'മമ്മൂട്ടിയുടെ കൂടെ പോയാൽ ഫുഡ് ഫ്രീ ഒപ്പം കാശും കിട്ടും, ഷാരൂഖാന് പറ്റിയ കഥ ചോദിച്ച് ജോമോൻ വിളിച്ചു'; ധ്യാൻ
പൊതുവെ താരങ്ങൾ മസിലുപിടിച്ച് സംസാരിക്കുന്നുവെന്ന പരാതി സിനിമാപ്രേമികൾക്കിടയിലുണ്ട്. ഇന്റർവ്യൂവിൽ വന്നാലും മസിലുപിടിച്ചാണ് ചില താരങ്ങൾ സംസാരിക്കാറുള്ളതെന്നും പ്രേക്ഷകർ പറയാറുണ്ട്.
വളരെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് അഭിമുഖങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കാൻ എത്തുമ്പോൾ ഇമേജ് വിചാരിച്ച് മസിലുപിടിച്ച് ഇരിക്കാതെ തുറന്ന് സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും തമാശകൾ പറയുകയും ചെയ്യുന്നത്. അക്കൂട്ടത്തിലുള്ള ഒരാളാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
അച്ഛൻ ശ്രീനിവാസനെപ്പോലെ തന്നെ സരസായി സംസാരിച്ച് ധ്യാനും ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറി കഴിഞ്ഞു. ഇന്റർവ്യു കിങ് എന്നാണ് ധ്യാനിനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ധ്യാനിനെപ്പോലെ തന്നെ ഉരുളയ്ക്ക് ഉപ്പേരി മറുപടിയും തമാശ കലർന്ന കഥപറച്ചിലും മറ്റുമായി വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്രീനിവാസൻ ജനപ്രിയ താരമായി മാറിയിട്ടുണ്ട്.
ധ്യാനിന്റെ അഭിമുഖങ്ങൾക്ക് മാത്രം വലിയൊരു കൂട്ടം പ്രേക്ഷകരുണ്ട്. എപ്പോഴും വൈറലായി മാറുകയും ട്രെന്റിങിൽ വരികയും ചെയ്യുന്ന അഭിമുഖങ്ങളിൽ ഏറെയും ധ്യാനിന്റേതാണ്.

സ്വന്തം ജീവിതത്തിലെ രസകരമായ കഥകൾ മാത്രമല്ല... ചേട്ടൻ വിനീതിന്റേയും അമ്മ വിമലയുടേയും അച്ഛൻ ശ്രീനിവാസന്റേയും സുഹൃത്തുക്കളുടേയും രസകരമായ കഥകളും ധ്യാൻ പങ്കുവെക്കാറുണ്ട്. അച്ഛന്റേയും ചേട്ടന്റേയും വഴിയെയാണ് ധ്യാനും സിനിമയിലേക്ക് എത്തിയത്.
തിരയായിരുന്നു നടനായി ധ്യാൻ അരങ്ങേറിയ ആദ്യ സിനിമ. ചിത്രത്തിൽ ശോഭനയായിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തത്. ധ്യാൻ കോളജിൽ പഠിക്കുമ്പോൾ ചെയ്ത ഷോർട്ട് ഫിലിം കണ്ടിട്ടാണ് വിനീത് സഹോദരൻ ധ്യാനിനെ സിനിമയിലേക്ക് കൊണ്ടുവന്നത്.

തിരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ നടനെന്ന രീതിയിൽ ധ്യാനിന് ലഭിച്ചു. അതിൽ കുഞ്ഞിരാമായണത്തിലെ ലാലു അടക്കമുള്ള ധ്യാനിന്റെ കഥാപാത്രങ്ങൾ വലിയ ഹിറ്റായിരുന്നു. നടൻ മാത്രമല്ല തിരക്കഥാ കൃത്തും സംവിധായകനുമെല്ലാമാണ് ധ്യാനിന്ന്.
ഇപ്പോഴിത ധ്യാൻ മമ്മൂട്ടിയെ കുറിച്ചും തന്റെ പ്രിയ സുഹൃത്തുകളിൽ ഒരാളും ഛായാഗ്രഹകനുമായ ജോമോൻ ടി ജോണിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഷാരൂഖാനെ രക്ഷപ്പെടുത്താൻ കഥ ചോദിച്ച് അടുത്തിടെ ജോമോൻ തന്നെ വിളിച്ചിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്.

'1978-1979 കാലഘട്ടത്തിൽ അച്ഛനും മമ്മൂട്ടി അങ്കിളുമെല്ലാം സിനിമയുടെ ആവശ്യങ്ങൾക്കായി ചെന്നൈയിലായിരുന്നു താമസം. ആ സമയത്ത് മമ്മൂട്ടി അങ്കിളിന്റെ കൈയ്യിൽ കാശുണ്ട്. അച്ഛൻ അടുത്തിടെ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു.'
'അതിൽ അച്ഛൻ പറയുന്നത് ഇങ്ങനെയാണ്... മമ്മൂട്ടിയുടെ കൈയ്യിൽ അന്ന് കാശുണ്ടായിരുന്നതിനാൽ അദ്ദേഹത്തോടൊപ്പം പോയാൽ ഫുഡ് ഫ്രീയാണ്. എപ്പോഴും മമ്മൂട്ടി അങ്കിളാണ് ഇവർക്ക് ഫുഡ് മേടിച്ച് കൊടുത്തിരുന്നത്. ഫുഡ് മാത്രമല്ല പോകാൻ നേരത്ത് മമ്മൂട്ടി അങ്കിൾ പൈസയും കൊടുക്കുമായിരുന്നുവത്രേ... ചിലപ്പോൾ അദ്ദേഹം പണം തരാൻ മറന്ന് പോയാൽ അച്ഛൻ ചോദിച്ച് മേടിക്കുമായിരുന്നുവത്രേ.'

'ആ വീഡിയോ കണ്ട ശേഷം അതിന്റെ കമന്റ് ഞാൻ വായിച്ചു. അതിൽ വന്ന കമന്റുകൾ ഇങ്ങനെയായിരുന്നു. ധ്യാനിനെ കുറ്റം പറയാൻ പറ്റില്ല. അച്ഛന്റെ അല്ലേ മോൻ എന്ന്. അതേ അച്ഛന്റെ മകൻ എന്നൊക്കെ കമന്റുണ്ടായിരുന്നു. ജോമാൻ ടി ജോണിന് ബോളിവുഡിൽ പരിചയമുണ്ട്. അത് സത്യമാണ്.'
'നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടല്ലോ. കഴിഞ്ഞ ദിവസം ജോമോൻ എന്നെ വിളിച്ചിരുന്നു. ഞാൻ കണ്ണൂരായിരുന്നു. വിളിച്ചിട്ട് ജോമോൻ പറഞ്ഞത് ഇങ്ങനെയാണ്... എടാ എന്നെ രോഹിത്ത് ഷെട്ടി വിളിച്ചിരുന്നു. പിന്നെ നമ്മുടെ മറ്റെ പുള്ളിയില്ലേ ഷാരൂഖ് ഖാൻ പുള്ളി ആകെപാടെ ഡൗണാണ്.'

'പുള്ളിക്ക് പറ്റിയ സബ്ജക്ട് എന്തെങ്കിലും ഉണ്ടോയെന്ന്. കണ്ണൂരിൽ നിൽക്കുന്ന ഞാനും കൊച്ചിയിൽ നിൽക്കുന്ന ജോമോനും ചേർന്ന് ബോളിവുഡിലെ ഷാരൂഖാനെ രക്ഷപ്പെടുത്താൻ കഥ കണ്ടെത്താനുള്ള ഡിസ്കഷൻ.'
'അത് കേട്ടപ്പോൾ ഷാരൂഖാൻ അത്ര അധപതിച്ചോ എന്നാണ് എനിക്ക് തോന്നിയത്. കഥ ഉണ്ടെന്നാണ് ജോമോൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്. ഞങ്ങളുടെ സ്വപ്നങ്ങൾ ഇത്തരത്തിൽ നടക്കാത്ത സ്വപ്നങ്ങളാണ്. എപ്പോഴെങ്കിലും നടന്നാലോയെന്ന് കരുതിയാണ് പറയുന്നത്' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications