അവശ കലാകാരന്‍മാര്‍ക്കുള്ള പൈസ എനിക്ക് വേണ്ട! നിനക്ക് വേണേല്‍ വാങ്ങിച്ചോ! ശ്രീനിവാസനെക്കുറിച്ച് ധ്യാന്‍
ഉദ്ഘാടന വേദികളിലെ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളും, സംസാരവുമാണ് കൂടുതലിഷ്ടമെന്നാണ് ധ്യാനിനെക്കുറിച്ചുള്ള വിലയിരുത്തല്‍. ഗൗരവകരമായ കാര്യമാണെങ്കിലും നര്‍മം കലര്‍ത്തിയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ പാലക്കാട് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ നടത്തിയ പ്രസംഗം വൈറലായിക്കൊണ്ടിരിക്കുകയാണ്. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട് ഞാന്‍. പക്ഷേ, റിസല്‍ട്ടൊന്നുമില്ല. എത്രയോ പടങ്ങള്‍ ചെയ്യുന്നു, മെച്ചമൊന്നുമില്ല. നിങ്ങള്‍ കാണുന്നതല്ലോ. അച്ഛനെക്കുറിച്ചും ധ്യാന്‍ വേദിയില്‍ സംസാരിച്ചിരുന്നു. പെട്ടെന്ന് ഓര്‍ത്തപ്പോള്‍ പറയുന്നതാണ്. എന്റെയൊരു സിനിമ ഒരു ചാനലില്‍ വന്നു. അച്ഛന്‍ ഇരുന്നു കണ്ടു. അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ നിന്റെയൊരു സിനിമ കണ്ടു എന്ന് പറഞ്ഞു.
ഭയങ്കര രസമുള്ള, ഗംഭീര സിനിമ എന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കുറേക്കാലത്തിന് ശേഷമാണ് അച്ഛന്‍ അമ്മയോട് നീ മിണ്ടിപ്പോവരുത് എന്ന് പറഞ്ഞ് കൈചൂണ്ടിയത് കണ്ടത്. നീ ഒറ്റയൊരാളാണ് എന്നെ വഷളാക്കുന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്നോട് സിനിമയുടെ സംവിധായകനെക്കുറിച്ചും, നിര്‍മ്മാതാവിനെക്കുറിച്ചുമൊക്കെ ചോദിച്ചിരുന്നു.

എല്ലാം പുതുമുഖങ്ങളാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എവിടെ നിന്ന് വരുന്നു ഇതുപോലെയുള്ള ആളുകള്‍ നിനക്ക് മാത്രം എന്നായിരുന്നു പിന്നെ ചോദിച്ചത്. സിനിമ ആഗ്രഹിച്ച് വരുന്നവരല്ലേ, ഇതുപോലെയുള്ള പുതിയ നിര്‍മ്മാതാക്കളൊക്കെ വരുന്നത് കൊണ്ടല്ലേ അച്ഛാ നമ്മളൊക്കെ ജീവിച്ച് പോവുന്നത്. ഇതിലും ഭേദം മരിക്കുന്നതാണ് നല്ലതെന്നായിരുന്നു മറുപടി. ആ സമയത്ത് അമ്മ സംഘടനയുടെ ഒരു മീറ്റിംഗുണ്ടായിരുന്നു. അതിന് പോവുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു. അവശ കലാകാരന്‍മാര്‍ക്ക് അയ്യായിരം രൂപ വെച്ച് കൊടുക്കുന്നുണ്ട്. അത് എനിക്ക് വേണ്ട, ധ്യാന് വേണമെങ്കില്‍ പോയി വാങ്ങിച്ചോ എന്നായിരുന്നു അച്ഛന്റെ കമന്റ്. ഒരോര്‍മ്മ പുതുക്കിയതാണ്.
ആശയപരമായി ഇടയ്ക്ക് പിണങ്ങാറുണ്ടെങ്കിലും ജീവിതത്തില്‍ തന്നെ ഏറ്റവും നന്നായി മനസിലാക്കിയ ആള്‍ അച്ഛനാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. പഠിക്കാന്‍ വിട്ടപ്പോള്‍ കാണിച്ച കുരുത്തക്കേടുകളൊക്കെ അച്ഛന് അറിയാമായിരുന്നു. പ്രണയം പറഞ്ഞപ്പോള്‍ അവരുടെ വീട്ടുകാരുമായി ആലോചിച്ച് അത് നടത്തി തന്നു. അഭിനയവും, ഡയറക്ഷനുമൊക്കെ ചെയ്യാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ആദ്യം ആശ്ചര്യമായിരുന്നു. പിന്നെ അത് ചെയ്ത് കണ്ടപ്പോള്‍ സന്തോഷമായി. കിട്ടുന്ന അവസരങ്ങളിലെല്ലാം പഴയ കഥകളും, അനുഭവങ്ങളുമൊക്കെ പറയാറുണ്ട് ധ്യാന്‍. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നെഞ്ച് തകര്‍ന്നുള്ള ധ്യാനിന്റെ കരച്ചില്‍ മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു.


Click it and Unblock the Notifications