നായികമാരുടെ നടുവില്‍ ധര്‍മജന്റെ മാസ്! 'നിര്‍ബന്ധിച്ചപ്പോള്‍ പിന്നൊന്നും നോക്കിയില്ലെന്ന്' താരം
മിമിക്രി വേദികളില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പം നിരവധി വേദികളില്‍ എത്തിയതോടെയായിരുന്നു ധര്‍മജനും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം. സാധാരണ നായകന്റെ കൂട്ടുകാരനായിട്ടെത്തി പാരകള്‍ പണിയുന്നതുമടക്കം ശ്രദ്ധേയമായ ഒത്തിരി വേഷങ്ങള്‍ ധര്‍മജന്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ ധര്‍മജന്റെ ചില ചിത്രങ്ങളാണ് അടുത്ത കാലത്തായി ആരാധകര്‍ കണ്ടിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയിലാണ് ഇതുവരെ ആരും കാണാത്ത തരമൊരു ലുക്കില്‍ ധര്‍മജനെത്തുന്നത്. നേരത്തെ പല ഫോട്ടോസ് പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്.

ധര്‍മജന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ശിവ എന്ന വേഷത്തിലാണ് താരമെത്തുന്നത്. ധമാക്കയിലെ രണ്ട് നായികമാരായ നിക്കി ഗല്‍റാണിയ്ക്കും നേഹ സക്‌സേനയ്ക്കുമൊപ്പം കോട്ടും സ്യൂട്ടുമണിഞ്ഞ് ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. നിര്‍ബന്ധിച്ചപ്പോള്‍ പിന്നൊന്നും നോക്കിയില്ല എന്നും പറഞ്ഞായിരുന്നു ധര്‍മജന്‍ ഫോട്ടോ പങ്കുവെച്ചത്.
ഈ പോസ്റ്റിന് താഴെ എപ്പോള്‍ നിര്‍ബന്ധിച്ചു എന്ന് ചോദിച്ച് കൊണ്ട് സംവിധായകന്‍ ഒമര്‍ ലുലുവും എത്തിയിരിക്കുകയാണ്. ഉര്‍വ്വശി, മുകേഷ്, ഹരീഷ് കണാരന്‍, സാബുമോന്‍ അബ്ദുസമദ്, ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു എന്നിവരെല്ലാമാണ് ധമാക്കയിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു.


Click it and Unblock the Notifications











