'കെട്ടിച്ചുവിട്ടപ്പോൾ അമ്മയെന്നെ മറന്നതാണെന്ന് തെറ്റിദ്ധരിക്കരുത്'; താരയെക്കാൾ സൗഭാഗ്യയെ മനസിലാക്കിയത് അർജുൻ!
നടി താര കല്യാണും മകൾ സൗഭാഗ്യയും മരുമകൻ അർജുനുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. അടുത്തിടെയായി സീരിയൽ അഭിനയവുമായും സജീവമാണ് താര കല്യാൺ. താരയ്ക്കും മകൾ സൗഭാഗ്യയ്ക്കും തങ്ങളുടെ വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനലുകളുമുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മയേയും ഭർത്താവിനേയും ഉൾപ്പെടുത്തി തന്നെ ആരാണ് കൂടുതൽ മനസിലാക്കിയിരിക്കുന്നതെന്ന് അറിയാൻ വ്ലോഗേഴ്സിനിടയിൽ വലിയ പ്രചാരമുള്ള ഹു നോസ് മീ ബെറ്റർ എന്ന മത്സരമാണ് സൗഭാഗ്യ നടത്തിയത്.
താനുമായി ബന്ധപ്പെട്ട പത്തൊമ്പതോളം ചോദ്യങ്ങളാണ് സൗഭാഗ്യ എഴുതി തയ്യാറാക്കിയത്. ഇനി തന്റെ ഭർത്താവും അമ്മയും മത്സരിക്കുന്നത് കാണാമെന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിച്ചത്.

27വർഷം എന്നെ വളർത്തിയ അമ്മയാണോ... അതോ 2020ൽ കല്യാണം കഴിച്ച അർജുനാണോ എന്നെ കൂടുതൽ മനസിലാക്കിയിട്ടുള്ളതെന്ന് ഉടൻ അറിയാമെന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിച്ചത്. സൗഭാഗ്യയുടെ ഗെയിം താര കല്യാണിനും ഇഷ്ടപ്പെട്ടു. വീഡിയോ നന്നായി വന്നിട്ടുണ്ടെങ്കിൽ വൈകാതെ താൻ തന്റെ ചാനലിലും ഇതേ ഗെയിം വീഡിയോയാക്കി ചെയ്യുമെന്നും താര കല്യാൺ പറഞ്ഞു.
സൗഭാഗ്യയ്ക്ക് ഇഷ്ടപ്പെട്ട നിറത്തെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. എന്നാൽ കൃത്യമായ ഉത്തരം പറയാൻ താര കല്യാണിനോ അർജുനോ സാധിച്ചില്ല. വീട്ടിൽ നിന്നും കഴിക്കാൻ സൗഭാഗ്യ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണം എന്താണെന്ന് ചോദിച്ചപ്പോൾ ആദ്യം ഉത്തരം പറഞ്ഞത് താരയാണ്. എന്നാൽ സൗഭാഗ്യയ്ക്ക് പ്രിയപ്പെട്ട ഹോട്ടലും അവിടുത്തെ വിഭവും പറയാൻ പറഞ്ഞപ്പോൾ താരയ്ക്ക് തെറ്റിപ്പോയി.
സൗഭാഗ്യയ്ക്ക് ഇഷ്ടമല്ലാത്ത ഗോപി മഞ്ചൂരിയന്റെ പേരാണ് താര പറഞ്ഞത്. ഉത്തരം കേട്ട് കെട്ടിച്ച് വിട്ട് അഞ്ച് വർഷമായപ്പോഴേക്കും അമ്മയെന്നെ മറന്നു എന്നായിരുന്നു സൗഭാഗ്യയുടെ കൗണ്ടർ. പിന്നീട് മകൾ സുദർശനയ്ക്കായി താൻ കണ്ടുവെച്ചിരുന്ന മറ്റൊരു പേര് ഏതാണെന്ന് ചോദിച്ചപ്പോൾ വാസുകി എന്ന ഉത്തരം ആദ്യം പറഞ്ഞത് അർജുനാണ്. കുട്ടി ഡാൻസറാകും എന്നതുകൊണ്ടാണത്രെ അങ്ങനൊരു പേര് ഇടാൻ സൗഭാഗ്യയ്ക്ക് ആഗ്രഹം വന്നത്.
എന്നാൽ എല്ലാവർക്കും താൽപര്യമില്ലാത്തതിനാൽ ആ പേര് ഉപേക്ഷിക്കുകയായിരുന്നുവത്രെ. സൗഭാഗ്യയുടെ ജനനസമയം എത്രയാണെന്നായിരുന്നു മറ്റൊരു ചോദ്യം. അതിൽ താര സ്കോർ ചെയ്തു. മകളുടെ ജനന സമയം അമ്മ കൃത്യമായി പറഞ്ഞു. എന്നാൽ കൊച്ചുമോളുടെ ജനന സമയത്തെ കുറിച്ചുള്ള ചോദ്യം വന്നപ്പോൾ താരയ്ക്ക് തെറ്റി.

എന്നാൽ കൃത്യമായ ഉത്തരം അർജുൻ പറഞ്ഞു. സൗഭാഗ്യയുടെ ഫേവറേറ്റ് തമിഴ് ചിത്രം ഏതാണെന്ന് ചോദിച്ചപ്പോഴും ഉത്തരം പറഞ്ഞത് അർജുനാണ്. അടുത്തിടെയായി തനിക്കുള്ള ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയാമോയെന്ന് ചോദിച്ചപ്പോഴും ഉത്തരം പറഞ്ഞത് അർജുനാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സൗഭാഗ്യയ്ക്കുണ്ടെന്നായിരുന്നു അർജുന്റെ മറുപടി.
അതിന് ഉത്തരം പറയാൻ താര കല്യാണിന് കഴിഞ്ഞില്ല. സൗഭാഗ്യ ഇപ്പോൾ അർജുന്റെ കൂടെയല്ലേ ജീവിക്കുന്നത് അതുകൊണ്ട് ഇതൊന്നും തനിക്ക് അറിയില്ലെന്നും താര കല്യാൺ പറഞ്ഞു. വാശിയേറിയ മത്സരത്തിന് ഇടയിലും താര കല്യാണിന് ഉത്തരം പറയാനായി ചിലത് അർജുൻ വിട്ട് കൊടുക്കുകയും തെറ്റിച്ച് പറയുകയുമെല്ലാം ചെയ്തു.
അമ്മയും അർജുൻ ചേട്ടനും തമ്മിൽ പൊരിഞ്ഞയടിയാണ് താൻ പ്രതീക്ഷിച്ചതെന്നും പക്ഷെ നന്മ നിറഞ്ഞ രീതിയിലാണ് നടക്കുന്നതെന്നുമാണ് ഇരുവരുടെയും മത്സരം കണ്ട് സൗഭാഗ്യ പറഞ്ഞത്. അതേസമയം അർജുന് ഫേവറബിളാകുന്ന രീതിയിലായിരുന്നു ചോദ്യങ്ങളെന്നാണ് താര കല്യാൺ പറഞ്ഞത്. മത്സരം അവസാനിച്ചപ്പോൾ നേരിയ വ്യത്യാസത്തിൽ അർജുൻ വിജയിച്ചു. കെട്ടിച്ചുവിട്ടപ്പോൾ അമ്മയെന്നെ മറന്നതാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും വീഡിയോയിൽ സൗഭാഗ്യ പറഞ്ഞു.


Click it and Unblock the Notifications