'എന്തിനാ മോനെ... ആ ഭാര്യയെ തന്നെ കെട്ടിയേ... വേറെ കെട്ടാമായിരുന്നില്ലേയെന്ന് പ്രമുഖ നടനും ചോദിച്ചു'; ധർമ്മജൻ!
വളരെ വർഷങ്ങളായി മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികൾക്ക് വളരെ സുപരിചിതമായ മുഖമാണ് നടനും മിമിക്രി കലാകാരനുമായ ധർമ്മജൻ ബോൾഗാട്ടിയുടേത്. ഒന്നും ഇല്ലായ്മയിൽ നിന്നും കലയോടുള്ള അഭിനിവേശം കൊണ്ടാണ് ധർമ്മജൻ ഉയർന്ന് വന്നതും ഇന്ന് കാണുന്ന ഉയരങ്ങൾ എത്തിപിടിച്ചതും. ബ്ലെഫ് മാസ്റ്റേഴ്സും സിനിമാലയും പോലുള്ള പരിപാടികളാണ് ധർമ്മജനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.
ബ്ലെഫ് മാസ്റ്റേഴ്സിന്റെ എപ്പിസോഡുകൾ കാണാത്ത നയന്റീസ് കിഡ്സ് ഉണ്ടോയെന്നത് തന്നെ സംശയമാണ്. കൊച്ചി സ്വദേശിയായ ധർമജൻ ബോൾഗാട്ടി വിവാഹം ചെയ്തിരിക്കുന്നത് അനുജയെയാണ്. ഇവർക്ക് വേദ, വൈഗ എന്നിങ്ങനെ രണ്ട് പെൺ മക്കളാണുള്ളത്. എറണാകുളത്ത് തന്നെയാണ് ധർമ്മജൻ കുടുംബസമേതം സെറ്റിൽഡായിരിക്കുന്നത്.

ഇടയ്ക്കിടെ ഭാര്യയ്ക്കും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ധർമജൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ സ്വന്തം ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്ത് ധർമ്മജൻ വൈറലായിരുന്നു. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. പതിനാറ് വർഷം മുമ്പ് നടന്ന തങ്ങളുടെ പ്രണയവിവാഹത്തെ നിയമ സാധുതയുള്ളതാക്കി മാറ്റുന്നതിനാണ് ഇരുവരും വീണ്ടും വിവാഹിതരായത്.
മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു... വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം എന്നാണ് കുറച്ച് ദിവസം മുമ്പ് വീണ്ടും വിവാഹിതനാകാൻ പോകുന്ന വാർത്ത അറിയിച്ച് ധർമ്മജൻ കുറിച്ചത്.
ഇപ്പോഴിതാ വീണ്ടും വിവാഹിതനായപ്പോൾ സഹപ്രവർത്തകരിൽ നിന്ന് അടക്കം തനിക്ക് ലഭിച്ച പ്രതികരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ നടൻ. ഒപ്പം സോഷ്യൽമീഡിയ വഴി ലഭിക്കുന്ന മോശം കമന്റുകൾ തന്നെ ബാധിച്ചതിനെ കുറിച്ചും ധർമ്മജൻ വെളിപ്പെടുത്തി. വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം പങ്കിട്ടപ്പോൾ എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു... എന്ന വരി മാത്രമെ പലരും വായിച്ചുള്ളു.
അത് മാത്രം വായിച്ച് പലരും എന്റെ കൂട്ടുകാരെ വിളിച്ചു. പിഷാരടിയെയൊക്കെ വിളിച്ച് കുറേപ്പേർ പറഞ്ഞു അവൻ എന്ത് നാറിയാണ് അവന് രണ്ട് പിള്ളേരുള്ളതല്ലേ... എന്നിട്ടും അവൻ പിന്നെയും വേറെ കെട്ടാൻ പോവുകയാണോ എന്നൊക്കെ ചോദിച്ചു. അതുപോലെ വലിയ നടന്മാരും ഇതേ പറ്റി ചോദിച്ചു. എന്തിനാ മോനെ... ആ ഭാര്യയെ തന്നെ കെട്ടിയേ... വേറെ കെട്ടാമായിരുന്നില്ലേയെന്നാണ് ഒരു പ്രമുഖ നടൻ ചോദിച്ചത്.

ശ്രീനിവാസൻ ചേട്ടനും ഈ വിവാഹ വാർത്ത കണ്ടുവെന്ന് പറഞ്ഞുവെന്ന് ധർമ്മജൻ ബോൾഗാട്ടി പറയുന്നു. ശേഷം മകൾ തന്നെ എടുത്ത് കൊണ്ട് നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചതിന് വന്ന മോശം കമന്റിനെ കുറിച്ചും ധർമ്മജൻ ബോൾഗാട്ടി പ്രതികരിച്ചു. അടുത്തിടെ മൂത്തമകൾ വൈഗ എന്നെ എടുത്ത് പൊക്കി പിടിച്ചു. അത് ഇളയ മകൾ ഫോട്ടോ എടുത്തു. ശേഷം അത് സോഷ്യൽമീഡിയയിൽ എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാണെന്ന് തലക്കെട്ട് നൽകി പങ്കിട്ടു.
പൊതുവെ കമന്റ് നോക്കാത്തയാളാണ് ഞാൻ പക്ഷെ ആ ഫോട്ടോയ്ക്ക് വന്ന ഒരു കമന്റ് എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ ആ പട്ടിയെ കൊണ്ടുപോയി വല്ല തോട്ടിലും എറിഞ്ഞ് കളയൂവെന്നാണ് ഒരുത്തൻ കമന്റ് ചെയ്തത്. എന്റെ മോളിട്ട പോസ്റ്റിന് താഴെവന്ന ആ കമന്റ് എനിക്ക് വലിയ വിഷമം ഉണ്ടാക്കി.
അങ്ങനെ ഞാൻ അവന്റെ പ്രൊഫൈലിൽ കയറി നോക്കിയപ്പോൾ അവനും എന്റെ മകളുടെ അതേ പ്രായത്തിലുള്ള ഒരു മകളുണ്ട്. നിങ്ങളുടെ കുടുംബത്തേയും നിങ്ങളിട്ട കമന്റും ഞാൻ കണ്ടു. നിങ്ങളുടെ മകളും വളരെ സുന്ദരിയായി ഇരിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും എന്ന് മാത്രം ഞാൻ കുറിച്ച് അവസാനിപ്പിച്ചുവെന്നാണ് അനുഭവം പങ്കിട്ട് ധർമ്മജൻ പറഞ്ഞത്.


Click it and Unblock the Notifications











