ചിരുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി; ധ്രുവ സർജയ്ക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷത്തിൽ കുടുംബം
കന്നഡ താരം ധ്രുവ സർജയുടെ കുടുംബത്തിൽ സന്തോഷ വാർത്ത. നടനും ഭാര്യ പ്രേരണയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ആൺകുഞ്ഞാണ് ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന വരമഹാലക്ഷ്മി പൂജാ ദിവസമാണ് ഭാര്യ പൂർണഗർഭിണിയാണെന്ന വിവരം ധ്രുവ സർജ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താരത്തിന്റെ മൂത്തമകൾക്ക് ഒരു വയസ് പൂർത്തിയായിട്ടില്ല.
2019 ലാണ് ധ്രുവ സർജയും പ്രേരണയും തമ്മിലുള്ള വിവാഹം നടന്നത്. ബാല്യ കാല സുഹൃത്തുക്കളായിരുന്നു ഇരുവരും. 2022 ഒക്ടോബർ മാസത്തിലാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ സഹോദരനാണ് ധ്രുവ് സർജ.

2020 ലാണ് ചിരഞ്ജീവി സർജ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണം കാരണം. ധ്രുവ സർജയ്ക്കും കുടുബത്തിനും വലിയ ആഘാതമായിരുന്നു ഈ വിയോഗം. സഹോദരന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ധ്രുവ സർജയുടെ ദൃശ്യങ്ങൾ അന്ന് ഏവരെയും വിഷമിപ്പിച്ചു. സഹോദരനുമായി വലിയ അടുപ്പം ധ്രുവ സർജയ്ക്കുണ്ടായിരുന്നു. 34 കാരനായ ധ്രുവ സർജ കന്നഡ സിനിമാ രംഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ്. 2012 ൽ അധൂരി എന്ന സിനിമയിലൂടെയാണ് ധ്രുവ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമയിലൂടെ തന്നെ നടൻ ശ്രദ്ധിക്കപ്പെട്ടു.
35ാം വയസിലാണ് ചിരഞ്ജീവി സർജ മരിച്ചത്. മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും ഭാര്യ മേഘ്ന രാജ് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. തദ്സമ തദ്ഭവ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് മേഘ്ന രാജ് തിരിച്ചെത്തിയിട്ടുണ്ട്. റയാൻ രാജ് സർജ എന്നാണ് മേഘ്നയുടെ മകന്റെ പേര്. മേഘ്ന ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ മരിച്ചത്.

നടന്റെ മരണത്തെക്കുറിച്ച് മേഘ്നയുടെ പിതാവ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. മരണം മേഘ്നയെ തകർത്തിരുന്നെന്നും എന്നാൽ ശക്തമായ തന്റെ മകൾ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണെന്നും മേഘ്നയുടെ പിതാവ് സുന്ദർ രാജ് വ്യക്തമാക്കി. വിധവയായെന്ന് വെച്ച് ആരെയും ആശ്രയിച്ച് ജീവിക്കാൻ മേഘ്നയ്ക്ക് ഇഷ്ടമല്ല. മകന്റെ കാര്യങ്ങളുൾപ്പെടെ എല്ലാം സ്വന്തമായാണ് നോക്കി നടത്തുന്നതെന്നും സുന്ദർ രാജ് വ്യക്തമാക്കി.
ഭർത്താവ് മരിച്ച സ്ത്രീ പുറത്തിറങ്ങിയാൽ ആളുകൾ കുറ്റം പറയും. പക്ഷെ അവർക്കും അവരുടേതായ ജീവിതമുണ്ട്. മകൾക്ക് രണ്ടാം വിവാഹമെന്ന് പറഞ്ഞ് വരുന്ന വ്യാജ വാർത്തകൾ ഇപ്പോൾ ഗൗനിക്കാറില്ല. രണ്ടാം വിവാഹത്തിന് മകൾ ഒരുക്കമാണെങ്കിൽ ആരും തടയില്ല, അവളുടെ വ്യക്തി ജീവിതമാണെന്നും സുന്ദർ രാജ് പറഞ്ഞു. ചിരഞ്ജീവി സർജയെക്കുറിച്ചുള്ള ഓർമ്മകൾ മേഘ്ന ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
അച്ഛന്റെ ഫോട്ടോയ്ക്കരികെ മകനെ നിർത്തിക്കൊണ്ട് മേഘ്നയെടുത്ത ഫോട്ടോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള കാരണവും മേഘ്ന രാജ് അടുത്തിടെ വ്യക്തമാക്കി. അഭിനയത്തിലേക്ക് ഇനിയില്ലെന്നാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ വീട്ടിൽ തന്നെയിരുന്ന് തനിക്ക് ബുദ്ധിമുട്ടായെന്നും താൻ ജോലിക്ക് പോകുന്നതാണ് നല്ലതെന്ന് വീട്ടുകാർ മനസിലാക്കിയെന്നും മേഘ്ന രാജ് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











