'യൗവനത്തിന്റെ ത്രസിപ്പിലാണ് അന്ന് അരവിന്ദ് സ്വാമി; ദേവരാഗത്തിൽ ശ്രീദേവിയുമായി ആ അകൽച്ച കാണാം'
ആരാധകരുടെ മനസിലെ അപ്സരസായ ശ്രീദേവി അവതരിപ്പിച്ച അവിസ്മരണീയ കഥാപാത്രങ്ങൾ നിരവധിയാണ്. പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റാത്ത അത്രയും മികവോടെയാണ് ശ്രീദേവി സിനിമകളിൽ നിറഞ്ഞാടിയത്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച ശ്രീദേവിയുടെ കരിയർ ഗ്രാഫ് പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കരിയറിൽ നായികയായുള്ള തുടക്ക കാലത്ത് ചില മലയാള സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരമായി മാറിയ ശേഷം ദേവരാഗം എന്ന മലയാള സിനിമയിൽ മാത്രമാണ് ശ്രീദേവി അഭിനയിച്ചത്.
1996 ലിറങ്ങിയ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്തത് ഭരതനാണ്. മലയാളത്തിൽ ശ്രീദേവി തന്നെയാണ് ഡബ് ചെയ്തതും. ബോളിവുഡിലെ താരറാണിയായിരിക്കെയാണ് ദേവരാഗത്തിൽ അഭിനയിക്കാൻ ശ്രീദേവി തയ്യാറാകുന്നത്. സിനിമയെക്കുറിച്ചും ശ്രീദേവിയെക്കുറിച്ചും ഭരതന്റെ അടുത്ത സുഹൃത്തായിരുന്ന തിരക്കഥാകൃത്ത് ജോൺ പോൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ സുഹൃത്ത് സംവിധായകൻ ഭരതൻ ശ്രീദേവിയെക്കുറിച്ച് പറഞ്ഞത് ഒരു ശിൽപിയെ മോഹിപ്പിക്കുന്ന അംഗലാവണ്യമാണ് ശ്രീദേവിയുടേതെന്നാണ്. ശ്രീദേവിയുടെ ചിത്രം വരയ്ക്കാൻ വളരെ എളുപ്പമാണെന്ന് ഭരതൻ പറയുമായിരുന്നു. ശിൽപ്പം ഉണ്ടാക്കാൻ അതിനേക്കാൾ എളുപ്പമായിരുന്നു. പല കഥാപാത്രങ്ങളിലും ശ്രീദേവിയെ ഉൾച്ചേർക്കണമെന്ന് ഭരതന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭരതൻ സജീവ സാന്നിധ്യമായിരുന്ന കാലഘട്ടങ്ങളിൽ ശ്രീദേവി കൈയെത്താ ദൂരത്ത് തമിഴിലും ഹിന്ദിയിലും നിറഞ്ഞാടുകയായിരുന്നു.
എങ്കിലും ഭരതന്റെ അവസാന കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൊന്നിൽ ശ്രീദേവിയെ മുഖ്യകഥാപാത്രമായി അവതരിപ്പിച്ചു. ദേവരാഗം എന്ന പേരിൽ മനോഹരമായ കുറേ പാട്ടുകളോടെ ആ ചിത്രം ഭരതൻ ഒരുക്കി. അരവിന്ദ് സ്വാമിയാണ് ദേവരാഗത്തിൽ നായകനായി വന്നത്. ഭരതൻ എത്ര മോഹിപ്പിക്കുന്ന ഫ്രെയ്മുകൾ ഉണ്ടാക്കിയെടുത്താലും സൈക്കോളജിക്കലായി ശ്രീദേവി നമ്മുടെ മനസ്സിൽ എത്രയോ സീനിയറാണ്. അരവിന്ദ് സ്വാമി എത്രയോ ജൂനിയറാണ്.

അതിനേക്കാളുപരി അരവിന്ദ് സ്വാമിയുടെ യൗവനത്തിന്റെ തിളക്കവും ത്രസിച്ച് നിൽക്കുന്ന ശരീര രൂപവും. ശ്രീദേവി യൗവനത്തോട് വിട പറയുന്ന പ്രായത്തെ അഭിനയ സാക്ഷാത്കാരത്തിലൂടെ മറി കടക്കാൻ ശ്രമിക്കുന്നു. അവർ ഒരുമിച്ചുള്ള ഫ്രെയ്മുകളിൽ അതിന്റേതായ ഒരു അകലം ഉണ്ടായിരുന്നു.
ഭരതനെ സ്നേഹിക്കുന്നവർ തിരിച്ചറിഞ്ഞ സിനിമയായില്ല അത്. ഒരുപാട് സങ്കീർണതകൾ വന്നത് കൊണ്ട് പൂർണമായും തന്റെ സങ്കൽപ്പത്തിലുള്ള ചിത്രമായി അവതരിപ്പിക്കാൻ ഭരതന് കഴിഞ്ഞോ എന്ന സംശയം ബാക്കി നിൽക്കുന്നെന്നും ജോൺ പോൾ അന്ന് അഭിപ്രായപ്പെട്ടു. സഫാരി ടിവിയിൽ സംസാരിക്കവെയാണ് ജോൺ പോൾ ദേവരാഗത്തെക്കുറിച്ച് സംസാരിച്ചത്.
അന്തരിച്ച നടൻ നെടുമുടി വേണു ദേവരാഗത്തിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയെക്കുറിച്ച് നെടുമുടി വേണു പറഞ്ഞ വാക്കുകളും ജോൺ പോൾ അന്ന് പങ്കുവെച്ചു. നെടുമുടി വേണുവും ഞാനുമൊക്കെ ഏതാണ്ട് സമപ്രായക്കാരാണ്. ഞങ്ങളൊക്കെ കോളേജിൽ പഠിക്കുന്ന കാലത്തെ സ്വപ്ന മോഹിനിയാണ് ശ്രീദേവി. ശ്രീദേവി എന്ന ത്രിപുര സുന്ദരിയെ മനസിൽ ആരാധിച്ച് പോന്ന ഒരു പ്രേക്ഷകൻ വേണുവിന്റെ ഉള്ളിലുണ്ടായിരുന്നു. അവർ ഒരുമിച്ച് അഭിനയിക്കുന്ന സന്ദർഭങ്ങളിൽ അതിന്റെ ആവേശവും വേണുവിനുണ്ടായിരുന്നു.
കാണുമ്പോഴും ഇട പഴകുമ്പോഴും ഔപചാരികതകളില്ലാതെ ഇടപഴകുന്ന ശ്രീദേവി. വേണുവിന്റെ അഭിനയത്തെ ആരാധനയോടെ നോക്കി. പതിനഞ്ച് കൊല്ലം മുമ്പായിരുന്നു ഞാനീ വേഷം ചെയ്തതെങ്കിൽ എന്ന് ഉള്ളിന്റെയുള്ളിൽ കൊതിച്ച് പോയി, കാരണം മനസിലെ ആരാധനാ പാത്രമായ ശ്രീദേവിക്ക് അന്ന് ആ പ്രായമായിരുന്നു എന്ന് വേണു തന്നോട് പറഞ്ഞെന്നും ജോൺ പോൾ അന്ന് ഓർത്തു.


Click it and Unblock the Notifications