'ആരോ നിർബന്ധിച്ച് കൊണ്ടുവന്നത് പോലെയാണ് അവൻ, അതാണ് സമാധാനം, ഏട്ടൻ ഇമോഷണലാണ് ആ സമയങ്ങളിൽ'; ധ്യാൻ!
പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചൊരു സിനിമാ എൻട്രി നടത്തിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. എന്നാൽ അഭിനയത്തോടും സിനിമയോടും ഒട്ടും താൽപര്യമില്ലാതെയാണ് പ്രണവ് അന്നും ഇന്നും വല്ലപ്പോഴുമെങ്കിലും സിനിമകൾ ചെയ്യുന്നത്. മോഹൻലാലിനെപ്പോലൊരു പ്രതിഭയുടെ മകനായതുകൊണ്ട് തന്നെ താരം കൗമാരത്തിലേക്ക് കടന്നപ്പോൾ മുതൽ ആരാധകരും പ്രേക്ഷകരും പ്രണവ് നായകനായി അഭിനയത്തിലേക്ക് രണ്ടാം വരവ് നടത്തുമോയെന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിരുന്നു.
പുനർജനി അടക്കമുള്ള കാമ്പുള്ള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള പ്രണവ് 2018ൽ ആദിയിലൂടെയാണ് സിനിമയിൽ നായകനായി അരങ്ങേറിയത്. അതിന് മുമ്പ് മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയിൽ ഗസ്റ്റ് റോളിലും പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രണവ് പ്രവർത്തിച്ചിരുന്നു. ആദി വിജയമായിരുന്നു.

എന്നാൽ പിന്നീട് ഇറങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടു. ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന്റെ ചെറുപ്പം ചെയ്തു. പിന്നീട് പ്രണവിനെ പ്രേക്ഷകർ കണ്ടത് വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ നായകനായാണ്. അരുൺ നീലകണ്ഠനായി മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചത്.
നല്ല സംവിധായകരുടെ കയ്യിൽ എത്തിയാൽ പ്രണവിന്റെ പ്രതിഭ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് ഹൃദയം കണ്ടവർ ഒന്നടങ്കം പറഞ്ഞത്. ഇപ്പോൾ താരം വിനീതിന്റെ തന്നെ വർഷങ്ങൾക്കുശേഷം എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാറിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കല്യാണി, നിവിൻ പോളി അടക്കമുള്ള സിനിമയിൽ ധ്യാൻ ശ്രീനിവാസനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
ഹൃദയത്തിനുശേഷം പതിവ് യാത്രകളുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു പ്രണവ് അടുത്തിടെയാണ് ഷൂട്ടിങിനായി താരം നാട്ടിൽ തിരികെ എത്തിയത്. അഭിനയത്തെക്കാൾ സംഗീതത്തെയും യാത്രകളെയുമാണ് പ്രണവ് സ്നേഹിക്കുന്നത്. പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് മകൻ സിനിമകൾ ചെയ്യുന്നതെന്ന് മോഹൻലാൽ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ധ്യാനും പ്രണവും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. താനും പ്രണവും ഏകദേശം ഒരുപോലെയാണെന്നും അതാണ് വർഷങ്ങൾക്കുശേഷം സെറ്റിൽ ചെല്ലുമ്പോഴുള്ള ഏക ആശ്വാസമെന്നും പറയുകയാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ. പുതിയ സിനിമ ചീന ട്രോഫിയുടെ പ്രമോഷന് എത്തിയപ്പോഴാണ് വർഷങ്ങൾക്കുശേഷം സിനിമയുടെ സെറ്റിലെ വിശേഷങ്ങൾ ധ്യാൻ പങ്കിട്ടത്.

തിരയ്ക്കുശേഷം ആദ്യമായാണ് വിനീതിന്റെ സംവിധാനത്തിൻ ധ്യാൻ അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ധ്യാൻ ശരീര ഭാരം കുറച്ചത് വൈറലായിരുന്നു. 'എനിക്ക് ആക്ടിങിനോട് വലിയ പാഷനില്ല. ചെയ്തുപോകുന്നുവെന്നേയുള്ളു. ഞാനും അപ്പുവും ഒക്കെ വർഷങ്ങൾക്കുശേഷം എന്ന സിനിമയോട് വളരെ ഡിറ്റാച്ച്ഡാണ്. ഏട്ടൻ പക്ഷെ ഭയങ്കര ഇമോഷണലായാണ് കാര്യങ്ങൾ കാണുന്നത്.'
'ചില സീനുകളൊക്കെ ഷൂട്ട് ചെയ്തപ്പോൾ ഏട്ടന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. ആ മൊമന്റിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാൽ പിന്നെ ഞാനും അപ്പുവും ഒന്നും അത് കാരിചെയ്യുന്നില്ല. അടുപ്പിച്ച് പടം ചെയ്ത് ചെയ്ത് എനിക്ക് എല്ലാം മെക്കാനിക്കലായിപ്പോയി. അപ്പുവും എന്നെപ്പോലെയായതുകൊണ്ട് സെറ്റിൽ എനിക്കൊരു കമ്പനിയുണ്ട്. ആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങൾ രണ്ടുപേരും.'
'ഞങ്ങൾ ഏട്ടന് വേണ്ടി ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്കുശേഷം. ഏട്ടന്റെ സിനിമ എനിക്ക് വളരെ പേഴ്സണലാണ്', എന്നാണ് ധ്യാൻ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്. മെറിലാൻഡ് സിനിമയാണ് വർഷങ്ങൾക്കുശേഷം നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും വർഷങ്ങൾക്കുശേഷം സിനിമയിൽ അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.


Click it and Unblock the Notifications