ആനിമേഷൻ പോലെയായി, വണ്ണം ഇങ്ങനെ മറയ്ക്കേണ്ടതുണ്ടോ; അനുഷ്ക ഷെട്ടി കണ്ടെത്തിയ മാർഗം ചർച്ചയാകുന്നു
തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുള്ള നടിയാണ് അനുഷ്ക ഷെട്ടി. കരിയറിൽ വലിയ ഇടവേള വന്നപ്പോഴും അനുഷ്കയുടെ താരമൂല്യത്തിന് ഇടിവ് വന്നില്ല. തെലുങ്ക് സിനിമാ രംഗത്താണ് അനുഷ്ക കൂടുതൽ ജനപ്രീതി നേടിയത്. അരുന്ധതി, ബാഹുബലി, ബാഗ്മതി തുടങ്ങിയ ഹിറ്റ് സിനിമകൾ അനുഷ്കയ്ക്ക് ലഭിച്ചത് ടോളിവുഡിൽ നിന്നാണ്. ഒരു കാലത്ത് നയൻതാരയ്ക്കും മുകളിലായിരുന്നു അനുഷ്കയുടെ താരമൂല്യം. കരിയറിൽ കുറേക്കൂടി സജീവമായിരുന്നെങ്കിൽ പല നായിക നടിമാരുടെയും മുൻനിര സ്ഥാനം നഷ്ടപ്പെട്ടേനെ.
എന്നാൽ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ബാഹുബലിക്ക് ശേഷം വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ അനുഷ്ക ഷെട്ടി ചെയ്തിട്ടുള്ളൂ. എന്തുകൊണ്ടാണ് അനുഷ്ക ഇടവേളയെടുത്തതെന്ന ചോദ്യം ഉയർന്ന് വന്നപ്പോൾ പല വാദങ്ങൾ വന്നു. വണ്ണം കൂടിയത് കൊണ്ടാണ് അനുഷ്ക കരിയറിൽ സജീവമല്ലാതായതെന്നായിരുന്നു പ്രധാന വാദം.

സെെസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്ക ക്രമാതീതമായി വണ്ണം കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ഈ വണ്ണം കുറയ്ക്കാൻ അനുഷ്ക പാടുപെട്ടെന്ന് സിനിമാ ലോകത്ത് വർഷങ്ങളായി പ്രചരിക്കുന്ന കഥയാണ്.. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അനുഷ്ക ഷെട്ടി. ഘാടിയാണ് അനുഷ്കയുടെ പുതിയ തെലുങ്ക് ചിത്രം. കഴിഞ്ഞ ദിവസം ഘാടിയുടെ ട്രെയിലർ പുറത്ത് വന്നു.
ട്രെയിലർ കണ്ട ചില അനുഷ്ക ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അനുഷ്കയെ കാണാൻ കാർട്ടൂൺ കഥാപാത്രം പോലെയുണ്ടെന്നാണ് വിമർശനം. ഹെവിയായ വിഎഫ്എക്സും ഫിൽട്ടറുകളുമാണ് അനുഷ്കയുടെ ലുക്കിൽ മാറ്റം തോന്നാൻ കാരണം. വണ്ണം കുറച്ച് ശരീരം മെലിഞ്ഞതായി തോന്നിക്കുന്ന തരത്തിലുള്ള വിഎഫ്എക്സാണ് അനുഷ്കയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. എന്തുകൊണ്ട് അനുഷ്കയ്ക്ക് തന്റെ യഥാർത്ഥ ലുക്കിൽ പ്രേക്ഷകർക്ക് മുമ്പിൽ വന്ന് കൂടെന്ന് ചോദ്യങ്ങളുണ്ട്. അതേസമയം അനുഷ്കയെ അനുകൂലിച്ചും കമന്റുകളുണ്ട്. രജിനികാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയ നടൻമാർക്ക് വിഗ് ധരിക്കാമെങ്കിൽ അനുഷ്കയ്ക്ക് ടെക്നോളജി ഉപയോഗിച്ച് സ്ലിം ആയി സ്ക്രീനിൽ എത്താമെന്ന് അനുകൂലിക്കുന്നവർ പറയുന്നു.

അതേസമയം ഘാടിയുടെ ട്രെയിലറിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആഗസ്റ്റ് ആറിനാണ് ട്രെയിലർ പുറത്തിറങ്ങിയത്. കൃഷ് ജഗർലമുടി സംവിധാനം ചെയ്ത ഘാടി സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്യും. ജൂലെെ 11 ന് റിലീസ് ചെയ്യാനിരുന്നതാണെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടുപോയി. മലയാളത്തിൽ കത്തനാർ എന്ന സിനിമയിലും അനുഷ്ക പ്രധാന വേഷങ്ങളിലൊന്ന് ചെയ്തിട്ടുണ്ട്.
ജയസൂര്യ നായകനായെത്തുന്ന സിനിമ വെെകാതെ തിയറ്ററുകളിലെത്തും. രാജകീയ വേഷങ്ങളിൽ മറ്റാരേക്കാളും തിളങ്ങുന്ന നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്ക് മുമ്പ് അരുന്ധതി എന്ന സിനിമയിലും അനുഷ്ക തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു. തമിഴിലും തെലുങ്കിലും അനുഷ്കയ്ക്ക് ഒരുപോലെ ആരാധകവൃന്ദമുണ്ട്. 43 കാരിയായ അനുഷ്ക ഷെട്ടി ഇന്നും അവിവാഹിതയാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് നടി പ്രതികരിക്കാറുമില്ല.
നടൻ പ്രഭാസുമായി അനുഷ്ക ഷെട്ടി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. പ്രഭാസുമായി അടുത്ത സൗഹൃദം അനുഷ്കയ്ക്കുണ്ട്. ആരാധകരുടെ ഹിറ്റ് ജോഡിയാണിവർ. എന്നാൽ ഗോസിപ്പുകൾ രണ്ട് പേരും തള്ളിക്കളയുകയാണുണ്ടായത്. ബാഹുബലി എന്ന സിനിമയിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസ്-അനുഷ്ക ജോഡി ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളാണെങ്കിലും പ്രണയമില്ലെന്ന് അനുഷ്കയും പ്രഭാസും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











