എനിക്ക് വരാനൊന്നും പറ്റില്ല; നസീർ സാറുടെ ചടങ്ങിന് വിളിച്ചപ്പോൾ ഷീല; 'ഒരുപാട് സാമ്പത്തുണ്ടാക്കിയതാണ്'
സിനിമാ ലോകത്തെ അനശ്വര താര ജോഡികളാണ് ഷീലയും പ്രേം നസീറും. നൂറിലേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. പ്രേം നസീറിന്റെ ഏറ്റവും മികച്ച നായികയായാണ് അന്ന് ഷീല അറിയപ്പെട്ടത്. അക്കാലത്ത് നിരവധി ഗോസിപ്പുകളും ഇവരെക്കുറിച്ച് വന്നിരുന്നു. പ്രേം നസീറുമായി അസ്വാരസ്യമുണ്ടായ ഷീല ഒരു ഘട്ടത്തിൽ നടനോടൊപ്പം അഭിനയിക്കില്ലെന്ന തീരുമാനവും എടുത്തെന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്.
എന്നാൽ ഗോസിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോകാൻ ഷീലയ്ക്ക് കഴിഞ്ഞു. ഷീലയെക്കുറിച്ചും പ്രേം നസീറിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ നിർമാതാവ് ബൈജു അമ്പലക്കര. ഷീലയിൽ നിന്നും പ്രതീക്ഷിക്കാത്തൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര.

കടയ്ക്കാവൂറുള്ള ചെറുപ്പക്കാരെല്ലാം ചേർന്ന് നസീർ സാറിന്റെ പ്രതിമ ഉണ്ടാക്കാൻ തീരുമാനിച്ചു. സർക്കാരോ സിനിമാ സംഘടനകളോ പ്രതിമ വെക്കുന്നില്ല. അവരെല്ലാം കൂടെ തീരുമാനമെടത്ത് എന്നെ വിളിച്ചു. പൈസയൊക്കെ സ്വരൂപിച്ച് പ്രതിമയുണ്ടാക്കി. അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് ഷീലയെയാണ്. എനിക്ക് വരാൻ പറ്റില്ലെന്ന് ഷീല പറഞ്ഞു. 125 പടത്തിൽ ഇവർ അഭിനയിച്ചതാണ്. കുറേ ആർട്ടിസ്റ്റുകളെ വിളിക്കാൻ അവർ ആലോചിച്ചിരുന്നു. ആദ്യം വിളിച്ചത് ഷീലയെയാണ്. എനിക്ക് വരാനൊന്നും പറ്റില്ല, സമയമില്ലെന്ന് ഷീല പറഞ്ഞു. എന്ത് വന്നാലും അവരവിടെ എത്തേണ്ടതാണ്.
നസീർ സാറിന്റെ പടത്തിൽ അഭിനയിക്കാൻ ജയഭാരതിയും ഷീലയും വിജയശ്രീയൊക്കെ മത്സരമായിരുന്നു. ഷീലയ്ക്കായിരുന്നു പ്രഥമ പരിഗണന. സിനിമകളിലൂടെ വലിയ സമ്പത്തുണ്ടാക്കിയവരാണ് ഷീല. നസീർ സാറൊന്നും സാമ്പത്തികമായി വലുതായൊന്നും ഉണ്ടാക്കിയില്ലെന്നാണ് എന്റെ അറിവ്. അദ്ദേഹം വിട്ടു വീഴ്ചകൾ ചെയ്തു. 50000 രൂപ പ്രതിഫലം പറഞ്ഞാൽ കൊടുക്കുന്നത് 10000 രൂപയായിരിക്കും.

അദ്ദേഹം അതിൽ എതിരഭിപ്രായമൊന്നും പറയില്ല. കിട്ടുമ്പോൾ തന്നാൽ മതിയെന്നേ പറയൂ. പക്ഷെ ഷീല കണക്ക് പറഞ്ഞ് വാങ്ങും. പ്രേം നസീറിന്റെ പ്രതിമയുടെ അനാവരണത്തിന് ഷീല വരാത്തത് തന്നെ വളരെ വിഷമിപ്പിച്ച സംഭവമാണെന്നും നിർമാതാവ് വ്യക്തമാക്കി.
നേരത്തെ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ ഷീല പങ്കുവെച്ചിട്ടുണ്ട്. നസീർ സാറിനെ ആദ്യമായി കാണുമ്പോൾ അദ്ദേഹം വിവാഹിതനാണെന്ന് ഷീല ഒരിക്കൽ ഓർക്കുകയുണ്ടായി. നല്ല കുടുംബനാഥൻ, നാല് മക്കളുടെ അച്ഛൻ. നസീർ സാറിന്റെ മൂത്ത മകളും ഞാനും ഒരേ പ്രായമായിരുന്നു. മരിക്കുന്നത് വരെ എന്നെ കൊച്ചേ എന്നേ വിളിച്ചിട്ടുള്ളൂ.
നസീർ സാർ മരിക്കുമ്പോൾ ഞാൻ സ്വീഡനിൽ സഹോദരിയുടെ അടുത്തായിരുന്നു. മരിച്ച് കിടക്കുന്നത് കാണാൻ കഴിയാതെ പോയത് ദൈവ നിശ്ചയമാണെന്ന് കരുതുന്നുയ മരണ ശേഷം നസീർ സാറിന്റെ സിനിമകൾ കണ്ടിട്ടില്ല. അന്ത്യ രംഗങ്ങൾ ഇതുവരെയും കാണാൻ ശ്രമിച്ചില്ല. മരിച്ച നസീർ സാറിനെ എനിക്ക് കാണേണ്ട. ചിറയൻകീഴിലെ വീട്ടിൽ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസം ദൈവം തരുന്നുണ്ടെന്നും ഷീല അന്ന് വ്യക്തമാക്കി. മകനും കുടുംബത്തിനുമൊപ്പം ചെന്നെെയിലാണ് ഷീലയിന്ന് താമസിക്കുന്നത്.


Click it and Unblock the Notifications