ധീരുഭായിയേയും നിതയേയും പുകഴ്ത്തി ഗാനം, മേക്കപ്പ് അണിഞ്ഞ് വിദ്യാർത്ഥികൾ, അംബാനി സ്കൂളിൽ എല്ലാം വിചിത്രം!
ലാവിഷായി ജീവിക്കുന്നവരെ അല്ലെങ്കിൽ പണം ചിലവഴിക്കുന്നവരെ കാണുമ്പോൾ പലരും തമാശ രൂപേണ ചോദിക്കാറുള്ള ഒന്നാണ് നീയാര് അംബാനി പരമ്പരയോയെന്ന്. അത്രത്തോളം ഇന്ത്യക്കാരിൽ സ്വാധീനം ചെലുത്തിയിട്ടുള്ള കുടുംബമാണ് അംബാനി കുടുംബം. ധീരുഭായ് അംബാനിയെന്ന സാധാരണ കച്ചവടക്കാരന്‍ പടുത്തുയര്‍ത്തിയ അംബാനി സാമ്രാജ്യം ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് കുടുംബമാണ്. ധീരുഭായ് അംബാനിയുടെ മൂത്ത മകനായ മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ ലോകത്തെ പതിനൊന്നാമത്തെ കോടീശ്വരനുമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍പേഴ്സണുമായ ധീരുഭായ് അംബാനി 1955 ലാണ് കോകിലാബെന്‍ അംബാനിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മുകേഷ് അംബാനി, അനില്‍ അംബാനി, നീന അംബാനി, ദീപ്തി അംബാനി എന്നിങ്ങനെ നാല് മക്കളാണുള്ളത്.

യെമനിലെ ഏഡനില്‍ പെട്രോള്‍ പമ്പ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന ധീരുഭായ് 1957ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ബന്ധുവുമായി ചേര്‍ന്ന് മുംബൈയില്‍ നൂല്‍ വ്യാപാരം ആരംഭിച്ചു. അതില്‍ നിന്നാണ് ഇന്ന് കാണുന്ന അംബാനി സാമ്രാജ്യം ധീരുഭായ് പടുത്തുയര്‍ത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് മുകേഷ് അംബാനി. 1985ലാണ് അദ്ദേഹം നിത അംബാനിയെ വിവാഹം കഴിച്ചത്.
ഇവര്‍ക്ക് ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാമായി മുകേഷ് അംബാനിയുടെ കുടുംബം വളർന്നു. ലോകത്തെമ്പാടുമായി നിരവധി ബിസിനസുകൾ മികേഷിനും നിതയ്ക്കുമുണ്ട്. ബിസിനസിൽ തന്റേതായ കാൽപാടുകൾ സൃഷ്‌ടിക്കാൻ നിത അംബാനിക്ക് സാധിച്ചിട്ടുണ്ട്.
നിത മുന്നോട്ട് വിജയകരമായി കൊണ്ടുപോകുന്ന ഒരു ബിസിനസാണ് ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂൾ. സ്കൂളിന്റെ സ്ഥാപകയും ചെയർപേഴ്‌സണും നിതയാണ്. 2003ൽ സ്ഥാപിതമായ സ്കൂൾ മുംബൈകാർക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി വരുന്നു. ഈ വിദ്യാലയം ഇന്ത്യയുടെ പ്രധാന അന്തർദേശീയ സ്ഥാപനമായി അംഗീകരിക്കപ്പെടുകയും ആഗോളതലത്തിൽ മികച്ച ഐബി സ്കൂളുകളിൽ ഒന്നായി റാങ്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബോളിവുഡിലെ ഭൂരിഭാഗം സ്റ്റാർ കിഡ്സും ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. ആരാധ്യ അഭിഷേക് ബച്ചൻ, ഷാരൂഖിന്റെ മകൻ അബ്രാം, കരീന കപൂറിന്റെ മക്കൾ എല്ലാം അംബാനി സ്കൂളിലാണ് പഠിക്കുന്നത്. എന്തിന് ഏറെ മലയാളത്തിന്റെ സ്വന്തം താരമായ പൃഥ്വിരാജിന്റെ ഏക മകൾ അലംകൃതയും ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂളിലാണ് ഇപ്പോൾ പഠിക്കുന്നത്.

പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറിയശേഷമാണ് അലംകൃതയെ അംബാനി സ്കൂളിൽ ചേർത്തത്. മലയാളികൾ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂളിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്ത് തുടങ്ങിയത് അലംകൃത അവിടെ പഠിച്ച് തുടങ്ങിയശേഷമാണ്. അടുത്തിടെയായിരുന്നു സ്കൂളിന്റെ വാർഷികാഘോഷം. പൃഥ്വിരാജ് ഭാര്യ സുപ്രിയയ്ക്കും മറ്റും ബോളിവുഡ് സെലിബ്രിറ്റികൾക്കുമൊപ്പം ഇരുന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ആസ്വദിക്കുന്ന വീഡിയോ വൈറലായിരുന്നു.
അതേസമയം സ്കൂൾ വാർഷികാഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് വലിയ രീതിയിൽ വൈറലാകുന്നതും വിമർശനം ഏറ്റുവാങ്ങുന്നതും. സ്കൂളിന്റെ എംബ്ലം പതിപ്പിച്ച ഫ്ലാഗ് കയ്യിലേന്തി ഒരു പറ്റം വിദ്യാർത്ഥികൾ വേദിയിൽ നിന്ന് ഗാനം ആലപിക്കുന്നത് കാണാം. നിത അംബാനിയും കുട്ടികൾക്കൊപ്പം ഒത്തനടുക്കായി നിൽക്കുന്നുണ്ട്.
സ്കൂളിനെ കുറിച്ചും നിത അംബാനി, ധീരുഭായ് അംബാനി എന്നിവരെ കുറിച്ചെല്ലാം ഉള്ളതാണ് ഗാനം. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെല്ലാം എഴുന്നേറ്റ് നിന്ന് കുട്ടികൾക്കൊപ്പം ഗാനം ആലപിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ വലിയ രീതിയിൽ ട്രോളും പരിഹാസവും വീഡിയോയക്ക് ലഭിക്കുന്നുണ്ട്.
ദേശീയ ഗാനം പാടേണ്ടതിന് പകരം എന്താണ് വിദ്യാർത്ഥികളെ കൊണ്ട് നിത ചെയ്യിപ്പിക്കുന്നതെന്നായിരുന്നു ആദ്യത്തെ വിമർശനം. മറ്റൊന്ന് വിദ്യാർത്ഥിനികൾ ഓവറായി മേക്കപ്പ് ഇട്ടിരിക്കുന്നതിനെ ചൂണ്ടികാട്ടിയായിരുന്നു.
വിദ്യാർത്ഥികളെപ്പോലെയല്ല ഭാവിയിലെ ബോളിവുഡ് അഭിനേതാക്കളെപ്പോലെയാണ് കുട്ടികളുടെ പെരുമാറ്റം എന്നായിരുന്നു മറ്റൊരു വിമർശനം, അംബാനി സ്കൂളിൽ എല്ലാം വിചിത്രമാണെന്നും ഇവർ വേറെ ഏതോ യൂണിവേഴ്സിലാണെന്നും കമന്റുകളുണ്ട്. ലക്ഷങ്ങളാണ് ഓരോ വിദ്യാർത്ഥിയിൽ നിന്നും ഫീസ് ഇനത്തിൽ ധീരുഭായ് അംബാനി സ്കൂൾ ഈടാക്കുന്നത്.


Click it and Unblock the Notifications











