എട്ട് വർഷങ്ങൾക്കുശേഷം അസിൻ ഭർത്താവിനൊപ്പം ക്യാമറയ്ക്ക് മുന്നിൽ, മാറ്റമില്ലാതെ അതീവ സുന്ദരിയായി താരം!
വിവാഹശേഷം ഒട്ടുമിക്ക നടിമാരും അഭിനയം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങും. അത്തരത്തിൽ സെലിബ്രിറ്റി ലൈഫ് ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് പോയ താര സുന്ദരിയാണ് മലയാളിയായ അസിൻ തോട്ടുങ്കൽ. സിനിമ, പരസ്യം, മോഡലിങ് തുടങ്ങി ഒന്നിലും അസിൻ സജീവമല്ല. എന്തിന് ഏറെ പറയുന്നു എട്ട് വർഷത്തോളമായി മാധ്യമങ്ങൾക്ക് മുമ്പിൽ പോലും താരം പ്രത്യക്ഷപ്പെടാറില്ല. എന്നാൽ താരം സോഷ്യൽമീഡിയയിൽ സജീവമാണ്.
ഏക മകൾ അരിന്റെയും ഭർത്താവിന്റെയും എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം അസിന്റെ സോഷ്യൽമീഡിയ പേജ് വഴിയാണ് ആരാധകർ കാണുന്നതും അറിയുന്നതും. വിവാഹശേഷം താരം ഒരു ഫോട്ടോ പോലും പങ്കുവെക്കാത്തതിന് പിന്നിലെ കാരണം വ്യക്തമല്ല.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ അസിന്റെയും ഭർത്താവ് രാഹുലിന്റെയും ഒരു കപ്പിൾ ഫോട്ടോ നടിയുടെ ഫാൻ പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആനന്ദ് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിൽ താരദമ്പതികൾ പങ്കെടുക്കാൻ എത്തിയെന്ന തരത്തിലാണ് ഫോട്ടോ പ്രചരിക്കുന്നത്. ഇന്ത്യൻ സിനിമ മുഴുവൻ ഒഴുകിയെത്തിയ അത്യാഡംബര വിവാഹമായിരുന്നു ആനന്ദ് അംബാനി-രാധിക മർച്ചന്റ് വെഡ്ഡിങ്. ഹൽദി, വിവാഹം, റിസപ്ഷൻ തുടങ്ങ ഒരാഴ്ചയോളം നീണ്ടു നിന്ന ചടങ്ങുകളായിരുന്നു.
ഹോളിവുഡിൽ നിന്നുവരെ അതിഥികൾ എത്തിയിരുന്നു. മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയ്ക്കും വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. സൗത്ത് ഇന്ത്യയിൽ നിന്ന് മഹേഷ് ബാബുവും കുടുംബവും, രജിനികാന്തും കുടുംബവും, സൂര്യയും ജ്യോതികയും, സിദ്ധാർത്ഥും അതിഥി റാവു ഹൈദരിയും, അറ്റ്ലിയും ഭാര്യ പ്രിയയുമെല്ലാം പങ്കെടുത്തിരുന്നു.
ഇത്തരത്തിൽ സെലിബ്രിറ്റികളുടെ കുത്തൊഴുക്കായിരുന്നതുകൊണ്ടാകാം അസിനും ഭർത്താവും മീഡിയയുടെ കണ്ണിൽ അധികം ഉടക്കാതെ പോയതെന്നാണ് അസിന്റെയും ഭർത്താവ് രാഹുലിന്റെയും ഒരു കപ്പിൾ ഫോട്ടോ പ്രചരിച്ചപ്പോൾ വന്ന കമന്റുകൾ. മുംബൈയിൽ സെറ്റിൽഡാണ് അസിനും. എന്നാൽ അസിൻ വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഫോട്ടോഷോട്ട് ചെയ്ത ചിത്രമാണ് അസിനും ഭർത്താവും ആനന്ദ് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയെന്ന തരത്തിൽ പ്രചരിക്കുന്നതെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
ഫോട്ടോഷോപ്പാണെന്ന് കപ്പിൾ ഫോട്ടോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ വ്യക്തമാകും. അതേസമയം ഫോട്ടോഷോപ്പാണെന്ന് മനസിലാക്കാതെ ചിലർ അസിന്റെ ചെറുപ്പത്തെയും സൗന്ദര്യത്തെയും പുകഴ്ത്തി കമന്റുകൾ കുറിക്കുന്നുമുണ്ട്. മുപ്പത്തിയെട്ടുകാരിയായ അസിന്റെ സിനിമയിലേക്കുള്ള തിരിച്ച് വരവ് തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒന്നാണ്.

അതിനിടയിൽ അടുത്തിടെ രാഹുലും അസിനും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഉടൻ തന്നെ തക്ക മറുപടി അസിൻ നൽകുകയും ചെയ്തു. താരം സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങൾ പ്രചരിച്ചത്. സമ്പൂർണമായി അടിസ്ഥാന രഹിതം എന്നാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളെ അന്ന് അസിൻ വിശേഷിപ്പിച്ചത്.
തമിഴകത്തും ബോളിവുഡിലും വെന്നിക്കൊടി പാറിച്ച അസിൻ മലയാളത്തിന്റെ അഭിമാനമായി പാൻ-ഇന്ത്യൻ തലത്തിൽ സ്റ്റാറായി നിൽക്കെ 2016ലാണ് മൈക്രോമാക്‌സ്-റെവോൾട്ട് ബ്രാൻഡുകളുടെ മേധാവി രാഹുൽ ശർമ 2016ൽ അസിനെ മിന്നുകെട്ടിയത്. ഹൗസ്ഫുൾ 2 എന്ന സിനിമയുടെ പ്രൊമോഷനായി ബംഗ്ലാദേശിലെ ധാക്കയിൽ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അസിൻ. അവിടെ വെച്ചാണ് അസിൻ രാഹുലിനെ പരിചയപ്പെട്ടത്.
നടൻ അക്ഷയ് കുമാറാണ് അന്ന് അസിനേയും രാഹുലിനെയും പരസ്പരം പരിചയപ്പെടുത്തിയത്. ഇവർ വിവാഹം ചെയ്യുമെന്ന് അക്ഷയ് അന്നേ പ്രവചിച്ചിരുന്നു. ആറ് വയസുണ്ട് അസിന്റെ മകൾ അരിന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്.


Click it and Unblock the Notifications