങ്ങനെ മുന്നോട്ട് വന്ന് സാക്ഷ്യം പറയാൻ കാണിച്ച ധൈര്യത്തെ സമ്മതിച്ചുവെന്ന് പലരും എന്നോട് പറയാറുണ്ട്. ആദ്യം ഞാൻ പേടിച്ച് പിന്മാറിയിരുന്നു.
ആർട്ടിസ്റ്റായ ഞാൻ സാക്ഷ്യം പറഞ്ഞാൽ ആളുകൾ എങ്ങനെ എടുക്കും എന്നൊക്കെ ചിന്തിച്ചിരുന്നു. വിശ്വാസം തുറന്ന് കാണിക്കാൻ ഒരു മടി. പക്ഷെ ആ വഴി പോയപ്പോൾ കൃപാസനത്തിന് അടുത്ത് വെച്ച് വണ്ടി ബ്രേക്ക് ഡൗണായി. നന്നാക്കാൻ മണിക്കൂറുകൾ എടുക്കും. സാക്ഷ്യം പറയാൻ വിമുഖ കാണിച്ചതുകൊണ്ടാകും വണ്ടി ഇവിടെ വെച്ച് തന്നെ ബ്രേക്ക് ഡൗണായതെന്ന കുറ്റബോധം വന്നു.
അവിടെയുള്ള പലരും എന്നെ സാക്ഷ്യം പറയാൻ സഹായിച്ചു. ഒരു ക്യു പോലും നിന്നില്ല. പ്രിപ്പെയർ ചെയ്യാതെയാണ് പറഞ്ഞത്. വൈറലാകുമെന്ന് കരുതിയില്ല. സോഷ്യൽമീഡിയ വന്നശേഷം ആർക്കും ആരെയും കുറ്റപ്പെടുത്താമെന്ന രീതിയായി. ഞാൻ എന്റെ വിശ്വാസം പറഞ്ഞു. അതിൽ നിന്ന് ആര് എന്ത് പറഞ്ഞാലും ഞാൻ മാറില്ലെന്നും ധന്യ പറയുന്നു.


Click it and Unblock the Notifications











