ശ്രീനാഥ് ഭാസിയുടെ ലൈഫ് സ്റ്റെെൽ അങ്ങനെയാണ്; ഞാൻ സംസാരിച്ചിരുന്നു; അംഗീകരിക്കാൻ പറ്റില്ലെന്ന് ധ്യാൻ
മലയാള സിനിമയിൽ യുവതാരങ്ങളുടെ അനാസ്ഥ ചർച്ചാ വിഷയമായിരിക്കുകയാണ്. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ കെെയൊഴിയുകയും ചെയ്തു. പ്രതിഫലം കൂട്ടി ചോദിക്കൽ, സെറ്റിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് നടൻമാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ. ശ്രീനാഥ് ഭാസി കാരണം ഷൂട്ടിംഗ് മുടങ്ങുന്നു, ഷെയ്ൻ നിഗവും കുടുംബവും കാരണം സിനിമാ ചിത്രീകരണത്തിൽ പ്രശ്നങ്ങൾ എന്നീ പരാതികൾ സംഘടനകൾക്ക് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇവരുമായി സഹകരിക്കാനില്ലെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കിയത്. നിലവിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസ്. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.
സിനിമയോട് സഹകരിക്കാതിരിക്കൽ അംഗീകരിക്കാതിരിക്കാൻ പറ്റുന്ന കാര്യമല്ലെന്ന് ധ്യാൻ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തന്റെ സുഹൃത്താണെങ്കിലും ഇത്തരം കാര്യങ്ങളിൽ പിന്തുണയ്ക്കാൻ പറ്റില്ലെന്നും ശ്രീനാഥിന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും ധ്യാൻ പറഞ്ഞു.

രാവിലെ എഴുന്നേറ്റ് വരികയെന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. പക്ഷെ എന്നാൽ പോലും നമ്മൾ ഒരു കോൾ ടെെം പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് വരാതിരിക്കുമ്പോഴാണ് ഈ പ്രശ്നം. അല്ലെങ്കിൽ കൃത്യമായി പറയണം. സീനിയേർസ് ആക്ടർമാരെയുൾപ്പെടെ കാത്തിരിപ്പിക്കുകയെന്നത് പരിപാടി എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്.
നമ്മൾ സ്വകാര്യമായി എന്ത് ചെയ്യുന്നു എന്ന് വേറൊരാൾ നോക്കേണ്ട. പക്ഷെ ഓഫീസ് ജോലിയിലായാലും നമ്മൾ കൃത്യസമയത്ത് പഞ്ച് ചെയ്ത് കയറാറില്ലേ. എത്ര ദിവസം നമുക്ക് ഉഴപ്പാൻ പറ്റും. അവിടൊവുമ്പോൾ ഈ പേടിയുണ്ട്. സിനിമയിൽ മാത്രമേ തോന്നുന്ന സമയത്ത് വരൽ. അത് ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണ്.
ശ്രീനാഥ് ഭാസിയുടെ കേസിൽ എനിക്ക് മനസ്സിലായത് ഭാസിയുടെ ലൈഫ് സ്റ്റെെൽ അങ്ങനെയാണ്. ഭാസി നൈറ്റ് പേഴ്സണാണ്. ഞാൻ ഗൂഡാലോചനയിൽ ഭാസിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാ സിനിമയിലും ഇല്ല. ചില സിനിമയിൽ അവർക്കാ ഫ്രീഡം കിട്ടുമ്പോഴായിരിക്കും അവരാ ഉഴപ്പ് കാണിക്കുന്നത്.

മറ്റൊരു വശം ശ്രീനാഥ് ഭാസി സമയം പാലിക്കാത്ത പ്രശ്നമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ അങ്ങനെയുള്ളവരുടെയടുത്ത് ഡയരക്ടേർസ് പോവാതിരിക്കുക. ഭാസി എന്റെ അടുത്ത സുഹൃത്താണ്. സുഹൃത്ത് മോശം കാര്യം ചെയ്യുമ്പോൾ കൂട്ട് നിൽക്കുന്നത് ശരിയല്ല.
കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോൾ ഭാസിയുമായി സംസാരിച്ചിരുന്നു ഭാസി ഭാസിയുടെ രീതിയിൽ കുറച്ച് കാര്യങ്ങൾ പറഞ്ഞു. നമുക്കങ്ങനെ ഒരാളെ അടിമുടി മാറ്റാനൊന്നും പറ്റില്ലല്ലോ. ഇഷ്ടമുള്ളയാൾ അങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ നമുക്കൊരു സങ്കടമാണ്, ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
സിനിമാ രംഗത്തെ ലഹരി ഉപയോഗത്തിന്റെ വിഷയം ഇവരുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതില്ലെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. എന്റെ അറിവിൽ വലിക്കുന്ന ഒരുപാട് സിനിമാക്കാരുണ്ട്. ഒന്നും രണ്ടും മൂന്നുമല്ല. ഒട്ടുമിക്ക സിനിമാക്കാരും വലിച്ചിരുന്നതാണ്. അതിൽ സീനിയേർസും ജൂനിയേർസുമുണ്ട്. പക്ഷെ അതിൽ പലരും നിർത്തി. പലരും കുറച്ചു.
വളരെ ചുരുക്കം ആളുകളെ ഇത് ഉപയോഗിക്കുന്നുള്ളൂ, ധ്യാൻ പറഞ്ഞു. നിരവധി പേർ നിലവിലെ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നിർമാതാക്കളുമായി സഹകരിക്കുന്നവർ മാത്രമേ ഇനി മലയാള സിനിമയിൽ തുടരൂ എന്നാണ് നിർമാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അല്ലാത്തവരെ വീട്ടിലിരുത്താനാണ് തീരുമാനം. ന്യായമായ പ്രതിഫലമല്ല പലരും ചോദിക്കുന്നത്. നിർമാതാവ് മരം കുലുക്കിയല്ല പണം കൊണ്ടു വരുന്നതെന്ന് താരങ്ങൾ മനസ്സിലാക്കണമെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. സാന്ദ്ര തോമസുൾപ്പെടെയുള്ള നിർമാതാക്കളും സമാന പ്രസ്താവനകൾ നടത്തി.


Click it and Unblock the Notifications











