'കുടുംബത്തിന്റെ സ്വകാര്യത വിറ്റ് കാശാക്കുന്നുണ്ടോ..?'; കൃത്യമായ മറുപടിയുമായി അപർണയും ജീവയും നിമ്മിയും അരുണും!
ലോക്ക്ഡൗൺ, കൊവിഡ് കാലത്താണ് യുട്യൂബേഴ്സിന്റെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായത്. യുട്യൂബ് തുറന്നാൽ വ്യത്യസ്തങ്ങളായ നിരവധി ഉള്ളടക്കങ്ങളുമായി ഒട്ടവധി ആളുകൾ വ്ലോഗും വീഡിയോയും ചെയ്യുന്നത് കാണാം. ബ്യൂട്ടി, ട്രാവൽ, ടെക്ക്, ലൈഫ്സ്റ്റൈൽ, പാചകം, ഫാമിലി വ്ലോഗ്സ് എന്നീ കാറ്റഗറിയിൽ പെടുന്നവരാണ് അവയിൽ ഏറെയും.
ഫാമിലി വ്ലോഗേഴ്സിനെ കുറിച്ചും കപ്പിൾസായി വീഡിയോ ചെയ്യുന്നവരെ കുറിച്ചും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വിമർശനം കുടുംബത്തിന്റെ സ്വകാര്യത വിറ്റ് കാശാക്കുന്നു എന്നതാണ്.
ചിലർ ഗർഭധാരണം, ഭാര്യ ഭർത്താക്കന്മാർക്കിടയിലെ സ്വകാര്യതകളുമായി ബന്ധപ്പെട്ട ക്യു ആന്റ് എകൾ എന്നിവ നടത്തിയതിന്റെ പേരിലും വിമർശിക്കപ്പെടാറുണ്ട്. കേരളത്തിലെ ഏറ്റവും ജനപ്രിയമായ രണ്ട് യുട്യൂബ് ചാനലുകളാണ് നടിയും അവതാരകയുമായ അപർണ തോമസിന്റെ ഉടമസ്ഥതയിലുള്ള അപർണ തോമസ് യുട്യൂബ് ചാനലും നിമ്മി അരുൺ ഗോപന്റെ യുട്യൂബ് ചാനലും. രണ്ടിലും ബ്യൂട്ടി, സ്റ്റൈലിങ് എന്നിവയാണ് പ്രധാനമായും കോണ്ടന്റായി വരുന്നത്.

ഇടയ്ക്ക് ഭർത്താവും കുട്ടിയുമൊത്തുള്ള യാത്രകളുടെ വീഡിയോകളും ഇരുവരും പങ്കുവെക്കാറുണ്ട്. നിമ്മിയും അപർണയും തന്നെയാണ് അവരുടെ യുട്യൂബ് ചാനലിൽ സജീവമായി നിൽക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ഭർത്താവിന്റെ സാന്നിധ്യം ഇരുവരുടെയും ചാനലിൽ കാണുന്നത്.
ഇപ്പോഴിതാ ബിഹൈൻവുഡ്സ് സംഘടിപ്പിച്ച ഡിജിറ്റൽ ക്യൂൻ കോണ്ടസ്റ്റുമായി ബന്ധപ്പെട്ട സംവാദത്തിൽ നിമ്മിയും ഭർത്താവ് അരുണും അപർണയും ജീവയും പങ്കെടുത്ത് സംസാരിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. യുട്യൂബേഴ്സ് കുടുംബത്തിന്റെ സ്വകാര്യത വിറ്റ് കാശാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് ഇരുവരും നൽകിയത്.
'സ്വകാര്യത ഒന്നും വിറ്റ് കാശാക്കാറില്ല. അത് വളരെ സ്വകാര്യമായുള്ളതല്ലേ. ഞങ്ങൾ കാണിക്കുന്നത് സ്വകാര്യതയാണോ എന്നത് നിങ്ങൾക്ക് അറിയില്ലല്ലോ. അതുപോലെ തന്നെ ബാഡ് വൈബിൽ ഇരിക്കുന്ന സമയത്ത് വീഡിയോകൾ ചെയ്യാറില്ല.'
'നമ്മൾ ചെയ്യുന്നത് കണ്ട് ആളുകൾക്ക് എന്തെങ്കിലും മാറ്റം വരും എന്നുള്ളതാണ് ഞങ്ങൾ വീഡിയോയായി ചെയ്യുന്നതെന്ന്', നിമ്മിയും അരുൺ ഗോപനും പറഞ്ഞു. സ്വകാര്യത തങ്ങൾക്ക് മാത്രമാണുള്ളതെന്നും ഇരുവരും കൂട്ടിച്ചേർത്തു. ആളുകൾക്ക് സന്തോഷം നൽകുന്ന വീഡിയോകൾ ചെയ്യാനാണ് ശ്രമിക്കാറുള്ളതെന്നും ഇരുവരും പറഞ്ഞു.

'സങ്കടപ്പെടാൻ വേണ്ടി ആരും യുട്യൂബ് വീഡിയോകൾ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങൾ ചെയ്യുന്ന വീഡിയോകൾ കണ്ട് ആർക്കെങ്കിലും ഒരു നിമിഷം അവരുടെ പ്രശ്നങ്ങൾ മറക്കാൻ സാധിച്ചാൽ നല്ലതെന്ന് ചിന്തിച്ചാണ് ഞങ്ങൾ വീഡിയോകൾ ചെയ്യാറുള്ളത്.'
'നമ്മുടെ ചാനലിലൂടെ പ്രേക്ഷകർ എന്ത് കാണണമെന്ന് നമ്മൾ തീരുമാനിച്ചത് മാത്രമെ ഇതുവരെ പ്രേക്ഷകർ കണ്ടിട്ടുള്ളു. ഒന്നും എക്സ്ട്രായില്ല. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ ചാനൽ കാണുന്നത്. അവരോട് എന്നും ഞങ്ങൾക്ക് ബഹുമാനമുണ്ട്. അതിന് അനുസരിച്ചാണ് വീഡിയോ ചെയ്യുന്നത്', എന്നാണ് അപർണയും ജീവയും പറഞ്ഞത്.
ഒരുകാലത്ത് തരംഗമായി മാറിയ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. ഇരുവർക്കും 2021ലാണ് കുഞ്ഞ് പിറന്നത്. ആദ്യമായി അമ്മയായവർക്കും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കും വേണ്ടി ആ സമയത്ത് നിമ്മി നിരവധി വീഡിയോകൾ ചെയ്തിരുന്നു.
പലർക്കും തന്റെ വീഡിയോകൾ പ്രയോജനപ്പെട്ടുവെന്ന് പിന്നീട് താൻ അറിഞ്ഞുവെന്നും നിമ്മി പറഞ്ഞിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുണ്ടായിരുന്ന യുട്യൂബ് ചാനൽ അപർണയ്ക്കും ജീവയ്ക്കും നഷ്ടപ്പെട്ട് പോയിരുന്നു. അഞ്ച് മാസത്തോളം വീഡിയോ ഒന്നും തന്നെ ഇരുവരും ചെയ്തിരുന്നില്ല. അടുത്തിടെയാണ് വീണ്ടും ഇരുവരും യുട്യൂബ് ചാനൽ ആരംഭിച്ചത്. കുറഞ്ഞ നാളുകൾക്കുള്ളിൽ അതിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിക്കുകയും ചെയ്തു.


Click it and Unblock the Notifications











