'ഇവരെയാരാണ് ലേഡി സൂപ്പർ സ്റ്റാറാക്കിയത്..? എന്ത് ബാലിശമാണ് പ്രവൃത്തികൾ, കുട്ടികൾ പോലും ചെയ്യില്ല'
തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു സോഷ്യൽമീഡിയ വാർ നടക്കുന്നുണ്ട്. അത് സൂപ്പർ താരങ്ങളായ നയൻതാരയും ധനുഷും ഇരുവരുടെയും ആരാധകരും തമ്മിലാണ്. എല്ലാ പ്രശ്നങ്ങളും സിനിമാ പ്രേമികൾ അറിഞ്ഞ് തുടങ്ങിയത് നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ എന്ന വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് വന്നശേഷമാണ്. നയൻതാരയുടെ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി നിർമാതാവായ ധനുഷ് രംഗത്ത് എത്തിയിരുന്നു.
നാനും റൗഡി താൻ സിനിമയിലെ രംഗങ്ങൾ ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താര ചിത്രീകരണസമയത്ത് സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകൾ ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തിരുന്നു.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നയൻതാര ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷിന്റെ അഭിഭാഷക സംഘം രംഗത്തെത്തിയത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
എന്നാൽ ക്ലിപ്പുകൾ നീക്കം ചെയ്യാതെ തന്നെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ ഇക്കഴിഞ്ഞ പതിനെട്ടാം തിയതി മുതൽ സ്ട്രീം ചെയ്ത് തുടങ്ങി. മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചതിനാൽ ധനുഷ് വിഷയത്തിൽ നടിക്കെതിരെ കോടതിയെ സമീപിച്ചു. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സിവില്‍ അന്യായമാണ് ഫയല്‍ ചെയ്തത്. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.
ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടിയും നൽകിയിരുന്നു. ഒരു ലംഘനവും നടന്നില്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരിസിൽ ഞങ്ങൾ ഉപയോഗിച്ചത് സിനിമയില്‍ നിന്നുള്ള ബിഹൈന്‍റ് ദി സീന്‍ ഭാഗമല്ല.
അത് വ്യക്തിഗത ലൈബ്രറിയുടെ ഭാഗമാണ്. അതിനാൽ ഇതൊരു ലംഘനമല്ല എന്നായിരുന്നു നയൻതാരയുടെ മറുപടി. ധനുഷ് തന്നോടും വിഘ്നേശിനോടും വ്യക്തിവൈരാഗ്യം തീർക്കുന്നുവെന്ന തരത്തിലാണ് നയൻതാര തുടക്കം മുതൽ സംസാരിക്കുന്നത്. ഇപ്പോഴിതാ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പുതിയ സ്റ്റോറിയാണ് ചർച്ചയാകുന്നത്. നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം.

ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും എന്ന അര്‍ഥം വരുന്ന പോസ്റ്റാണ് നയന്‍താര പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ലേഡി സൂപ്പർസ്റ്റാർ ഇത് ധനുഷിനെ ഉദ്ദേശിച്ച് തന്നെ പങ്കുവെച്ച പോസ്റ്റാണെന്നാണ് സോഷ്യൽമീഡിയയിൽ ആളുകൾ കുറിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ പിന്തുണയല്ല വിമർശനമാണ് പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കിട്ടശേഷം ആരാധകരിൽ നിന്നും നയൻതാരയ്ക്ക് ലഭിക്കുന്നത്.
നയൻതാരയെപ്പോലൊരാൾ എന്തിനാണ് ഇത്തരം ബാലിശമായ കാര്യങ്ങൾ ചെയ്ത് വില കളയുന്നതെന്നാണ് ഏറെയും കമന്റുകൾ. മറ്റൊരാളോടുള്ള ദേഷ്യവും വെറുപ്പും കാണിക്കാൻ ഇത്തരം പ്രവൃത്തികളൊന്നും ഉയർന്ന സ്ഥാനത്ത് ഇരിക്കുന്നൊരു വ്യക്തി ചെയ്യരുതായിരുന്നുവെന്നും കമന്റുകളുണ്ട്. ഇവരെയാരാണ് ലേഡി സൂപ്പർ സ്റ്റാറാക്കിയത്..? വളരെ ചൈൽഡിഷാണ് പെരുമാറ്റം എന്നും കമന്റുകളുണ്ട്.
ധനുഷ്-നയൻതാര വിഷയത്തിൽ ഏറെയും സിനിമാപ്രേമികൾ ധനുഷിന്റെ ഭാഗത്താണ്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാര്യങ്ങൾ സ്വന്തം ലാഭത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ നിയമങ്ങളും മാന്യതയും കാണിക്കണമെന്നാണ് നയൻതാരയെ വിമർശിച്ച് ആളുകൾ കുറിച്ചത്. കോപ്പിറൈറ്റ് പോലുള്ളവയെ കുറിച്ച് വ്യക്തമായി ധാരണയുള്ള നയൻതാര തന്നെ ഇതെല്ലാം തെറ്റിക്കുന്നത് തരംതാണ പ്രവൃത്തിയാണെന്നും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങൾ വന്നിരുന്നു.


Click it and Unblock the Notifications