ചിതയില്‍ അഗ്നി പകരും മുന്നെ ഉറ്റതോഴന് നല്‍കിയത്! ധ്യാന്‍ ആഗ്രഹം പറഞ്ഞു! സത്യന്‍ അന്തിക്കാട് അത് നിറവേറ്റി
സിനിമാലോകം ഒന്നടങ്കം ശ്രീനിവാസന് യാത്രാമൊഴി നല്‍കാനെത്തിയിരുന്നു. ആശുപത്രിയിലും, പൊതുദര്‍ശനത്തിന് വെച്ചപ്പോഴുമെല്ലാം സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു. വീട്ടുമുറ്റത്തായിരുന്നു ശ്രീനിവാസന് അന്ത്യവിശ്രമം ഒരുക്കിയത്. ജനപ്രവാഹമായിരുന്നു വീട്ടിലേക്കെത്തിയത്. അന്ത്യകര്‍മ്മം ചെയ്യുമ്പോഴും, ചടങ്ങുകളുടെ ഇടയിലെയും വൈകാരിക നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. സങ്കടം അടക്കിപ്പിടിച്ച് നില്‍ക്കുകയായിരുന്ന വിനീതും ധ്യാനും. ഇടയ്ക്ക് വെച്ച് ഇരുവരും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അച്ഛന്റെ എല്ലാമെല്ലാമായ കൂട്ടുകാരന്‍ സത്യന്‍ അന്തിക്കാടിനെ കണ്ടപ്പോഴും ഇരുവരും വിങ്ങിപ്പൊട്ടിയിരുന്നു.
രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ ശ്രീനിയെ കാണാന്‍ പോവാറുള്ളതാണ്. വീട്ടിലേക്ക് വരുന്നുണ്ടെന്ന് നേരത്തെ വിളിച്ച് പറയാറുണ്ട്. സത്യേട്ടന്‍ വരുന്നുവെന്ന് കേട്ടാല്‍ മുതല്‍ ശ്രീനിയേട്ടന്‍ കുളിച്ച് റെഡിയായി ഇരിക്കും. അന്തിക്കാട് നിന്നും വണ്ടിയോടിച്ച് എത്തണ്ടേയെന്ന് പറഞ്ഞാല്‍ മനസിലാവും. പഴയ കഥകളും, ചെയ്യാന്‍ പോവുന്ന സിനിമയെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിക്കാറുണ്ട്്. ഞങ്ങളൊന്നിച്ച് ഒരു പൊളിറ്റിക്കല്‍ സിനിമ ചെയ്യണമെന്ന് കരുതിയിരുന്നു. ഇതുവരെ അതേക്കുറിച്ച് പറഞ്ഞിട്ടില്ല, ഇനി നടക്കില്ലെന്നുറപ്പായല്ലോ, അതുകൊണ്ടാണ് പറയുന്നത് എന്നുമായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്. ശ്രീനിവാസനെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ കിട്ടാതെ ഇടറിയതോടെ, സംസാരം മുഴുമിപ്പിക്കാതെ മാറിപ്പോവുകയായിരുന്നു അദ്ദേഹം.

വീട്ടിനകത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ചിതയിലേക്ക് വെച്ചപ്പോഴായിരുന്നു ധ്യാന്‍ വിനീതിനോട് അച്ഛന്റെ പേനയും പേപ്പറും വെക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. എല്ലാവര്‍ക്കും എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ എന്നായിരുന്നു പേപ്പറില്‍ സത്യന്‍ അന്തിക്കാട് എഴുതിയത്. അദ്ദേഹം തന്നെ ആ പേപ്പറും പേനയും ശ്രീനിയുടെ നെഞ്ചിലേക്ക് വെക്കുകയായിരുന്നു. പോക്കറ്റില്‍ നിന്നും തൂവാലയെടുത്ത് കണ്ണീരൊപ്പുകയായിരുന്നു അദ്ദേഹം. അരികിലായി ധ്യാനും വിനീതും, വിമല ടീച്ചറും, അര്‍പ്പിതയും, ദിവ്യയുമൊക്കെയുണ്ടായിരുന്നു. അച്ഛനെ അത്രമേല്‍ മനസിലാക്കിയ സത്യനങ്കിള്‍ തന്നെ ആ കര്‍മ്മം ചെയ്യട്ടെ എന്നായിരുന്നു ധ്യാന്‍ വിനീതിനോട് പറഞ്ഞത്.
ഏറ്റവും അടുത്ത സുഹൃത്തിനെ അനുസ്മരിക്കുക എന്നത് വേദനാജനകമായൊരു കാര്യമാണ്. പ്രായം കൂടി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു ചില സമയത്ത് വല്ലാതെ ഇമോഷണലാവും. ഇപ്പോള്‍ എല്ലാവരും കൂടെയുള്ളത് കൊണ്ട് സംസാരിക്കാന്‍ പറ്റും, എന്റെയുള്ളില്‍ ഇമോഷണലായൊരു ലെയറുണ്ട്. അത് പൊട്ടിപ്പോവാതെയിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ശ്രീനി കൂടി വരുമ്പോഴാണ് എനിക്ക് പൂര്‍ണത വരുന്നത്. എന്റെ ഒരു ഭാഗം പോയത് പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അസുഖ കാലങ്ങളിലൊക്കെ കുറച്ച് ദൂരെയായാലും ശ്രീനിയെ ഞാന്‍ പോയി കാണാറുണ്ടായിരുന്നു. രാവിലെ പോയാല്‍ വൈകിട്ടാണ് വരുന്നത്.
ശ്രീനി വന്നതോടെയാണ് എന്റെ സിനിമാജീവിതത്തിന്റെ ദിശ ഞാന്‍ തിരിച്ചറിയുന്നത്. ടിപി ബാലഗോപാലന്‍ എംഎയിലൂടെയാണ് ഞാന്‍ എന്റെ ട്രാക്ക് കണ്ടെത്തിയത്. ശ്രീനി എനിക്ക് സുഹൃത്ത് മാത്രമല്ല ഗുരുനാഥനും കൂടിയായിരുന്നു. ശ്രീനിയില്‍ നിന്നും പഠിച്ച കാര്യങ്ങളാണ് ഞാന്‍ എഴുതുമ്പോഴും, മറ്റുള്ളവരുടെ കഥ എടുക്കുമ്പോഴും ഓര്‍ക്കാറുള്ളത്. ഈ അടുത്ത് ചെയ്ത ഹൃദയപൂര്‍വ്വം വരെ ശ്രീനിയുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് ചെയ്തത്. ഒരു വലിയ കാലഘട്ടം ഞങ്ങളൊന്നിച്ചാണ് താമസിച്ചത്. വഴക്കിടാറൊക്കെയുണ്ട് ഞങ്ങള്‍. പിറ്റേ ദിവസം ആരെങ്കിലുമൊരാള്‍ സോറി പറയും. അതോടെ അത് തീരും. എന്റെ മാരുതി കാറില്‍ ഞങ്ങള്‍ കറങ്ങാത്ത സ്ഥലങ്ങളില്ല എന്നുമായിരുന്നു ശ്രീനിവാസനെ അനുസ്മരിക്കുന്നതിനിടെ സത്യന്‍ അന്തിക്കാട് പറഞ്ഞത്.


Click it and Unblock the Notifications











