ഇത്രയേ ഉള്ളൂ?, വിശ്വസിക്കാനാകാതെ ആരാധകർ; അസിന്റെ പിതാവിന്റെ ബുദ്ധിപരമായ നീക്കം തുണച്ചു
സിനിമാ ലോകത്ത് നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് നടി അസിൻ. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം ലൈം ലൈറ്റിൽ നിന്നും മാറാൻ അസിൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ഒരു ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല. സെലിബ്രിറ്റികളിൽ ഒരാളെയും വിടാത്ത ബോളിവുഡിലെ പാപ്പരാസി ക്യാമറകണ്ണുകളിലും അസിൻ പെടാറില്ല. അത്രയും സ്വകാര്യമായ ജീവിതമാണ് അസിൻ ഇന്ന് നയിക്കുന്നത്.
തെന്നിന്ത്യയിലെ താര റാണിയായിരിക്കെയാണ് അസിൻ ബോളിവുഡിലേക്ക് കടക്കുന്നത്. എന്നാൽ തമിഴ്, തെലുങ്ക് സിനിമാ രംഗത്തെ അതേ വിജയഗാഥ അസിന് ബോളിവുഡിൽ ആവർത്തിക്കാനായിരുന്നില്ല. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് അസിൻ മറക്കാനാകാത്ത നടിയാണ്. അത്രത്തോളം ശ്രദ്ധേയ കഥാപാത്രങ്ങൾ അസിന് തമിഴകത്ത് നിന്നും ലഭിച്ചു. ഗജിനി, പോക്കിരി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

അതേസമയം അസിന്റെ തമിഴ് സിനിമാ കരിയറിൽ ആരാധകർക്ക് വിശ്വസിക്കാനാകാത്ത ഒരു കാര്യമുണ്ട്. വെറും പത്ത് തമിഴ് സിനിമകളിൽ മാത്രമേ അസിൻ അഭിനയിച്ചിട്ടുള്ളൂ. ഇത്ര ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ നടി അഭിനയിച്ചിട്ടുള്ളൂ എന്നത് ആരാധകരെ അമ്പരപ്പിക്കുന്നു. നടി അത്രമാത്രം അലയൊലികൾ അസിൻ തമിഴകത്ത് സൃഷ്ടിച്ചിട്ടുണ്ട്.
ചുരുക്കം സിനിമകളേ അസിൻ ചെയ്തിട്ടുള്ളൂ എന്ന് വിശ്വസിക്കാൻ പറ്റാത്തതിന്റെ കാരണം പരിശോധിക്കുമ്പോഴാണ് ബുദ്ധിപരമായി അസിൻ കരിയറിലെടുത്ത തീരുമാനങ്ങൾ മനസിലാക്കുന്നത്. അസിൻ ആകെ ചെയ്ത പത്ത് സിനിമകളിൽ ഒമ്പതെണ്ണവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമകളാണ്. അൽവാർ എന്ന ഒറ്റ സിനിമ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. മാത്രവുമല്ല, നടി കൂടുതലും അഭിനയിച്ചത് തമിഴിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്.

കമൽ ഹാസൻ, വിജയ്, അജിത്ത്, സൂര്യ എന്നിവർക്കൊപ്പം അസിന് മികച്ച സിനിമകൾ ലഭിച്ചു. വെറുതെ വന്ന് പോകുന്ന നായികാ കഥാപാത്രങ്ങളല്ല ഈ സിനിമകളിൽ അസിന് ലഭിച്ചത്. മികച്ച ഗാനങ്ങളും ലഭിച്ചു. ഇതെല്ലാം അസിൻ തമിഴകത്തെ നിറ സാന്നിധ്യമാണെന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കി. എന്നാൽ യഥാർത്ഥത്തിൽ അസിൻ ചെയ്തത് ശ്രദ്ധയോടെ കുറച്ച് തമിഴ് സിനിമകൾ ചെയ്ത് ബോളിവുഡിലേക്ക് കടക്കുകയാണ്.
കരിയറിൽ അസിന് വേണ്ടി തീരുമാനങ്ങളെടുത്തത് നടിയുടെ പിതാവ് ജോസഫ് തോട്ടുങ്കലാണ്. ഇദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ പലതും അസിന് ഗുണം ചെയ്തു. ഇതേക്കുറിച്ച് അടുത്തിടെ ടാലന്റ് മാനേജർ വിവേക് രാമദേവൻ സംസാരിച്ചിട്ടുണ്ട്. അസിന്റെ കരിയർ പിതാവ് നന്നായി മാനേജ് ചെയ്തു. അദ്ദേഹം വളരെ സ്മാർട്ടായിരുന്നു. അസിൻ മുംബൈയിലേക്ക് പോകുന്നത് വരെ കരിയറിലെ കാര്യങ്ങൾ നോക്കിയത് പിതാവാണെന്ന് വിവേക് രാമദേവൻ പറഞ്ഞു.
പ്ലാനിംഗോടെയാണ് കരിയറിൽ മുന്നോട്ട് പോകുന്നതെന്ന് അസിനും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗജിനി റീമേക്കിലൂടെയാണ് അസിൻ ബോളിവുഡിലേക്ക് കടക്കുന്നത്. വൻ ഹിറ്റായ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ അസിനെ തേടി വന്നു. എന്നാൽ ഒരു ഘട്ടത്തിൽ നടിക്ക് അവസരങ്ങൾ കുറഞ്ഞു. പ്രാധാന്യമില്ലാത്ത നായികാ വേഷങ്ങൾ ചെയ്യാനോ അതീവ ഗ്ലാമറസായി അഭിനയിക്കാനോ അസിൻ തയ്യാറായിരുന്നില്ല.


Click it and Unblock the Notifications