ചേട്ടൻ വിനീത് തന്റെ റോൾ മോഡൽ അല്ല, അച്ഛന്റെ ആ വാക്കുകൾ വളരെ വേദനിപ്പിച്ചിരുന്നു,വെളിപ്പെടുത്തി ധ്യാൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സഹേദാരന്മാരായ വിനീത് ശ്രീനിവാസനും ധ്യാനും. ശ്രീനിവാസന്റെ മക്കൾ എന്നതിൽ ഉപരി സ്വന്തം പേരിലാണ് ഇവരെ അറിയപ്പെടുന്നത്. അച്ഛന്റെ ലേബലിൽ നിൽക്കാതെ സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം ഇവർ കണ്ടെത്തിയിട്ടുണ്ട്. ഗായകനായിട്ടാണ് വിനീത് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് സൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ ചുവട് വയ്ക്കുകയായിരുന്നു. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയമാണ് ഇനി പുറത്ത് വരാനുള്ള ചിത്രം.
അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും സിനിമയിൽ എത്തുകയായിരുന്നു. 2013 ൽ പുറത്ത് ഇറങ്ങിയ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യൻ വെള്ളിത്തിരയിൽ എത്തുന്നത്. ചേട്ടൻ വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ശോഭനയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. 2019 ൽ പുറത്ത് ഇറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സംവിധായകൻ ആകുന്നത്. നിവിൻ പോളി, നയൻതാര എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വൻ വിജയമായിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറലാവുന്നത് ചേട്ടനേയും അച്ഛനേയും കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്റ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്.

ചേട്ടൻ റോൾമോഡൽ അല്ല എന്നാണ് നടൻ പറയുന്നത്. വിനീതാണോ റോൾമോഡൽ എന്ന ചോദ്യത്തിനാണ് സഹോരൻ തന്റെ റോൾ മോഡൽ അല്ല എന്ന് ധ്യാൻ പറയുന്നത്. റോൾ മോഡൽ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നടന്റെ മറുപടി. അജു വർഗീസും ഈ അഭിമുഖത്തിൽ എത്തിയിരുന്നു . ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലവ് ആക്ഷൻ ഡ്രാമ പുറത്ത് വന്ന സമയത്തുള്ള അഭിമുഖമായിരുന്നു ഇത്. നയൻതാരയുമായി സിനിമ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ധ്യാൻ പറയുന്നു.

അച്ഛൻ ഏട്ടനെക്കാൾ കൂടുതൽ പരിഗണന നൽകിയിട്ടുള്ളത് തനിക്കാണെന്നും ധ്യാൻ പറയുന്നു. അത് ഏട്ടനും അറിയാം. തന്നെ മകനെ പോലെയാണ് ഏട്ടനും കാണുന്നതെന്നും താരം പറയുന്നു. അച്ഛന്റെ ഏറ്റവും നല്ല സ്വഭാവത്തെ കുറിച്ചും മോശം സ്വഭാവത്തെ കുറിച്ചും ധ്യാൻ പറയുന്നുണ്ട് . സ്ട്രൈറ്റ് ഫോർവേർഡാണ് അച്ഛനിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു സ്വഭാവം. ഇത് തന്നെയാണ് അച്ഛന്റെ മോശം സ്വഭാവമായി കാണുന്നതെന്നും ധ്യാൻ പറയുന്നു.

കൂടാതെ അച്ഛൻ പറഞ്ഞതിൽ ഏറ്റവും സങ്കടം തോന്നിയ പരാമർശത്തെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്. താൻ സിനിമയിൽ എത്തില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് തന്നെ വിഷമപ്പെടുത്തിയിരുന്നു. അപ്പോൾ തനിക്ക് ഒരു വാശി തോന്നി എന്നായിരുന്നു താരം പറഞ്ഞത്. ധ്യാനെ പ്രചോദിപ്പിക്കാൻ അച്ഛൻ പറഞ്ഞതാണോ എന്ന് ചോദ്യത്തിന് ഒരിക്കലും ഇല്ല സീരിയസ് ആയിട്ടാണ് പറഞ്ഞത് എന്നാണ് മറുപടി നൽകിയത്. തന്റെ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഒന്നും പറയുന്ന ആളല്ല അച്ഛനെന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് ധ്യാൻ ശ്രീനിവാസന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റേയും ചേട്ടന്റേയും ഇഷ്ടതാരങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത്. ഇഷ്ടനടി ആരാണെന്ന് ചോദിച്ചപ്പോള്‍ പണ്ട് ശോഭനയെ ആയിരുന്നെന്നും നവ്യ നായരെ ഇഷ്ടമായിരുന്നെങ്കിലും ആ ഇഷ്ടം ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. കൂടാതെ ചേട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്.

"നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ?" എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല എന്നാണ് ധ്യാൻ മറുപടി നൽകുന്നത്. ചേട്ടന് നടി മീര ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോ? എന്ന് ചേട്ടൻ തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാൻ പറയുന്നു. ഇത് തമാശയായി പറഞ്ഞതാണെന്ന് വിനീത് തന്നെ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഈ അഭിമുഖത്തിൽ വിനീത് അച്ഛന്റെ ചില രീതികളെ വിമർശിക്കുന്നുമുണ്ട്. മലയാളത്തിലെ പ്രഗത്ഭനായ ഒരു നടനിട്ട് അച്ഛന്‍ ഇടയ്ക്കിടയ്ക്ക് പണിയാറുണ്ട്. ഒരു നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്ക് അത്ര സഹിക്കാന്‍ പറ്റില്ലെന്നായിരുന്നു വിനീതിന്റെ വാക്കുകൾ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി. എന്തായിരുന്നു അതിനോടുള്ള അച്ഛന്റെ പ്രതികരണം എന്ന ചോദ്യത്തിന് കുറച്ച് പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് വിനീത് പറയുന്നു. നീ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ ഞാന്‍ നുണ പറഞ്ഞ് തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നീ വിചാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ എന്തു വിചാരിച്ചിട്ടും കാര്യമില്ലല്ലോയെന്നായിരുന്നു വിനീതിന്റെ മറുപടി.
Recommended Video

അതേസമയം ധ്യാൻ ശ്രീനിവാസന്റെ വാക്കുകളിൽ പ്രതികരിച്ച് നവ്യ നായർ രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാർ സിനിമ കണ്ടതിന് ശേഷം തിയേറ്ററിൽ നിന്ന് വരുമ്പോഴായിരുന്നു ധ്യാനിന്റെ വൈറൽ വീഡിയോയെ കുറിച്ച് നവ്യ പ്രതികരിച്ചത്. ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ എന്നും എന്താണ് അഭിപ്രായം എന്നും ഒരു മാധ്യമപ്രവർത്തകൻ ചോദിത്തിനായിരുന്നു നടിയുടെ മറുപടി. "സന്തോഷം," എന്നാണ് നവ്യ ആദ്യം പറഞ്ഞത്.
"ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്സ്ആപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു. ധ്യാൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും 'അയ്യോ അങ്ങനെ പറയണ്ടായിരുന്നു' എന്ന്," എന്നാണ് നവ്യ പറഞ്ഞത്.


Click it and Unblock the Notifications