മിസ് ഇന്ത്യ ഫൈനലിസ്റ്റ്, മമ്മൂട്ടിയുടെ നായിക, പ്രിയ ആരാധകരിൽ നിന്നും ഒളിച്ച് താമസിക്കുന്നതിന് പിന്നിൽ?
ടെൻഷൻ അടിച്ച് ഇരിക്കുമ്പോൾ ചില സിനിമകൾ തേടി പിടിച്ച് ഇരുന്ന് കാണുന്ന ശീലം മലയാളിക്കുണ്ട്. അങ്ങനെ റിപീറ്റ് അടിച്ച് മലയാളികൾ കാണുന്ന ഒരു സിനിമയാണ് 1999ൽ ടി ദാമോദരൻ-പ്രിയദർശൻ കൂട്ട് കെട്ടിൽ റിലീസ് ചെയ്ത മേഘം എന്ന സിനിമ. മമ്മൂട്ടിയും പ്രിയദർശനും വളരെ ചുരുക്കം സിനിമകളിൽ മാത്രമെ ഒന്നിച്ചിട്ടുള്ളു.
അതിൽ ഒരു സിനിമയാണ് മേഘം. എപ്പോൾ കണ്ടാലും ഫീല് ഗുഡ് അനുഭവം സമ്മാനിക്കുന്ന സിനിമ കൂടിയാണ് മേഘം. മമ്മൂട്ടിക്ക് പുറമെ ശ്രീനിവാസൻ, ദിലീപ്, കൊച്ചിൻ ഹനീഫ തുടങ്ങി ഒട്ടനവധി താരങ്ങളും മേഘത്തിന്റെ ഭാഗമായിരുന്നു.
മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള മ്പിനേഷൻ സീനുകൾ കാണാൻ തന്നെ നല്ല രസമാണ്. അപാര ടൈമിങ്ങും കൗണ്ടറുകളുമാണ് സിനിമ മുഴുവൻ. ചിത്രത്തിലെ പാട്ടുകൾ ഇന്നും വളരെ ഫ്രഷും ലൈവുമാണ്. സിനിമയിൽ രണ്ട് നായികമാരാണ് ഉണ്ടായിരുന്നത്.
പൂജ ബന്ദ്ര, പ്രിയ ഗിൽ എന്നിവരായിരുന്നു അത്. രണ്ടുപേരെയും പ്രിയദർശൻ ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് കൊണ്ടുവന്നതാണ്. പൂജ ചന്ദ്രലേഖയിലൂടെ മലയാളിക്ക് സുപരിചിതമായ മുഖമായിരുന്നു. പക്ഷെ പ്രിയ അങ്ങനെയായിരുന്നില്ല. പ്രിയയുടെ ആദ്യത്തേയും അവസാനത്തേയും മലയാള സിനിമയായിരുന്നു മേഘം.

മേഘത്തിന് ശേഷം പ്രിയ ഗില്ലിനെ സിനിമാ പ്രേമികൾ കണ്ടിട്ടില്ല. ബോളിവുഡിൽ നിന്നെത്തിയ നായികയായിരുന്നിട്ട് കൂടി വളരെ മനോഹരമായിട്ടാണ് നാട്ടിൻ പുറത്തെ പെൺകുട്ടിയായി പ്രിയ അഭിനയിച്ചത്. നായിക മലയാളിയാണോയെന്ന് പോലും പലരും തെറ്റിദ്ധരിച്ചിരുന്നു.
കരിയറിൽ ശോഭിച്ച് തുടങ്ങിയപ്പോൾ ചില പരാജയങ്ങൾ സംഭവിച്ചത് പ്രിയയ്ക്ക് വലിയ ആഘാതമായി. പിന്നാലെ നടി അഭിനയം ഉപേക്ഷിച്ച് കാണാമറയത്തേക്ക് പോയി. സാധാരണ തൊണ്ണൂറുകളിലെ നായികമാർ സോഷ്യൽമീഡിയയിലെങ്കിലും സജീവമായിരിക്കും. പ്രിയയുടെ കാര്യത്തിൽ അതുപോലും ഇല്ല.

നടി എങ്ങോട്ടാണ് ഒളിച്ചോടിയത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. ഒരു കാലത്ത് പ്രിയ ഷാരൂഖിന്റേയും സൽമാൻ ഖാന്റേയും നാഗാർജുനയുടേയും വരെ നായികയായിരുന്നു. 1996ലാണ് പ്രിയ സിനിമയിലേക്ക് എത്തുന്നത്.
അതിന് മുമ്പ് മോഡലിങിലായിരുന്നു പ്രിയ സജീവമായിരുന്നത്. 1995ൽ മിസ് ഇന്ത്യ ഫൈനിസ്റ്റുമായിരുന്നു താരം. ഹിന്ദിയിലെ പ്രിയയുടെ ആദ്യ സിനിമ തേരെ മേരെ സപ്നെയായിരുന്നു. അർഷദ് വാർസിയായിരുന്നു നായകൻ. ചിത്രം ബോക്സോഫീസിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ലെങ്കിലും പ്രിയയുടെ സൗന്ദര്യം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ശേഷം 1998ൽ ശ്യാം ഘനശ്യാം എന്ന സിനിമയിലും പ്രിയ നായികയായി. പിന്നീട് പുറത്തിറങ്ങിയ സിർഫ് തും എന്ന ചിത്രത്തിലൂടെയാണ് പ്രിയ സ്റ്റാർഡം ഉണ്ടാക്കിയെടുത്തത്.
പ്രിയ ഗിൽ തന്റെ കരിയറിൽ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് കപൂർ, നാഗാർജുന, സുസ്മിത സെൻ തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പമെല്ലാം സിനിമകൾ ചെയ്തതോടെ താരമൂല്യമുള്ള നടിയായി ബോളിവുഡിൽ മാറി. എന്നാൽ ശ്യാം ഘനശ്യാം, ബോർഡർ ഹിന്ദുസ്ഥാൻ കാ, ജീതേംഗേ ഹം എന്നിവയുടെ പരാജയം പ്രിയയുടെ കരിയറിന് വലിയ ആഘാതം ഏൽപ്പിച്ചു.

അതിനുശേഷം മലയാളം, ഭോജ്പുരി സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രിയ അഭിനയ ലോകത്ത് നിന്ന് അകലം പാലിക്കാനും മറ്റ് ജോലികളിൽ വ്യാപൃതയാകാനും തുടങ്ങി. 2006ൽ പുറത്തിറങ്ങിയ ഭൈരവി എന്ന ചിത്രത്തിലാണ് പ്രിയ ഗിൽ അവസാനമായി അഭിനയിച്ചത്.
ഇതിനുശേഷം അവർ അഭിനയ ലോകത്ത് നിന്ന് എന്നെന്നേക്കുമായി പോയി. ബോളിവുഡിൽ നിന്നും മാറി നിൽക്കുന്ന പല നടിമാരും സോഷ്യൽ മീഡിയ വഴി ആരാധകരുമായി ബന്ധപ്പെടാറുണ്ടെങ്കിലും പ്രിയ സോഷ്യൽ മീഡിയയുടെ പരിസരത്ത് പോലുമില്ല.

തീർത്തും സ്വകാര്യ ജീവിതമാണ് പ്രിയ നയിക്കുന്നതെന്നും വിവാഹത്തോടെ ലൈം ലൈറ്റ് വേണ്ടെന്ന് വെച്ച പ്രിയ ഭർത്താവിനൊപ്പം ഇപ്പോൾ ഡെൻമാർക്കിൽ സ്ഥിരതാമസമാക്കിയെന്നും സോഷ്യൽമീഡിയയും മറ്റ് ബോളിവുഡ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
പ്രിയയെ കുറിച്ചുള്ള കുറിപ്പുകളും പോസ്റ്റുകളും ഇടയ്ക്കിടെ സിനിമാ ഡിസ്കഷൻ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ പ്രിയയുടെ ലൈം ലൈറ്റിൽ നിന്നുള്ള വിട്ടുനിൽക്കൽ ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications