മറുപടി കേട്ടശേഷം അച്ഛൻ പറഞ്ഞു ഇതിലും ഭേദം മരിക്കുന്നതാണെന്ന്, ആറ് മാസം കഴിഞ്ഞപ്പോൾ അദ്ദേഹം പോയി; ധ്യാൻ!
മലയാള സിനിമയ്ക്ക് നികത്താൻ പറ്റാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടിലൂടെ സംഭവിച്ചത്. മലയാള സിനിമയിലെ ജീനിയസ് എന്നാണ് സിനിമാപ്രേമികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചരുന്നത്. ഇനി അതുപോലൊരു പ്രതിഭ സിനിമയിൽ ഉണ്ടാകുമോയെന്ന് തന്നെ സംശയമാണ്. ശ്രീനിവാസന്റെ സംസ്കാര ശുശ്രൂഷകൾ ലൈവായി കണ്ടവരിൽ ഏറ്റവും കൂടുതൽ വേദനയുണ്ടാക്കിയ ഒരു രംഗം അച്ഛനെ അഗ്നിക്ക് വിട്ടുകൊടുക്കാൻ മടിച്ച് പൊട്ടിക്കരയുന്ന മകൻ ധ്യാനിന്റെ മുഖമാണ്.
ഇരുവരും തമ്മിൽ വളരെ വ്യത്യസ്തമായൊരു അച്ഛൻ-മകൻ ബന്ധമായിരുന്നു. താൻ ഉത്തമനായ ഒരു മകനായിരുന്നില്ലെന്നും അതിനാൽ അച്ഛനും താനും തമ്മിൽ വഴക്കുകളും അച്ഛൻ തന്നെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും ധ്യാൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ അച്ഛനൊപ്പം എപ്പോഴും ഉണ്ടായിരുന്ന മകനും ധ്യാനായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഓർമകൾ പങ്കുവെയ്ക്കുന്ന ധ്യാനിന്റെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. അച്ഛന്റെ അവസാന സമയങ്ങളിൽ താനുമായി നടത്തിയ സംഭാഷണത്തെ കുറിച്ചാണ് ധ്യാൻ വെളിപ്പെടുത്തിയത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വളരെ അഭിമാനത്തോടെ ഞാൻ വീട്ടിലേക്ക് ഒരു ദിവസം കയറി ചെല്ലുന്നു... അച്ഛൻ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ എന്നോട് ചോദിച്ചു.
ധ്യാൻ ഒന്ന് അവിടെ നിൽക്കണം... സാധാരണ അങ്ങനെ അച്ഛൻ വിളിച്ച് സംസാരിക്കാറില്ല. ധ്യാനിന്റെ ഒരു സിനിമ ഞാനും വിമലയും ടിവിയിൽ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ പാളിയല്ലോ... അപ്പോൾ തന്നെ ഞാൻ ഒന്ന് ഞെട്ടി. ശേഷം എന്നോട് ചോദിച്ചു ആരാണ് ഇതിന്റെ പ്രൊഡ്യൂസർ എന്ന്.
ഞാൻ പറഞ്ഞു അച്ഛാ അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഇവരെ പോലുള്ള പ്രൊഡ്യൂസർമാർ ഉള്ളതുകൊണ്ടല്ലേ നമ്മൾ ജീവിച്ച് പോകുന്നത്. മണ്ടന്മാരായ പ്രൊഡ്യൂസർ എന്നൊന്നും വിചാരിക്കരുതേ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. എന്റെ ഉത്തരം കേട്ട ശേഷം അച്ഛൻ ഇതിലും ഭേദം ധ്യാൻ മരിക്കുന്നതാണെന്ന്. ആ മറുപടി കേട്ടയുടനെ ഞാൻ കരുതി ഓഹ്... എന്തൊരു ഡാർക്കാണെന്ന്. ഈ സംഭാഷണത്തിനുശേഷം പിന്നീട് അച്ഛൻ ഒന്ന് കൂടി ഓർമിപ്പിച്ചു... ധ്യാൻ നാളെ അമ്മയുടെ മീറ്റിങുണ്ട്.
അവിടെ അവശകലാകാരന്മാർക്ക് അയ്യായിരം രൂപവെച്ച് മാസം മാസം അമ്മ കൊടുക്കുന്നുണ്ട്. ധ്യാൻ പോയി അത് വേണമെങ്കിൽ വാങ്ങിച്ചോളൂ. എനിക്ക് അത് വേണ്ടെന്ന് അച്ഛൻ പറഞ്ഞു. വീണ്ടും അപമാനം. എനിക്ക് തോന്നുന്നു അദ്ദേഹവും ഞാനും തമ്മിലുണ്ടായ അവസാന കോൺവർസേഷൻ ഇതാണെന്ന്. അതിൽ വരെ നർമ്മം ഉണ്ടായിരുന്നു.

എന്നെ ക്ഷണിക്കാത്ത ആ വീടും പാടവും പറമ്പും എന്നെ ഏൽപ്പിച്ച് ഒരു ആറ് മാസം കഴിഞ്ഞപ്പോൾ പുള്ളി പോയി എന്നാണ് ധ്യാൻ പറഞ്ഞത്. അച്ഛനെ കുറിച്ച് സംസാരിച്ചതുകൊണ്ട് ധ്യാൻ വീണ്ടും പഴയ ഓർമകളിലേക്ക് പോയി. ഞാൻ കുറച്ച് ഇമോഷണലായിപ്പോയി എന്നാണ് പ്രസംഗം അവസാനിപ്പിച്ചശേഷം ധ്യാൻ പറഞ്ഞത്. അറുപത്തിയൊമ്പതാമത്തെ വയസിലായിരുന്നു ശ്രീനിവാസന്റെ വേർപാട്.
അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ വേർപിരിഞ്ഞുവെന്നത് ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് മാത്രമല്ല സിനിമാപ്രേമികൾക്കും ബുദ്ധിമുട്ടായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
അച്ഛന്റെ സ്വഭാവവും മനുഷ്യത്വവുമെല്ലാം ഏറെയും ലഭിച്ചിരിക്കുന്നത് ധ്യാനിനാണെന്നാണ് പ്രേക്ഷക പക്ഷം. ശ്രീനിവാസൻ കഥകൾ ഏറെയും പ്രേക്ഷകരിലേക്ക് എത്തിയതും ധ്യാനിലൂടെയാണ്. ജൂണിൽ പുറത്തിറങ്ങിയ നാൻസി റാണിയാണ് ശ്രീനിവാസൻ അഭിനയിച്ച അവസാന ചിത്രം.


Click it and Unblock the Notifications