'ദിവ്യ വ്യക്തി ജീവിതത്തിലെ വിഷമത്തിലായിരുന്നു; അവൾ എങ്ങനെ ചില സാഹചര്യങ്ങൾ കൈകാര്യം ചെയ്തെന്ന് ചിന്തിച്ചു'
തുടരെ സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഐഡി: ദ ഫേക്ക് ആണ് നടന്റെ പുതിയ സിനിമ. അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ദിവ്യ പിള്ളയും ഭഗതും ധ്യാനിനൊപ്പം പ്രധാന വേഷം ചെയ്യുന്നു. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ തന്റെ സഹ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ. ദിവ്യയും ഭഗതും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.
ചില ആൾക്കാരെ കാണുമ്പോൾ നമുക്കൊരു സന്തോഷമുണ്ട്. ദിവ്യ എത്രത്തോളം വിഷമത്തിലാണെങ്കിലും ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വളരെ വിഷമിച്ചിരിക്കുമ്പോൾ പോലും പുറത്ത് പ്ലാസ്റ്റിക് ചിരിയുണ്ട്. ഭഗത് അക്കാര്യത്തിൽ അതിലും മിടുക്കനാണ്. എല്ലാവർക്കും അവരുടേതായ വിഷമങ്ങളുണ്ട്. ഉയർച്ച താഴ്ചകളുണ്ടാകും. അങ്ങനെയുള്ള ഘട്ടങ്ങളിലൊക്കെ ഭഗത്തിനെയും ദിവ്യയെയും കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് അങ്ങനെയൊരു അടുപ്പമുണ്ട്.

എപ്പോഴും പുതുക്കുന്നൊന്നുമില്ല. ഇതേ പോലെ വല്ലപ്പോഴും കാണുന്ന സമയത്ത് വീണ്ടും പരിചയം പുതുക്കേണ്ടി വരുന്നില്ല. കണ്ടപ്പോൾ ഇന്ന് ഞങ്ങൾ കുറച്ച് പേഴ്സണൽ കാര്യങ്ങൾ സംസാരിച്ചു. എല്ലാവരോടും അങ്ങനെയൊരു അടുപ്പം ഉണ്ടാകാറില്ലെന്നും ധ്യാൻ പറഞ്ഞു. എനിക്കൊരു വിഷമം ഉണ്ടെങ്കിൽ എന്റെ മുഖത്ത് അത് കാണും. ദിവ്യയെ പോലെയോ ഭഗത്തിനെ പോലെയോ പറ്റില്ല.
ദിവ്യ എങ്ങനെ ചില സാഹചര്യങ്ങൾ കൈകാര്യം ചെയ്തെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഈ സിനിമ ചെയ്യുന്നത് അവൾ ജീവിതത്തിൽ ഒരു ലോ പോയന്റിൽ നിൽക്കുകയാണ്. പക്ഷെ അതിന്റെ ഒരു മൂഡ് സ്വിംഗും ലൊക്കേഷനിൽ കാണിക്കാതെ വർക്കിലേക്ക് ശ്രദ്ധ കൊടുത്ത പ്രൊഫഷണലിസം തന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു.
തുടരെ സിനിമകൾ ചെയ്യുന്നതിനെക്കുറിച്ചും ധ്യാൻ സംസാരിച്ചു. ഇത്രയും പടങ്ങളിൽ അഭിനയിച്ച് ഡബ് ചെയ്ത് പ്രൊമോട്ട് ചെയ്യണം. ഒരു ഡേറ്റ് മാറിയാൽ മറ്റ് സിനിമകളെ ബാധിക്കും. ആരാണ് മാനേജ് ചെയ്യുന്നതെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ തന്നെയാണ് മാനേജ് ചെയ്യുന്നത്. തനിക്ക് മാനേജരില്ലെന്നും ധ്യാൻ വ്യക്തമാക്കി. പൃഥിരാജിനും മാനേജരില്ലെന്ന് പറഞ്ഞപ്പോൾ തന്റെ അത്രയും സിനിമകൾ രാജുവേട്ടൻ ചെയ്യുന്നില്ലെന്നായിരുന്നു ധ്യാനിന്റെ മറുപടി.
ഞാൻ കാരണം ഷൂട്ടിംഗ് വൈകിയാൽ അവർക്കല്ല, എനിക്കാണ് ബുദ്ധിമുട്ട്. എനിക്കാണ്. അതിനാൽ വളരെ പ്രൊഫഷണലായി എല്ലാം ചെയ്യുന്നു. എന്തെങ്കിലും താമസം വന്നാൽ താൻ തന്നെ ഇടപെട്ട് ഷൂട്ടിംഗ് പൂർത്തിയാക്കുമെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. തുടരെ സിനിമകൾ ചെയ്ത് അതൊരു ശീലമായി മാറി.
കുറേ പൈസയുണ്ടാക്കിയില്ലേ എന്ന് എന്നോട് പലരും ചോദിക്കും. ഈ പൈസ അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടായിട്ടില്ല. ഞാൻ കുടുംബത്തോടൊപ്പമോ മറ്റോ യാത്രയൊന്നും പോകുന്നില്ല. മൂന്ന് നാല് വർഷമായി എല്ലാ ദിവസവും ഷൂട്ടിംഗാണ്. പക്ഷെ ഷൂട്ടില്ലാതെ രണ്ട് ദിവസം വീട്ടിലിരിക്കുമ്പോൾ വീർപ്പുമുട്ടലാണ്.
ഓഫീസ് ജോലി പോലെയായി. നിർത്താനും പറ്റുന്നില്ല. കുറച്ച് ദിവസം വീട്ടിലിരുന്നാൽ എനിക്കത് ഹാൻഡിൽ ചെയ്യാൻ പറ്റാതായി. നല്ല സിനിമകൾ ചെയ്യണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ നമ്മൾക്ക് അവസരം വന്നാലെ ചെയ്യാൻ പറ്റൂയെന്നും ധ്യാൻ ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. ഒരു സിനിമയിൽ വർക്ക് ചെയ്ത് അടുത്ത സിനിമയിലേക്ക് പോകുക. എപ്പോഴും വർക്ക് ചെയ്ത് കൊണ്ടിരിക്കുക. കരിയറിൽ സജീവമല്ലെങ്കിൽ അവസരം നഷ്ടപ്പെടുമെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications