ഭര്‍ത്താവിന്റെ വീട്ടുകാരാണ് പ്രശ്‌നത്തിലായത്, നടിയായത് കൊണ്ട് വഴിയിലൂടെ പോകുന്നതെല്ലാം തലയില്‍ വരും; ധന്യ മേരി
സിനിമയില്‍ നായികയായി തിളങ്ങി നിന്നിരുന്ന നടി ധന്യ മേരി വര്‍ഗീസ് ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സീരിയലുകളില്‍ സജീവമായ നടിയ്ക്ക് വലിയ പ്രേക്ഷക പിന്തുണയുണ്ട്. ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തിലും ധന്യ പങ്കെടുക്കുകയും ആരാധകരുടെ ഇഷ്ടടം നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ധന്യയ്ക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പേര് കൂടി വന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. എന്നാല്‍ താനുമായി യാതൊരു ബന്ധവുമില്ലാത്ത പ്രശ്‌നങ്ങളിലാണ് തന്റെ പേര് വന്നതെന്നും അങ്ങനെ വാര്‍ത്ത കൊടുക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്നും ചോദിക്കുകയാണ് നടിയിപ്പോള്‍. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് ധന്യ സംസാരിച്ചത്.

നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള്‍ കടന്ന് പോവുക. പിന്നെ ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റുമൊക്കെ സംഭവിച്ചത് ഇതല്ല, സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്.
ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ സ്ത്രീകളെ കാണുന്നത് വേറൊരു രീതിയിലാണ്. എവിടെ പോയാലും കുറ്റം ഫീമെയില്‍ ആര്‍ട്ടിസ്റ്റിന്റെ തലയിലേക്ക് വരുന്ന രീതി അന്നും ഇന്നുമൊക്കെയുണ്ട്.
ആര്‍ട്ടിസ്റ്റായി മാറി കഴിഞ്ഞാല്‍ സൊസൈറ്റിയില്‍ കാണുന്ന ചില കാര്യങ്ങളുണ്ട്. കുടുതല്‍ നെഗറ്റീവ് അപ്രോച്ചും ഗോസിപ്പുകളുമൊക്കെ ഉണ്ടാവുമല്ലോ എന്നൊക്കെയാണ് ഞാന്‍ പേടിച്ചത്. പക്ഷേ ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം ഗോസിപ്പുകള്‍ ഗോസിപ്പിന്റെ വഴിയ്ക്ക് പോകട്ടെ എന്നേ ചിന്തിച്ചിട്ടുള്ളു. നമ്മള്‍ ഇവിടെ വര്‍ക്ക് ചെയ്യുകയാണ്, അത് എന്‍ജോയ് ചെയ്യുന്നു എന്ന് ചിന്തിക്കാന്‍ തുടങ്ങി.
കല്യാണം കഴിച്ച് ജീവിതം തുടങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഇതോടെ പുതിയ ജീവിതമായിരിക്കുമെന്ന്. എന്നാല്‍ വീണ്ടും കരിയറിലേക്ക് തന്നെ തിരിച്ച് വന്നപ്പോള്‍ നമ്മുടെ ജീവിതത്തിലുണ്ടായ പലതും പ്രശ്‌നമായി. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് ബിസിനസായിരുന്നു. പക്ഷേ ഇതെല്ലാം വാര്‍ത്ത വരുമ്പോള്‍ എന്റെയാവും. ഇതിനകത്ത് ബിസിനസ് നടത്തിയവരുടെയോ അതില്‍ പ്രശ്‌നമുണ്ടാക്കിയവരുടെയോ ഇല്ല. എല്ലാം എന്റെയാണ്. എന്റെ കുടുംബമാണ്.
അന്നൊക്കെ കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിനെ മാത്രമല്ല ഒരു കുടുംബത്തെ മൊത്തമാണ് കെട്ടുന്നത്. ഇന്നത്തെ ജനറേഷനിലെ ഒരു പെണ്‍കുട്ടികളും അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എല്ലാവരും സെപ്പറേറ്റഡ് ആയി ജീവിക്കാനാണ് ആഗ്രഹിക്കുക. അന്ന് ഞാന്‍ ആ കുടുംബത്തിലേക്കാണ് ചെന്ന് കയറിയത്. അങ്ങനെ ജീവിച്ചു എന്ന ഒറ്റ കാരണം കൊണ്ട് അവിടെ നടക്കുന്ന എല്ലാ സംഭവങ്ങളും എന്റെ തലയിലേക്ക് ആണ് വന്ന് കയറുന്നത്. ഭര്‍ത്താവിന്റെ അച്ഛനും അനിയനും ചേര്‍ന്ന് നടത്തിയ ബിസിനസില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ ന്യൂസ് മൊത്തം എന്റെ പേരിലായി.
മുഖ്യാധാര മാധ്യമങ്ങള്‍ വരെ അങ്ങനെ വാര്‍ത്ത കൊടുത്തത് എങ്ങനെയാണെന്ന് ഞാന്‍ ചിന്തിച്ചു. അതൊക്കെ ആലോചിച്ചപ്പോള്‍ ചെറിയ രീതിയില്‍ വിഷമം വന്നു. പ്രതികരിക്കാന്‍ പോയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്തിട്ടാണ് ഞാന്‍ ഒന്നിനും പോകാതെ ഇരുന്നത്. കുറച്ചൂടി ക്ലാരിറ്റിയോടെ കേസ് കൊടുക്കാം. ഭര്‍ത്താവിന്റെ അനിയന്റെ പ്രൊപ്പര്‍ട്ടിയുടെ കേസ് വന്നപ്പോഴും അത് എന്റെയാക്കി. അതൊരിക്കലും എന്റെ പ്രൊപ്പര്‍ട്ടിയല്ല. എല്ലാ കുടുംബത്തിലും ചേട്ടനും അനിയനും ഒരുമിച്ചാണോ? എനിക്ക് അറിയാവുന്ന മാധ്യമപ്രവര്‍ത്തകരോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പിന്നെ അറിയാവുന്നവരുടെ പേരല്ലേ കൊടുക്കാന്‍ പറ്റുക എന്നാണ് അവര്‍ പറഞ്ഞത്.

അന്ന് മാനസികമായിട്ടും ഞാന്‍ ഒരുപാട് അനുഭവിച്ചു. അതൊക്കെ ഇപ്പോള്‍ അതിജീവിച്ചു. പിന്നീട് ബിഗ് ബോസില്‍ പോയപ്പോഴും ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചെങ്കിലും കൂടുതല്‍ ക്ലാരിഫൈ ചെയ്യാന്‍ പോയാല്‍ നമ്മള്‍ മറ്റ് ചിലരെ വേദനിപ്പിക്കേണ്ടിയും വരും. അതാണ് കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാത്തത്. എനിക്കും ഭര്‍ത്താവിനും വന്നിരുന്ന് ഒത്തിരി കാര്യങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കും. പക്ഷേ അതൊക്കെ അദ്ദേഹത്തിന് വേണ്ടപ്പെട്ട പലരെയും വേദനിപ്പിച്ച് കൊണ്ടായിരിക്കും. ലൈഫില്‍ കുറേ കാര്യങ്ങള്‍ അവഗണിച്ച് പോവണ്ട അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. പക്ഷേ എപ്പോഴെങ്കിലും തുറന്ന് പറയേണ്ട അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും പറയുമെന്നും ഇപ്പോള്‍ അതിന് തോന്നുന്നില്ലെന്നും ധന്യ പറയുന്നു.
ചില കാര്യങ്ങള്‍ അവഗണിച്ച് നമ്മള്‍ നമ്മുടെ ജോലി ചെയ്യുകയാണെങ്കില്‍ എനിക്ക് തരാനുള്ളത് ദൈവം തരുമെന്നാണ് വിശ്വസിക്കുന്നത്. 2016 ലാണ് കുടുംബത്തില്‍ ഈ പ്രശ്‌നങ്ങളുണ്ടാവുന്നത്. അതിന് ശേഷമാണ് ഞാന്‍ വീണ്ടും കരിയറില്‍ സജീവമാകുന്നത്. പക്ഷേ എന്നെ ദൈവം അന്ന് തൊട്ട് ഇന്ന് വരെ സംരക്ഷിച്ചു. സിനിമയിലും മിനിസ്‌ക്രീനിലും റിയാലിറ്റി ഷോ യിലുമൊക്കെ സജീവമായി. ഇടയ്ക്ക് ഒന്ന് താഴേക്ക് പോയാലും പിന്നെയും തിരിച്ച് കയറ്റും.
ഞാന്‍ എന്നിലും ദൈവത്തിലും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാം നല്ലതായി തന്നെ ഭവിക്കും. എനിക്ക് എന്നില്‍ തന്നെ നല്ല വിശ്വാസമുണ്ട്. ഞാനൊരുപാട് പഴി കേട്ടിട്ടുള്ള ആളാണ്. പക്ഷേ എന്ററെ ഭാവിയെ കുറിച്ച് പോസിറ്റീവായി തന്നെ എനിക്ക് വിശ്വാസമുണ്ട്. ജീവിതത്തിലുണ്ടാവുന്ന താഴ്ച ഞാന്‍ കണ്ട് കഴിഞ്ഞു. ഇനി വന്ന് കഴിഞ്ഞാല്‍ തന്നെ അതിനെ മറികടക്കാനും എനിക്ക് സാധിക്കും. കാരണം ആ ശക്തി എനിക്ക് ലഭിച്ച് കഴിഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷമായി. എട്ട് വര്‍ഷം മുന്‍പാണ് കേസും പ്രശ്‌നങ്ങളുമൊക്കെ വന്നത്. അതിനെയൊക്കെ തരണം ചെയ്തിട്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. അതിന് വേണ്ടി പുള്ളി എന്നെയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ സംഭവിച്ചത് പോയത് നമുക്ക് മാറ്റാന്‍ പറ്റില്ല. എന്റെയും പുള്ളിയുടെയും കൈയ്യിലായിരുന്നില്ല കാര്യങ്ങള്‍. അതിന്റെ പേരില്‍ ഞങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വന്നു. മോശമായ അനുഭവങ്ങള്‍ പോലും മറ്റൊരു തരത്തില്‍ ഗുണമായിട്ടുണ്ടെന്നും പറയാമെന്നും ധന്യ കൂട്ടിച്ചേര്‍ത്തൂ...
വർഷങ്ങൾക്ക് മുൻപ് ഫ്ളാറ്റ് തട്ടിപ്പ് കേസിലാണ് നടി ധന്യ മേരി വർഗീസിൻ്റെ ഭർത്താവിൻ്റെ കുടുംബം ഉൾപ്പെട്ടത്. പക്ഷേ അന്ന് വന്ന വാർത്തകളിലെല്ലാം നടിയുടെ പേരാണ് പറഞ്ഞിരുന്നത്. ഇതോടെ വാർത്തകൾ കാട്ടുതീ പോലെ പരന്നു. മാത്രമല്ല ഈ കേസിൻ്റെ പേരിൽ ധന്യ ക്രൂശിക്കപ്പെടുകയും ചെയ്തു. പിന്നീടാണ് നടി വിശദീകരണവുമായി വന്നത്.


Click it and Unblock the Notifications











