മല്ലിക സുകുമാരന്റെ ഭീഷണി, ലെന ഭയന്നു; സീരിയൽ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്നം; ശാന്തിവിള ദിനേശ്
തന്നെ പരിഹസിച്ച നടി മല്ലിക സുകുമാരനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. എമ്പുരാനെ വിമർശിച്ചതിന്റെ ചൊരുക്കാണ് മല്ലിക സുകുമാരനെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ചില്ലുവിളക്ക് എന്ന തന്റെ സീരിയലിൽ നടി ലെന അഭിനയിക്കവെ മല്ലിക സുകുമാരനുണ്ടാക്കിയ പ്രശ്നത്തെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്.
ഷൂട്ടിംഗ് തുടങ്ങിയ അന്ന് ലെന എന്നോട് പറയുകയാണ് സാറെ ഒരു അപകടം പറ്റിയെന്ന്. എന്തേയെന്ന് ഞാൻ ചോദിച്ചു. ഒരു ലക്ഷം രൂപ അഡ്വാൻസ് തന്നിട്ട് മല്ലിക ഒരു സീരിയലിലേക്ക് വിളിച്ചിരുന്നു. അത് പക്ഷെ പറഞ്ഞ് പറഞ്ഞങ്ങ് പോയി, ഇപ്പോൾ അവർ പറയുന്നത് അടുത്ത തിങ്കളാഴ്ച പോകണമെന്നാണെന്ന് ലെന. അതെങ്ങനെ പോകും, നമ്മുടെ സീരിയലിന്റെ ഷൂട്ട് തുടങ്ങുകയല്ലേ എന്ന് ഞാൻ ചോദിച്ചു. പ്രശ്നങ്ങളോട് പ്രശ്നം. ലെന ഭയങ്കര ടെൻഷനിലായി.
ലെന അങ്ങനെയൊന്നും ഡേറ്റ് തെറ്റിക്കുന്ന ആളല്ല. അവസാനം ഞാൻ ഒരു തീരുമാനമെടുത്തു. 15 ദിവസം ഇവിടെ വർക്ക് ചെയ്യുക, അങ്ങോട്ട് പോകാനുള്ള ഫ്ലെെറ്റ് ടിക്കറ്റ് ഞാൻ തരാം. അവിടെ പോയി പതിനഞ്ച് ദിവസം വർക്ക് ചെയ്തിട്ട് അവരുടെ ഫ്ലെെറ്റ് ടിക്കറ്റിൽ തിരിച്ച് വരണം. ആ സീരിയലിന്റെ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കാതെ ഒരു കാരണവശാലും വിടില്ലെന്ന് പറഞ്ഞു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാലെ വിടൂയെന്ന്.

ഇത്ര മണ്ടനാണോ നിങ്ങൾ, ലെന ഇപ്പോൾ കേരളത്തിലല്ലേ, ഞാനിപ്പോൾ കയറ്റി വിട്ടാലല്ലേ അങ്ങോട്ട് വരൂയെന്ന് ഞാൻ ചോദിച്ചു. മല്ലിക എറണാകുളത്താണ് അന്ന് താമസിക്കുന്നത്. നിരന്തരം ലെനയെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. രാത്രിയായപ്പോൾ മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്.
ലെന ഇക്കാര്യം എന്നോട് പറഞ്ഞു. ആ സ്ത്രീ പുളുവടിക്കുന്നതാണെന്ന് ഞാൻ മറുപടി നൽകി. മല്ലികയെ പോലെ ആളുകളെ സുഖിപ്പിച്ച് കാര്യങ്ങൾ സാധിക്കാനറിയുന്ന ഒരു സ്ത്രീ വന്ന് കൊടിയേരിയോട് പറഞ്ഞാൽ പൊലീസ് വന്നാലോ എന്ന് എനിക്ക് തോന്നി. ഷൂട്ടിംഗ് തീർത്ത് ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചു. നേരം വെളുത്തപ്പോൾ ലെനയെ ഫ്ലെെറ്റിൽ ബാഗ്ലൂരിലേക്ക് അയച്ചു. ഈ സമയം വരെ ലെന ആ ഒരു ലക്ഷം രൂപ കൊടുത്തിട്ടില്ല. ഇതിന്റെയൊക്കെ ചൊരുക്ക് മല്ലികയ്ക്കുണ്ടാകുമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലെെറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

മല്ലിക സുകുമാരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ശാന്തിവിള ദിനേശിനെ ഉദ്ദേശിച്ചാണെന്ന് വാദം വന്നിരുന്നു. ഒരു സിനിമയെടുത്ത് പൊട്ടിപ്പൊളിഞ്ഞ് വീട്ടിൽ ഇരിക്കുന്നയാൾ എന്നായിരുന്നു മല്ലിക സുകുമാരന്റെ പരാമർശം. ബംഗ്ലാവിൽ ഔത എന്ന ഒരു സിനിമ മാത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്തിട്ടുള്ളത്.
ഈ സിനിമ പരാജയമായിരുന്നു. മലയാള സിനിമാ ലോകത്തെ വിഷയങ്ങളിലെല്ലാം പ്രതികരിക്കുന്നയാളാണ് ശാന്തിവിള ദിനേശ്. ചില പരാമർശങ്ങൾ വിവാദമായിട്ടുമുണ്ട്. മല്ലിക സുകുമാരന്റെ മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമ തനിക്കിഷ്ടപ്പെട്ടില്ലെന്ന് ശാന്തിവിള ദിനേശ് നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications