നയൻതാരയ്ക്കൊപ്പമുള്ള ജീവിതത്തിൽ വിഘ്നേശിന് ത്യജിക്കേണ്ടി വരുന്നത്; കൂട്ടിലകപ്പെട്ടത് പോലെയായി; പുതിയ വാദം
വിഘ്നേശ് ശിവനും നയൻതാരയും കോളിവുഡിൽ സ്ഥിരം ചർച്ചാ വിഷയമാണ്. ആരാധകരും വിമർശകരും താര ദമ്പതികൾക്ക് ഒരുപോലെയുണ്ട്. കുടുംബ ജീവിതത്തിനൊപ്പം കരിയറിന് രണ്ട് പേരും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. വിവാഹമോ ഇരട്ടക്കുട്ടികളുടെ അമ്മയായതോ കരിയറിനെ ബാധിക്കാതിരിക്കാൻ നയൻതാര ശ്രദ്ധിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ സിനിമകളും നായികാ പ്രാധാന്യമുള്ള സിനിമകളും നയൻതാരയ്ക്ക് ഒരുപോലെ ലഭിക്കുന്നു. ജവാനിൽ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ച ശേഷം ബോളിവുഡിൽ നിന്നും നടിക്ക് അവസരങ്ങൾ വരുന്നുണ്ട്.
മറുവശത്ത് വിഘ്നേശ് ശിവനും സംവിധാനത്തിലേക്ക് പൂർണ ശ്രദ്ധ നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഒരിടവേളയ്ക്ക് ശേഷം വിഘ്നേശ് സംവിധാനം ചെയ്യുന്ന സിനിമയാണ് എൽഐസി. പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. എന്നാൽ തൊട്ടുപിന്നാലെ വിഘ്നേശിനും എൽഐസി സിനിമയ്ക്കുമെതിരെ സംവിധായകൻ എസ്എസ് കുമരൻ രംഗത്ത് വന്നു.

എൽഐസി എന്ന പേര് താൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി നിശ്ചയിച്ചതാണെന്നും വിഘ്നേശിന്റെ സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങുമെന്നും എസ്എസ് കുമരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ അജിത്തിനെ വെച്ച് ചെയ്യാനിരുന്ന സിനിമയിൽ നിന്ന് നിർമാണ കമ്പനിയുടെ എതിർപ്പ് കാരണം വിഘ്നേശിന് പിൻമാറേണ്ടി വന്നതാണ്. ഇതിന് ശേഷമാണ് എൽഐസി എന്ന സിനിമയിലേക്ക് കടക്കുന്നത്.
എന്നാൽ ഇവിടെയും സംവിധായകന് പ്രശ്നങ്ങൾ വന്നിരിക്കുന്നു. വിഘ്നേശ് തുടരെ പ്രശന്ങ്ങളിൽ അകപ്പെടുന്നതിന് മറ്റ് ചില കാരണങ്ങൾ ഉണ്ടെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സുബൈർ പറയുന്നത്. നയൻതാരയുടെ ഭർത്താവായ ശേഷം വിഘ്നേശിന്റെ ജീവിതത്തിൽ വന്ന ഉയർച്ചയിൽ പലർക്കും എതിർപ്പുണ്ടെന്ന് സുബെെർ പറയുന്നു.

പൊതുവെ സിനിമാ രംഗത്ത് എളുപ്പത്തിൽ വിജയം ലഭിച്ചാൽ എതിരാളികൾ വരും. നയൻതാരയെ വിവാഹം ചെയ്ത ശേഷം വിഘ്നേശിന് കരിയറിൽ തടസങ്ങളുണ്ട്. വിഘ്നേശിന്റെ വളർച്ച ഇഷ്ടപ്പെടാത്തവർ ചെറിയ വിഷയം പോലും ഊതിപ്പെരുപ്പിക്കുന്നു. വിഘ്നേശ് ശിവൻ ഇതെങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് അറിയില്ല. ഒരു താരത്തിന്റെ ഭർത്താവായ ശേഷം സംവിധാകയനെന്നതിപ്പുറമുള്ള മാധ്യമ ശ്രദ്ധയാണ് വിഘ്നേശിന് ലഭിക്കുന്നതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
വിഘ്നേശ് ശിവൻ പുറത്തിറങ്ങിയാൽ മാധ്യമങ്ങൾ നയൻതാരയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കും. നടിയുടെ പുതിയ സിനിമകളെക്കുറിച്ചും മറ്റുമാണ് ചോദിക്കുന്നത്. അതിനാൽ പുറത്തേക്ക് വരാൻ വിഘ്നേശ് മടിക്കുന്നുണ്ട്. ഇത് കാരണം നയൻതാരയ്ക്കൊപ്പം വിഘ്നേശും ഒരു കൂട്ടിലകപ്പെട്ടത് പോലെയായി. അത് വിഘ്നേശിന്റെ കരിയറിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സുബൈർ അഭിപ്രായപ്പെട്ടു.
ഇതിൽ നിന്നും പുറത്ത് കടക്കാൻ വിഘ്നേശിന് കുറച്ച് സമയമെടുക്കും. വിഘ്നേശ് ഒരു അഭിമുഖം നൽകിയാൽ പത്ത് ചോദ്യങ്ങൾ ചോദിക്കും. അതിൽ എട്ട് ചോദ്യങ്ങളും നയൻതാരയെക്കുറിച്ചായിരിക്കും. എന്തെങ്കിലും പറഞ്ഞ് വീട്ടിൽ ഒരു പ്രശ്നവും വരാൻ പാടില്ല. അതിനാൽ വിഘ്നേശ് മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നയൻതാരയുടെ ഭർത്താവ് എന്ന പേര് വിഘ്നേശിന് സിനിമാ രംഗത്ത് ഗുണം ചെയ്തിട്ടുണ്ട്.
പക്ഷെ സ്വയം തെളിയിക്കാൻ വിഘ്നേശ് ഹിറ്റ് സിനിമകൾ ഇറേക്കേണ്ടതുണ്ടെന്നും സുബൈർ ചൂണ്ടിക്കാട്ടി. കരിയറിൽ നാനും റൗഡി താൻ എന്ന സിനിമ മാത്രമേ വിഘ്നേശിന് ഹിറ്റായി അവകാശപ്പെടാനുള്ളൂ. വിഘ്നേശ് ഇന്ന് നേടുന്ന വാർത്താ പ്രാധാന്യത്തിൽ നയൻതാരയുടെ താരമൂല്യവും പ്രധാന ഘടകമാണെന്ന് ആരാധകരും സമ്മതിക്കുന്നുണ്ട്.


Click it and Unblock the Notifications